|    Dec 15 Sat, 2018 2:58 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പോരാട്ടം ബദല്‍ നയം മുന്‍നിര്‍ത്തി

Published : 9th September 2018 | Posted By: kasim kzm

ഡോ. വര്‍ഗീസ് ജോര്‍ജ്

രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം തിരിച്ചറിയുമ്പോഴാണ് ഉചിതമായ പ്രതികരണത്തിന്റെ അനിവാര്യത അനുഭവവേദ്യമാവുന്നത്. ഗ്രാമീണമേഖലയുടെ സാര്‍വത്രിക തകര്‍ച്ച, കൃഷിക്കാരുടെ പെരുകുന്ന ആത്മഹത്യ, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തുടങ്ങിയവ പൊതുവില്‍ കാണുന്ന ലക്ഷണങ്ങളാണ്. സാമ്പ്രദായിക സാമ്പത്തിക സൂചികകളും ഈ പ്രതിസന്ധിയുടെ രൂക്ഷതയെ ശരിവയ്ക്കുന്നു. പിന്നിട്ട സാമ്പത്തിക വര്‍ഷം ആദ്യത്തെ അര്‍ധപകുതിയില്‍ വളര്‍ച്ച ഒന്നര ശതമാനം കുറഞ്ഞുവെന്ന് ഗവണ്‍മെന്റ് തന്നെ സമ്മതിച്ചു. വിദേശ കടം 495 ബില്യന്‍ ഡോളര്‍ കവിഞ്ഞു. കഴിഞ്ഞ കൊല്ലം ഏപ്രില്‍-ഡിസംബര്‍ കാലഘട്ടത്തില്‍ വ്യാപാര കമ്മിയില്‍ 118 ബില്യന്‍ ഡോളറിന്റെ വിടവുണ്ടായി. വിദേശനാണ്യശേഖരം 400 ബില്യന്‍ ഡോളര്‍ കവിഞ്ഞെങ്കിലും അതില്‍ കൂടുതലും ഓഹരിവിപണിയിലെ നിക്ഷേപമായിരുന്നു. കയറ്റുമതിയിലൂടെയോ വിദേശത്തു നടത്തിയ നിക്ഷേപങ്ങളിലൂടെയോ ഇന്ത്യാ ഗവണ്‍മെന്റ് സമ്പാദിച്ച വിദേശനാണ്യശേഖരമല്ല അത്. പലിശനിരക്കുകളുടെ ചാഞ്ചാട്ടമനുസരിച്ച് ഏത് അവസരത്തിലും പിന്‍വലിക്കപ്പെടാവുന്ന ഓഹരിവിപണി നിക്ഷേപമാണത്. നോട്ടു നിരോധനവേളയില്‍ 63 രൂപയ്ക്ക് ഒരു ഡോളര്‍ ലഭ്യമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 72. 10 രൂപയായിട്ടുണ്ട്. കുത്തകകള്‍ക്കായി കേന്ദ്ര ബജറ്റിലെ കണക്കുകള്‍ അനുസരിച്ച് നികുതിയിനത്തില്‍ വരാനുള്ളത് എഴുതിത്തള്ളിയത് അഞ്ചു ലക്ഷം കോടി രൂപയാണെന്നു കാണുന്നു. കോര്‍പറേറ്റ് നികുതി ആനുകൂല്യങ്ങള്‍, കോര്‍പറേറ്റ് നികുതി സൗജന്യങ്ങള്‍, കസ്റ്റംസ് ഡ്യൂട്ടി സൗജന്യങ്ങളും ആനുകൂല്യങ്ങളും, ഇറക്കുമതി നികുതി ആനുകൂല്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അത്യുദാരമായി ഇത്രയും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും സ്വകാര്യ മൂലധന നിക്ഷേപം മന്ദീഭവിച്ചുനില്‍ക്കുകയും ചെയ്യുന്നു. കേന്ദ്ര ഗവണ്‍മെന്റ് അനുധാവനം ചെയ്യുന്ന സാമ്പത്തിക നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യാഘാതം രാജ്യത്തു വര്‍ധിച്ചുവരുന്ന അസമത്വമാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ അതിധനികരുടെ വരുമാനത്തില്‍ 840 ശതമാനം വര്‍ധന ഉണ്ടായെങ്കില്‍ താഴേത്തട്ടിലുള്ളവരുടെ വരുമാനത്തില്‍ 10 മുതല്‍ 15 ശതമാനം വരെയാണ് വര്‍ധനയെന്ന് ഇപിഡബ്ല്യൂയിലെ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ബസുവിന്റെയും നാഗരാജിന്റെയും പഠനങ്ങള്‍ അനുസരിച്ച് മൂന്നു ലക്ഷം കൃഷിക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി ആത്മഹത്യ ചെയ്തിട്ടുണ്ട്. നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ സ്ഥിതിവിവരക്കണക്കുകളും ഇതു ശരിവയ്ക്കുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തെ പി സായിനാഥ് വിശേഷിപ്പിക്കുന്നത് ‘കൃഷിക്കാരുടെ ശവപ്പറമ്പ്’ എന്നാണ്. കൃഷിക്കാരുടെ സ്ഥിതിവിശേഷങ്ങള്‍ അവലോകനം ചെയ്ത മിക്ക പഠനങ്ങളും കാണിക്കുന്നത് കടം കയറിയാണ് ആത്മഹത്യകളില്‍ കൂടുതലും എന്നാണ്. കാല്‍ നൂറ്റാണ്ടു മുമ്പ് ആഭ്യന്തര ഉല്‍പാദനത്തില്‍ കാര്‍ഷിക മേഖലയുടെ പങ്ക് 50 ശതമാനമായിരുന്നെങ്കില്‍ ഇന്നതു നേരെ പകുതിയായി കുറഞ്ഞിരിക്കുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപയും ഐസിഐസിഐ ബാങ്കില്‍ നിന്നു 3400 കോടി രൂപയും അതിധനികര്‍ കബളിപ്പിച്ചുകൊണ്ടുപോവുകയും റിസര്‍വ് ബാങ്ക് നിഷ്‌ക്രിയമായിരിക്കുകയും ചെയ്യുമ്പോള്‍ കടം കയറിയ കൃഷിക്കാരുടെ ഒരു രൂപ പോലും എഴുതിത്തള്ളാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തയ്യാറായില്ല. കടക്കെണിയില്‍ ശരണം നഷ്ടപ്പെട്ട കൃഷിക്കാരുടെ പ്രക്ഷോഭം നമ്മുടെ സാമ്പത്തിക രാഷ്ട്രീയത്തില്‍ ഒരു പുതിയ ഘട്ടം തുറന്നിരിക്കുകയാണ്. രാജ്യത്ത് മുമ്പും കൃഷിക്കാരുടെ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. ചരണ്‍സിങ്, ടിക്കായത്ത്, നഞ്ചുണ്ടസ്വാമി, ശരത് പാട്ടീല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അത്. താരതമ്യേന ധനിക കൃഷിക്കാരുടെ പ്രശ്‌നങ്ങളായിരുന്നു അവര്‍ ഉന്നയിച്ചത്. എന്നാല്‍, ഇത്തവണത്തെ കര്‍ഷക പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ ദരിദ്ര കര്‍ഷകരായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കൃഷിക്കാര്‍ നേരത്തേ ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ തലയോട്ടി മാന്തിയെടുത്ത് അതുമായാണ് ജന്തര്‍മന്ദറില്‍ പ്രകടനത്തിന് എത്തിയത്. ആഗോളവല്‍ക്കരണ നയങ്ങളുടെ ഫലമായി രൂപപ്പെട്ട നഗരവല്‍ക്കരണത്തിന്റെ ഭ്രമത്തില്‍ നഗരങ്ങളിലേക്ക് ഗ്രാമങ്ങളില്‍ നിന്ന് അഭ്യസ്തവിദ്യരായ ധാരാളം യുവാക്കള്‍ കുടിയേറിയിരുന്നു. പുതിയ സാങ്കേതിക-തൊഴില്‍ മേഖലകളില്‍ കരാര്‍ തൊഴിലാളികളായും മറ്റും ജോലിക്കു കയറിയ അവര്‍ക്ക് നഗരത്തിലെ ചെലവുകള്‍ താങ്ങാനുള്ള ശേഷിയോ ശമ്പളമോ ഉണ്ടായിരുന്നില്ല. നിരാശരും വ്യഥിതരുമായ അവര്‍ ഗ്രാമത്തിലുള്ള തങ്ങളുടെ കൃഷിയിടം തന്നെയാണ് മെച്ചമെന്നു മനസ്സിലാക്കി തിരികെ പോയി. ഈയൊരു തിരിച്ചൊഴുക്ക് പ്രക്ഷോഭകരമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്. ഡിപ്ലോമയോ എന്‍ജിനീയറിങോ പാസായ കര്‍ഷക മക്കള്‍ ഇത്തവണത്തെ കര്‍ഷക സമരത്തിന്റെ മുന്‍നിരയിലെത്തിയത് അപ്രകാരമാണ്. നോട്ടു നിരോധനം കൂടി വന്നപ്പോള്‍ സ്ഥിതി ഗുരുതരമായി. മൊത്തക്കച്ചവടക്കാര്‍ കൃഷിക്കാര്‍ക്ക് 100 രൂപയ്ക്ക് 98 രൂപയേ കൊടുക്കൂ എന്നായിരുന്നു മധ്യപ്രദേശിലെ സ്ഥിതി. അല്ലെങ്കില്‍ ചെക്ക് തരാം എന്നു പറയും. മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ ചെക്ക് മാറിവരാന്‍ 20 മുതല്‍ 28 ദിവസം വരെ വേണം എന്നതിനാല്‍ കൃഷിക്കാര്‍ മൊത്തക്കച്ചവടക്കാരുടെ ചൂഷണവ്യാപാരത്തിനു വഴങ്ങി. ഇതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിലാണ് എട്ടു കൃഷിക്കാര്‍ വെടിയേറ്റു കൊല്ലപ്പെടുന്നത്. ഗ്രാമീണതലത്തിലെ മറ്റു രണ്ടു തൊഴില്‍ മേഖലകളാണ് നെയ്ത്തും മല്‍സ്യബന്ധനവും. കൈത്തറി നെയ്ത്തു മേഖലയില്‍ 4.3 ദശലക്ഷം ആളുകള്‍ പണിയെടുക്കുന്നുണ്ട്. ഡല്‍ഹി സോളിഡാരിറ്റി ഗ്രൂപ്പിന്റെ പഠനപ്രകാരം 2017-18ലെ കേന്ദ്ര ബജറ്റില്‍ മുമ്പുള്ളതിനേക്കാള്‍ 15 ശതമാനം കുറവു തുകയാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, അതിനേക്കാള്‍ ദയനീയമാണ് മല്‍സ്യമേഖലയുടെ സ്ഥിതി. ആണവ പ്ലാന്റുകള്‍, ഇന്‍ഡസ്ട്രിയല്‍ കോറിഡോറുകള്‍, സാഗര്‍മാല, ഓഖി ദുരന്തം എന്നിവയെല്ലാം ഈ വിഭാഗം തൊഴിലാളികളെ സാരമായി ബാധിച്ചു. നരേന്ദ്ര മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ ഒരു വീപ്പ ക്രൂഡ് ഓയിലിന് നൂറു ഡോളറായിരുന്നു വില. എന്നാല്‍, ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതു കുത്തനെ പതിച്ച് ഏതാണ്ട് 60 ഡോളറില്‍ സ്ഥിരപ്പെട്ടു. എന്നാല്‍, ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോഡാണ്. ഇന്ത്യയിലെ എണ്ണക്കമ്പനികളായ ഐപിസിഎല്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസി തുടങ്ങിയ നവരത്‌ന കമ്പനികളെ സ്വകാര്യവല്‍ക്കരിച്ചതിനാല്‍ ഇതിന്റെ ലാഭം സ്വകാര്യ കമ്പനികള്‍ക്കാണ്. ഇന്ത്യയില്‍ നിന്നു കുഴിച്ചെടുക്കുന്ന എണ്ണയ്ക്കും ഇറക്കുമതി ചെയ്ത എണ്ണയുടെ വില നിശ്ചയിച്ചതിനാല്‍ റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്കും കൊയ്ത്തുകാലമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം പൊതുവിപണിയില്‍ വില ഉയര്‍ത്തിയിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റ് ധനക്കമ്മി മറികടക്കാനായി നിശ്ചയിച്ച മാര്‍ഗം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയാണ്. ഒരു ലക്ഷം കോടി രൂപയുടെ ഓഹരിയാണ് വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പൊതുമേഖലയിലെ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളും വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ 2008ലും 2011ലും സംഭവിച്ച സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ഇന്ത്യക്കു സാധിച്ചത് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ ശക്തമായ അടിത്തറ മൂലമായിരുന്നു. നരേന്ദ്ര മോദി ഗവണ്‍മെന്റിനെതിരേ ഒരു പൊതു പോര്‍മുഖം തുറക്കുമ്പോള്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടേണ്ട ഒരു മര്‍മം ഇതാണ്. രാജ്യത്തെ സാമ്പത്തിക വിഭവങ്ങളും പ്രകൃതി വിഭവങ്ങളും കുത്തകകള്‍ക്കായി സമര്‍പ്പിക്കുന്ന ഈ സാമ്പത്തിക നയത്തിനെതിരേ ആദ്യം ഒരു യോജിപ്പുണ്ടാവണം. മൂലധനത്തെ കേന്ദ്രീകരിക്കുന്നതും അസമത്വം വളര്‍ത്തുന്നതുമായ ഇപ്പോഴത്തെ സാമ്പത്തിക നയങ്ങള്‍ക്കു ബദല്‍ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഒരു പ്രതിപക്ഷത്തിനു മാത്രമേ എന്‍ഡിഎ ഗവണ്‍മെന്റിനെ നേരിടാന്‍ സാധിക്കൂ. ി

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss