|    Jul 22 Sun, 2018 1:12 am
FLASH NEWS

പോരാട്ട ചരിത്രത്തിലെ അടയാളമായി ചിങ്കക്കല്ല് പാറയും ഗുഹയും

Published : 12th August 2017 | Posted By: fsq

 

കുഞ്ഞുമുഹമ്മദ് കാളികാവ്

കാളികാവ്: ഏറനാടന്‍ വീരസിംഹം വാരിയം കുന്നത്ത് ഒളിച്ചു പാര്‍ത്ത ചിങ്കക്കല്ല് ഗുഹയും പാറയും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏട്. പോരാട്ട വീര്യത്തിന്റെ നേര്‍സാക്ഷ്യമായ പാറ ചരിത്രാന്വേഷികള്‍ക്ക് ഊര്‍ജം നല്‍കും. ടിപ്പുവിന്റെ മലബാര്‍ പടയോട്ടം നടന്ന മണ്ണില്‍ വീണ്ടും സാമ്രാജ്യത്വ പോരാട്ടം തീര്‍ത്തതില്‍ മുമ്പനായ വാരിയര്‍കുന്നത്ത് അഹമ്മദ് ഹാജിയുടെ പോരാട്ടത്തിന്റെ അന്ത്യംകണ്ട മണ്ണാണ് ചോക്കാടിന്റേത്. സന്ധിയില്ലാതെ യുദ്ധം പ്രഖ്യാപിച്ച വാരിയന്‍കുന്നത്തിനെ വെള്ളപ്പട ചതിയില്‍ വീഴ്ത്തി പിടികൂടയത് ചോക്കാടിനടുത്ത ചിങ്കക്കല്ല് മലവാരത്തില്‍നിന്നുമാണെന്നാണ് ചരിത്രം. ആലി മുസ്‌ല്യാര്‍ക്കൊപ്പം ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരേ ധീരോദാത്തം പോരാടിയ കുഞ്ഞഹമ്മദാജി 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂലയില്‍വച്ച് ബിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയില്‍ വീണത്. ബ്രിട്ടീഷ് വാഴ്ചകള്‍ക്കെതിരേ മാപ്പിളമാരുടെ സമാന്തര സര്‍ക്കാര്‍ എന്ന ആശയം ഉയര്‍ന്നപ്പോള്‍ വാരിയന്‍കുന്നത്തായിരുന്നു ഈ നീക്കത്തിന് ചുക്കാന്‍പിടിച്ചത്. പാണ്ടിക്കാട് വച്ച് ഇതിനായി പ്രത്യേക സമ്മേളനം നടത്തി. നിലമ്പൂര്‍, പന്തല്ലുര്‍, തുവ്വൂര്‍ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു. ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് മണ്ണാര്‍ക്കാടിന്റേയു ആലി മുസ്‌ല്യാര്‍ക്ക് തിരൂരങ്ങാടിയുടേയും വള്ളുവനാട്ടിലെ ബാക്കി പ്രദേശങ്ങളുടെ ചുമതല സീതിക്കോയ തങ്ങള്‍ക്കും ലഭിച്ചു. വാരിയന്‍കുന്നത്തിനെ ഏതു വിധേനയും പിടികൂടുക എന്ന ലക്ഷ്യവുമായി മലാബാര്‍ പോലിസ് സൂപ്രണ്ട് ഹിച്ച് കോക്ക് ‘ബാറ്ററി ‘എന്ന പേരില്‍ പ്രത്യേക സേന തന്നെ രൂപീകരിച്ചു. കല്ലാമൂല വെള്ളിലക്കാട്ടില്‍ വലിയ പാറയുടെ ചാരെ ഇലകള്‍കൊണ്ടും മറ്റും മൂടിയ താവളത്തിലായിരുന്നു വാരിയന്‍കുന്നത്തും അനുയായികളും കഴിഞ്ഞിരുന്നത്. ചാരന്‍മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയന്‍കുന്നത്തിന്റെ താവളം കണ്ടെത്തി. ബാറ്ററി സേന കല്ലാമൂല മലവാരത്തിലെത്തി. ഒളിവില്‍ പാര്‍ത്തുവന്ന കുഞ്ഞഹമ്മദാജിയേയും 27 അനുയായികളേയും ഈ സേന പിടികൂടി. അനുരഞ്ജന രൂപത്തിലെത്തി കുഞ്ഞഹമ്മദാജിയെ നമസ്‌കരിക്കുന്നതിനിടെ ചതിയില്‍ പിടികൂടുകയായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് കാളികാവ് പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കാല്‍നടയായും കുതിരവണ്ടിയിലുമായി അടുത്ത ദിവസ മലപ്പുറത്തെത്തിച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20ന് രാവിലെ പത്തോടെ മലപ്പുറം കോട്ടക്കുന്നില്‍ വച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മാദാജിയെ വെടിവച്ച്  കൊല്ലുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss