|    May 22 Tue, 2018 1:23 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പോരാട്ടമല്ലാതെ പോംവഴിയില്ല

Published : 26th October 2016 | Posted By: SMR

മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിട്ടുള്ളത്. മാധ്യമപ്രവര്‍ത്തനം അഭംഗുരം തുടരാന്‍ പ്രതിജ്ഞാബദ്ധനായ ഈ മുഖ്യമന്ത്രി അതേദിവസം തന്നെ മറ്റൊരു കാര്യം കൂടി നിയമസഭയില്‍ വെളിപ്പെടുത്തി- തേജസ് പത്രത്തിനു സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. കാരണം, പത്രധര്‍മത്തിനു വിരുദ്ധമായതും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതും മതവിദ്വേഷം വളര്‍ത്തുന്നതും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമായ പത്രമാണ് തേജസ്. തേജസിലെ വാര്‍ത്തകളും മുഖപ്രസംഗങ്ങളും വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലുള്ളതാണ്. പത്രധര്‍മത്തിനു വിരുദ്ധമായ നിലപാടാണിത്. അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചത്.
ഇങ്ങനെയൊക്കെ പറയുന്ന മുഖ്യമന്ത്രി, അതിനു വസ്തുതാപരമായ യാതൊരു പിന്തുണയും നല്‍കുന്നില്ല. കാടടച്ചു വെടിവയ്ക്കുന്നു എന്നല്ലാതെ എപ്പോള്‍, എങ്ങനെ, ഏതു വിഷയത്തിലാണ് തേജസ് തീവ്രവാദം പ്രോല്‍സാഹിപ്പിക്കുകയും മതവിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് എന്നദ്ദേഹം പറയുന്നേയില്ല. തേജസിലെ മുഖപ്രസംഗങ്ങള്‍ എപ്പോഴാണ് സാമുദായിക സ്പര്‍ധയുണ്ടാക്കിയത്? എപ്പോഴാണ് തേജസ് വര്‍ഗീയവിഷം ചീറ്റിയത്? ഇതേവരെ പത്രത്തിനെതിരായി അത്തരം കേസുകളൊന്നും ഉണ്ടായിട്ടില്ല. യാതൊരുവിധ നടപടിയും എടുത്തിട്ടുമില്ല. എന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ തന്നെ ഉത്തരവാദപ്പെട്ട നേതാക്കളും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും തന്നെ തേജസ് കൊണ്ടുനടക്കുന്ന പത്രപ്രവര്‍ത്തന മാതൃക അനുകരണീയമാണ് എന്നു പലതവണ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ അധഃസ്ഥിത-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുകയും വര്‍ഗീയ ഫാഷിസത്തിന്റെ കടുംകൈകള്‍ക്കെതിരേ പൊതുസമൂഹത്തെ ബോധവാന്‍മാരാക്കുകയും ചെയ്തതിന്റെ പേരിലാണ് തേജസിന് മലയാളികള്‍ ഈ അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രിക്ക് താന്‍ പറയുന്നതില്‍ ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ പരസ്യം നിഷേധിക്കുന്ന തരംതാണ നടപടിയല്ല കൈക്കൊള്ളേണ്ടത്; പത്രത്തിനെതിരേ കേസെടുക്കുകയാണ്. എന്തുകൊണ്ട് അതു ചെയ്യുന്നില്ല?
ശരിയെന്ന് ദൃഢബോധ്യമുള്ള ചില ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് തേജസ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വഴികളിലൂടെയാണ് തേജസിന്റെ ഓരോ കാല്‍വയ്പും. ഈ ദൗത്യത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യബോധങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുകയാണ് ഞങ്ങള്‍. പരസ്യനിഷേധംകൊണ്ട് ഈ ശക്തിചൈതന്യത്തെ തളര്‍ത്താന്‍ കഴിയുമെന്നാണ്, ഫാഷിസ്റ്റ്‌വിരുദ്ധ സമരത്തില്‍ തേജസിനോടൊപ്പം അണിചേരാന്‍ ചുമതലയുള്ള മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ പ്രിയ സഖാവേ, താങ്കള്‍ക്കു തെറ്റി. പോരാട്ടമല്ലാതെ ഞങ്ങള്‍ക്കു പോംവഴിയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss