|    Dec 12 Tue, 2017 10:08 am

പോരുവഴിയില്‍ രണ്ട് കുടിവെള്ള പദ്ധതികളുണ്ടായിട്ടും പ്രയോജനമില്ലെന്ന് പരാതി

Published : 25th August 2016 | Posted By: SMR

കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തില്‍ രണ്ട് കുടിവെള്ള പദ്ദതികളുണ്ടായിട്ടും യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകാര്‍. രണ്ട് പദ്ധതികളാണ് പോരുവഴി പഞ്ചായത്തുകാര്‍ക്ക് കുടിവെള്ളം നല്‍കുന്നത്. നരിച്ചിറ പദ്ധതിയും മണ്ണാറോഡ് അംബേദകര്‍ കോളനിയിലെ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയും. രണ്ടിന്റെയും ആയുസ് ഏകദേശം തീര്‍ന്ന മട്ടാണ്. മുപ്പത് വര്‍ഷം മുമ്പാണ് നൂറോളം വീടുകള്‍ക്കായി പോരുവഴി തെക്ക് അമ്പലത്തുംഭാഗത്ത് നരിച്ചിറ കുടിവെളള പദ്ധതി ആരംഭിച്ചത്. പദ്ധതിക്ക് വേണ്ടി വെള്ളമെടുക്കുന്ന കുളം ഭിത്തികള്‍ തകര്‍ന്നും പായല്‍ വളര്‍ന്നും മാലിന്യം നിറഞ്ഞും കിടക്കുകയാണ്. പായലുള്ളതിനാല്‍ പമ്പിങ് കൃത്യമായി നടക്കാത്താനാകുന്നില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പമ്പിംഗ് നടന്നാല്‍ കിട്ടുന്നതാകട്ടെ മലിനജലവും.
പദ്ധതി തുടങ്ങിയ കാലത്ത് സ്ഥാപിച്ച ആസ്ബസ്‌റ്റോസ് പൈപ്പിലൂടെയാണ് ഇപ്പോഴും കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇടയ്ക്കിടെ ഇത് പൊട്ടിക്കൊണ്ടിരിക്കും. അപ്പോള്‍ അവിടെ മാത്രം പിവിസി പൈപ്പിടും. പൈപ്പ് പൊട്ടുമ്പോള്‍ പുറമെ നിന്നുള്ള മാലിന്യം കൂടി കുടിവെള്ളത്തില്‍ കലരും. നരിച്ചിറ പദ്ധതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. പക്ഷേ, പണിയൊന്നും നടത്താത്തതിനാല്‍ തുക പാഴായി.
നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ ചെലവഴിച്ച് കല്ലടയാറ്റില്‍ നിന്ന് ജലമെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് നേരത്തെ പറഞ്ഞ് കേട്ടിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് ആര്‍ക്കും അറിയില്ല. ഇടയ്ക്കാട് മണ്ണാറോഡ് പട്ടികജാതി കോളനിവാസികള്‍ കുടിവെള്ളം കിട്ടാതെ വലയുകയാണ്. ഇവിടെ 2004 ല്‍ സ്ഥാപിച്ച രാജീവ്ഗാന്ധി കുടിവെളള പദ്ധതി കൃത്യമായി പ്രവര്‍ത്തിച്ചത് ഒരു വര്‍ഷം മാത്രം. അശാസ്ത്രീയമായി പൈപ്പ് സ്ഥാപിച്ചത് കാരണമാണ് പദ്ധതിയില്‍ നിന്ന് കൃത്യമായി വെള്ളം കിട്ടാത്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയില്‍ ഇപ്പോള്‍ അശേഷിക്കുന്നത് മാലിന്യം നിറഞ്ഞ കിണറും വാതില്‍ പോലുമില്ലാത്ത പമ്പ് ഹൗസും മാത്രമാണ്. മോട്ടോര്‍ ആരോ കടത്തിക്കൊണ്ട് പോയി. നാട്ടുകാര്‍ പിരിവെടുത്ത് ശമ്പളം നല്‍കിയിരുന്ന പമ്പ് ഓപറേറ്ററെയും കാണാനില്ല. പോരുവഴിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക