|    Jan 17 Tue, 2017 6:17 am
FLASH NEWS

പോരാട്ടം യുവാക്കളും ‘തലനരയ്ക്കാത്ത യൗവന’ങ്ങളും തമ്മില്‍

Published : 14th March 2016 | Posted By: sdq

കെ സനൂപ്

പാലക്കാട്: 40 ഡിഗ്രി ചൂടിലും തളരാതെ ജില്ലയിലെ വോട്ടര്‍മാര്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ പാലക്കാട്ടെ നാലു നിയോജക മണ്ഡലങ്ങള്‍ ശ്രദ്ധാകേന്ദ്രമാവും.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതിനിധീകരിക്കുന്ന മലമ്പുഴ, ഷാഫി പറമ്പില്‍ വീണ്ടും അങ്കത്തിനിറങ്ങുന്ന പാലക്കാട്, ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ പ്രശസ്തി നേടിയ ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ കന്നിയങ്കത്തിനിറങ്ങുന്ന പട്ടാമ്പി, ഹരിത എംഎല്‍എ വി ടി ബല്‍റാമിന്റെയും യുവനേതാവ് എം സ്വരാജിന്റെയും ബലപരീക്ഷണത്തിന് വേദിയാകുന്ന തൃത്താല എന്നീ മണ്ഡലങ്ങളിലാണ് ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുക.
വി എസ് മലമ്പുഴയില്‍ മല്‍സരിക്കാനെത്തുമ്പോള്‍ 93ന്റെ യൗവനത്തെ തോല്‍പ്പിക്കാന്‍ മറ്റു മുന്നണികള്‍ ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്ന് തീര്‍ച്ച.
യുവ എംഎല്‍എ, കെഎസ്‌യുവിന്റെ മുന്‍ അമരക്കാരന്‍, യൂത്ത് കോണ്‍ഗ്രസ്സിലെ സമുന്നതന്‍, ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഷാഫി പറമ്പിലും ഒരുകാലത്ത് സിപിഎം യുവനിരയുടെ തേരാളിയായിരുന്ന മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസും നേര്‍ക്കുനേര്‍ വരുന്നത് പാലക്കാടിനെ ശ്രദ്ധാകേന്ദ്രമാക്കും.
സംസ്ഥാന കോര്‍ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് മേല്‍ അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് പാലക്കാട് ഏതുരീതിയിലുള്ള തിരിച്ചടിയാവും വിമതര്‍ നല്‍കുകയെന്നതും കാത്തിരുന്നു കാണണം.
ബിജെപിയുടെ വര്‍ഗീയ ഫാഷിസത്തിനെതിരേ പോരാട്ടം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായെത്തുന്നത് 15 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ് എംഎല്‍എ സി പി മുഹമ്മദിന് വെല്ലുവിളി ഉയര്‍ത്തും. തൃത്താലയില്‍ വി ടി ബല്‍റാമിനെതിരേ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ അങ്കത്തിനിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.
അതേസമയം മലമ്പുഴയില്‍ വി എസിനെതിരേ യുഡിഎഫും എന്‍ഡിഎയും ആരെ നിര്‍ത്തുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞതവണ പട്ടാമ്പിയില്‍ മല്‍സരിച്ച് പരാജയപ്പെട്ട സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ഇത്തവണ പട്ടാമ്പിയോ മണ്ണാര്‍ക്കാടോ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ച് പട്ടാമ്പിയില്‍ സിപി മുഹമ്മദിനെതിരേ മുഹമ്മദ് മുഹ്‌സിന്‍ ആയിരിക്കുമെന്ന് ഏറക്കുറേ ഉറപ്പാണ്.
സ്ഥാനാര്‍ഥികളായി എം സ്വരാജ്, മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തൃത്താല മണ്ഡലത്തിലെ സിപിഎം നേതാക്കള്‍ തമ്മിലുള്ള ഉള്‍പ്പോരാണ് എം സ്വരാജിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം വൈകാന്‍ കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 99 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക