|    Apr 22 Sun, 2018 11:54 pm
FLASH NEWS
Home   >  Kerala   >  

പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല,മത്സരിച്ചത് ചരിത്രപരമായ ഉത്തരവാദിത്വം;വിഎസ്

Published : 22nd May 2016 | Posted By: mi.ptk

 

VSതിരുവന്തപുരം: ഇതുവരെയുള്ള തന്റെ പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നും തന്റെ കൊക്കില്‍ ശ്വാസമുള്ളിടത്തോളം വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടങ്ങള്‍ തുടരുമെന്നും വിഎസ് അച്ചുതാനന്ദന്‍.കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പില്‍ തനിക്ക് ചരിത്രപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു അതുകൊണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് മത്സരിക്കാന്‍ തയ്യാറായതെന്നും വിഎസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇടതുമുന്നണിയുടെ ജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വിഎസ് ഒരിക്കല്‍കൂടി നന്ദി അറിയിക്കുകയും ചെയ്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ ഇടതു മുന്നണി ജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പില്‍ എനിക്ക് ചരിത്രപരമായ ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് മത്സരിക്കാന്‍ തയ്യാറായതും ഇതുകൊണ്ടാണ്. ദേശീയ തലത്തില്‍ വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്നും ഭീതിദമായ വെല്ലുവിളിയാണ് ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്നത്.ഇതിനെ പ്രതിരോധിക്കേണ്ട
ഇടതു പക്ഷത്തിന്റെ നില പാര്‍ട്ടി ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ ബംഗാളില്‍ അടക്കം അത്ര ഭദ്രവും അയിരുന്നില്ല. വര്‍ഗീയതയെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയും അതിന്റെ വളര്‍ച്ചയ്ക്ക് ഒത്താശയും ചെയ്യുന്ന യു.ഡി.എഫ് ആണ് കേരളം ഭരിച്ചിരുന്നത്. കേരള സമൂഹത്തെ മാനവിക വിപ്‌ളവത്തിലേക്ക് നയിച്ച ശ്രീനാരായണ ഗുരുവിന്റെ പേരു പോലും ദുരപയോഗപ്പെടുത്തി സാധാരണ ജനങ്ങളെ ചേരി തിരിക്കാനായി വര്‍ഗീയ വിഷം ചീറ്റാന്‍ ചില മുതലാളിമാരും ശ്രമം ശക്തമാക്കിയിരുന്നു. അഴിമതി തുടരാന്‍ വേണ്ടി എല്ലാത്തരം വര്‍ഗ്ഗീയ ശക്തികളെയും അകമഴിഞ്ഞ് സഹായിക്കുന്ന ഈ സര്‍ക്കാര്‍ തുടര്‍ന്നാല്‍ കേരളത്തെ വിറ്റുതുലയ്ക്കും എന്നു മാത്രമല്ല കേരളത്തില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി ആ വിഷമരം വളരാന്‍ അവസരവും നല്‍കിയേനെ. കേരളത്തെ വിഴുങ്ങാനായി വാ പിളര്‍ന്നു നില്‍ക്കുന്ന ഈ വിഷപാമ്പിന്റെ പിടിയില്‍ നിന്നും ഭാവി തലമുറയെ രക്ഷിക്കാന്‍ കേരളത്തില്‍ ഇടത് ഭരണം വരേണ്ടത് അനിവാര്യമായിരുന്നു. ദേശീയ തലത്തില്‍
വര്‍ഗീയതയ്ക്ക് എതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമര ശക്തി നിലനിര്‍ത്താനും കേരളത്തിലെ ഇടത് വിജയം അനിവാര്യമായിരുന്നു. ഇത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തിലാണ് കേരളത്തില്‍ ഇടത് ഭരണം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തത്. ഏഴര പതിറ്റാണ്ട് കാലമായി അവിശ്രമം ചെങ്കൊടി പിടിക്കുന്ന എന്റെ കടമയായിരുന്നു അത്. എന്റെ കൂടി എളിയ പങ്കാളിത്തത്തില്‍ മാറ്റിമറിക്കപ്പെട്ട കേരള സമൂഹത്തോടും അതിന് നേതൃത്വം നല്‍കിയ എന്റെ പാര്‍ട്ടിയോടും ഈ പോരാട്ടത്തിന് എന്നും പിന്തുണയും ഐക്യദാര്‍ഡ്യവും നല്‍കിയ ജനങ്ങളോടുമുളള കടമ. അതു നിര്‍വഹിക്കാനായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചും നവമാദ്ധ്യമങ്ങള്‍ വഴിയും പോരാട്ടം നടത്തി. ഉമ്മന്‍ ചാണ്ടി മുതല്‍ നരേന്ദ്ര മോദിവരെയുളള കളളക്കൂട്ടങ്ങളെ തുറന്നു കാട്ടാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ എന്നെ ടാര്‍ജറ്റ് ചെയ്ത് ആക്രമിക്കാനും കേസില്‍ കുടുക്കാനുമാണ് അവര്‍ ശ്രമിച്ചത്.
എന്നും പോര്‍മുഖങ്ങളില്‍ എന്നെ പിന്തുണച്ച ജനങ്ങള്‍ ഇത്തവണയും വലിയ പിന്തുണയാണ് നല്‍കിയത്. 91 സീറ്റിലെ ഉജ്ജ്വല വിജയം നല്‍കിയാണ് ജനങ്ങള്‍ ഇടതു മുന്നണിയെ സ്വീകരിച്ചത്. ഇതുവരെയുള്ള എന്റെ പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. എന്റെ കൊക്കില്‍ ശ്വാസമുളളിടത്തോളം പോരാട്ടം തുടരും. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടങ്ങള്‍… കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടിയുളള പോരാട്ടങ്ങള്‍…

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss