|    Apr 23 Mon, 2018 5:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പോരാട്ടഭൂമിയില്‍ ഏറെ മക്കളും തോറ്റു; വിജയിച്ചവരെത്ര…?

Published : 20th May 2016 | Posted By: SMR

പി എ എം ഹനീഫ്

കോഴിക്കോട്: മക്കള്‍ രാഷ്ട്രീയത്തെ 14ാം നിയമസഭാ തിരഞ്ഞെടുപ്പ് അത്രമേല്‍ ഗൗരവത്തോടെ സ്വീകരിച്ചില്ല. ഇത്തവണ ഇലക്ഷനില്‍ 13 മക്കള്‍ മല്‍സരിച്ചു. കഷ്ടിച്ച് കടന്നത് കുറച്ചു പേര്‍ മാത്രം. കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ 7622 വോട്ടിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തറപറ്റിച്ചത് വലിയ നേട്ടം തന്നെ. പത്തനാപുരത്ത് യുഡിഎഫ് സ്ഥാപക നേതാവും ഇക്കുറി എല്‍ഡിഎഫ് കുടിയാനുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ പുത്രന്‍ കെ ബി ഗണേഷ്‌കുമാര്‍ തൊട്ടടുത്ത യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷിനെ 24562 വോട്ടിന് തോല്‍പിച്ചു.
മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ പുത്രന്‍ എം കെ മുനീര്‍ കരപറ്റി. ഐഎന്‍എല്‍ സ്ഥാനാര്‍ഥി പ്രഫ. എ പി അബ്ദുല്‍ വഹാബിനെ തോല്‍പിച്ചത് 6327 വോട്ടിനും. ലീഗ് നേതാവ് കെ അവുക്കാദര്‍കുട്ടി നഹയുടെ പുത്രന്‍ പി കെ അബ്ദുറബ്ബ് ഞെങ്ങിഞെരുങ്ങിയാണെങ്കിലും ഇക്കുറിയും തിരൂരങ്ങാടിയില്‍ നിന്ന് കടന്നു കൂടി. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പ്രശംസിക്കപ്പെട്ട ടി എം ജേക്കബിന്റെ പുത്രന്‍ അനൂപും വിജയിച്ചു. കേരള കിംസിംഗര്‍ ബേബിജോണിന്റെ പുത്രന്‍ മന്ത്രി ഷിബു ബേബിജോണ്‍ തോറ്റു.
കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്ന് 15042 വോട്ടിന് ജയിച്ച ആബിദ് ഹുസയ്ന്‍ തങ്ങള്‍ പ്രഗല്‍ഭ ലീഗ് നേതാവ് മര്‍ഹൂം കെ കെ എസ് തങ്ങളുടെ മകനാണ്
മറ്റു മക്കളൊക്കെ അതി ദയനീയമായി തോറ്റമ്പി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് പി ഗംഗാധരന്‍ നായരുടെ മകള്‍ ധന്യ സുരേഷ് സിപിഐയിലെ ഇ ചന്ദ്രശേഖരനോട് തോറ്റു. കല്യാശ്ശേരി മണ്ഡലത്തില്‍ 42891 എന്ന റെക്കോഡ് ഭൂരിപക്ഷമുള്ള ടി വി രാജേഷ് (സിപിഎം) നോട് അമൃത രാമകൃഷ്ണന്‍ തോറ്റു. 40115 വോട്ടു മാത്രമേ കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ശക്തിമാനായിരുന്ന എന്‍ രാമകൃഷ്ണന്റെ മകള്‍ക്ക് ലഭിച്ചുള്ളൂ. കേരള രാഷ്ട്രീയത്തിലെ പടവാള്‍’ എന്നും മറ്റും അറിയപ്പെട്ടിരുന്ന എം വി രാഘവന്റെ പുത്രന്‍ നികേഷ്‌കുമാറിനും അടിതെറ്റി. ബിജെപിക്ക് വോട്ടു ബാങ്കുള്ള പുതിയ’തെരു, ചിറക്കല്‍ അടക്കം ബൂത്തുകള്‍’എണ്ണിത്തീര്‍ന്നപ്പോള്‍ മുസ്‌ലിം ലീഗിലെ കെ എം ഷാജി ഒറ്റക്കുതിപ്പായിരുന്നു. ഫലം! 2287 വോട്ടിന് നികേഷ് തോറ്റു. വോട്ടു തേടി കിണറ്റില്‍ ഇറങ്ങിയതു മാത്രം മിച്ചം.
മന്ത്രിസഭാ അംഗം ആയിരുന്നെങ്കിലും കെ പി മോഹനന്‍ പഴയ കളരിയാശാന്‍ പി ആര്‍ കുറുപ്പിന്റെ മകന്‍ എന്നത് കൂത്തുപറമ്പ് സമ്മതിദായകര്‍ക്ക് മനപ്പാ ഠം. സിപിഎമ്മിലെ കെ കെ ശൈലജ ടീച്ചറുടെ പൂഴിക്കടകനില്‍ മോഹനന്‍ താനെ പിടഞ്ഞുവീണു. കല്‍പ്പറ്റ എം പി വീരേന്ദ്രകുമാറിനും പുത്രനും സ്വന്തം മണ്ണു തന്നെ പക്ഷെ; വീരേന്ദ്രകുമാര്‍ നിനച്ചിരിക്കാതെ രാജ്യസഭ സീറ്റ് നേടിയതിനാലാവാം ശ്രേയാംസ് കുമാര്‍ ഭംഗിയായി തോറ്റു. വാര്‍ധക്യസഹജമായ പല അസ്‌കിതകളും ബാധിച്ചിരുന്നതിനാല്‍ ആര്യാടന്‍ മുഹമ്മദ് പുത്രന്‍ ഷൗക്കത്തിനെയാണ് ഗോദയില്‍ ഇറക്കിയത്. ആര്യാടന്‍മാരുടെ കുടുംബവാഴ്ച പൊളിക്കാന്‍ മുന്നിട്ടിറങ്ങിയ ധനാഢ്യനായ പി വി അന്‍വര്‍ 14ാം സഭയിലേക്ക് നടന്നു കയറുന്നു. തൃശൂരില്‍ വി എസ് സുനില്‍കുമാറിനോട് ഏറ്റുമുട്ടാന്‍ ഇറങ്ങിയപ്പോഴേ കെ കരുണാകരന്റെ പുത്രി പത്മജ വേണുഗോപാല്‍ ധൈര്യപൂര്‍വം പറഞ്ഞു.
‘പതിനാലാം നിയമസഭയി ല്‍ ഞങ്ങള്‍ രണ്ടു പേരും ഉണ്ടാവും….
പാഴ്‌വാക്കായി പത്മജയുടെ പറച്ചില്‍. ജ്യേഷ്ഠന്‍ മുരളി നല്ലൊരങ്കം കഴിഞ്ഞ് സഭയിലെത്തി. പക്ഷെ; പത്മജ 6987 വോട്ടിന് ക്ലീനായി തോറ്റു. ആദ്യ നിയമസഭാംഗമായിരുന്ന ആര്‍ പ്രകശത്തിന്റെ മകള്‍ ജമീലാ പ്രകാശും തോറ്റവരില്‍പെടുന്നു
പി കെ വാസുദേവന്‍ നായരുടെ പുത്രി ശാരദാ മോഹനും മുന്‍ മന്ത്രി പി കെ കുഞ്ഞിന്റെ പുത്രന്‍ ഷേക്ക് പി ഹാരിസും പരാജയം രുചിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss