കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് പോര്‍മുഖം പുതിയ തലത്തിലേയ് ക്കെത്തുന്നു. ജില്ലയില്‍ 11 മണ്ഡലങ്ങളില്‍ എല്‍ഡിഎഫില്‍ നിന്ന് സിപിഎം മല്‍സരിക്കുന്ന കല്ല്യാശ്ശേരി, തളിപ്പറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, തലശ്ശേരി, ധര്‍മടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്കാണ് പാര്‍ട്ടി അംഗീകാരം നല്‍കിയത്.
യഥാക്രമം ടി വി രാജേഷ്, ജെയിംസ് മാത്യു, ഇ പി ജയരാജന്, കെ കെ ശൈലജ, എ എന്‍ ഷംസീര്‍, പിണറായി വിജയന് എന്നിവരാണ് ജനവിധി തേടി മല്സരച്ചൂടിലിറങ്ങുന്നത്. ഇതില്‍ പിണറായി വിജയന് മല്‍സരിക്കുന്ന ധര്‍മടം മണ്ഡലത്തിലെ പോര് ദേശീയ ശ്രദ്ധയാകര്‍ഷിക്കും.
കോണ്‍ഗ്രസില്‍ പേരൂവൂര്, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കുറിച്ച് ഏതാണ്ട് ധാരണയായിട്ടുണ്ട്. സിറ്റിങ് എംഎല്‍എമാരായ സണ്ണി ജോസഫും കെ സി ജോസഫും മല്‍സരിക്കും. അഴീക്കോട്ട് കെ എം ഷാജിയുടെ സ്ഥാനാര്‍ഥിത്വത്തിനും നേരത്തേ ലീഗ് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇരിക്കൂറില്‍ കെ സി ജോസഫിനെതിരേ ഉയര്‍ന്ന പ്രതിഷേധം നേതൃത്വത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുമോയെന്നും കണ്ടറിയണം.
കണ്ണൂര്‍ മണ്ഡലത്തില്‍ കോ ണ്‍ഗ്രസിന്റെ ആശയക്കുഴപ്പം ഇതുവരെ അവസാനിച്ചിട്ടില്ല. മണ്ഡലത്തില്‍ പരിഗണിക്കണമെന്ന് കെ സുധാകരനും അബ്ദുല്ലക്കുട്ടിയും പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുപേരെയും മാറ്റി പകരം മറ്റൊരാളെ മല്‍സരിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.
ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനാണ് കണ്ണൂരില്‍ കണ്ണുവച്ച മുന്നാമന്‍. ഇതിനിടെ, കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തി ഉദുമ മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള സന്നദ്ധത സുധാകരന് കാസര്‍കോട് ഡിസിസിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ കണ്ണൂര്‍ മണ്ഡലത്തില്‍ ആരാകും സ്ഥാനാര്‍ഥിയെന്ന ആകാംക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. എ പി അബ്ദുല്ലക്കുട്ടിയെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് എ-ഐഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവര്‍ത്തകരുടെ വികാരം.
അതേസമയം പയ്യന്നൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതില്‍ സിപിഎമ്മും ആശയക്കുഴപ്പത്തിലാണ്. രണ്ടാം തവണയും കെ എം ഷാജി മല്‍സരിക്കുന്ന അഴീക്കോട്ട് എല്‍ഡിഎഫില്‍ നിന്ന് ആരു മല്‍സരിക്കണമെന്ന് ഇതുവരെ ഒരുരൂപവും ഉരുത്തിരിഞ്ഞിട്ടില്ല. കെ എം ഷാജിയില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ പറ്റിയ എതിരാളിയെ തിരയുകയാണ് എല്‍ഡിഎഫ്.
മുന്‍മന്ത്രി എം വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം വി നികേഷിനെ മല്‍സരിപ്പിക്കണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ നികേഷിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നതിനെ കുറിച്ച് അദ്ദേഹം കൃത്യമായ നിലപാടെടുത്തിട്ടില്ല.
എല്‍ഡിഎഫില്‍ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍, കോണ്‍ഗ്രസ്(എസ്), സിപിഐ പാര്‍ട്ടികള്‍ മല്‍സരിച്ച കൂത്തുപറമ്പ്, കണ്ണൂര്‍, ഇരിക്കൂര്‍ കാര്യത്തിലും അതത് പാര്‍ട്ടികളില്‍ തീരുമാനമായില്ല. പയ്യന്നൂരില്‍ സിറ്റിങ് എംഎല്‍എ സി കൃഷ്ണനെ തന്നെ മല്സരിപ്പിക്കാ ന് പാര്‍ട്ടി തീരുമാനമായി.
2011ല്‍ ഐഎന്‍എല്‍ മല്‍സരിച്ച കൂത്തുപറമ്പില്‍ ഇക്കുറി സിപിഎം സ്ഥാനാര്‍ഥിയായിരിക്കും ജനവിധി തേടുക. ജില്ലാ സെക്രട്ടേറിയറ്റംഗം എം സുരേന്ദ്രന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.