|    Dec 10 Mon, 2018 7:35 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പോയത് പിന്നോട്ടെന്ന് ആഭ്യന്തരമന്ത്രി…

Published : 3rd June 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം – നിരീക്ഷകന്‍
കൈരാനയിലെയും മറ്റിടങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതോടെ പശുവാദി പാര്‍ട്ടിയുടെ ആസ്ഥാനത്ത് അല്‍പം പുനരാലോചനയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. അമിട്ടുഷാജിയുടെ വായാടിത്തത്തിന് അല്‍പം നിയന്ത്രണം. പ്രധാനമന്ത്രിക്കാവട്ടെ, മിണ്ടാട്ടമില്ല. റിസള്‍ട്ട് വന്നപ്പോഴേക്കും അദ്ദേഹം സിംഗപ്പൂരിലേക്കും ഇന്തോനീസ്യയിലേക്കുമുള്ള വിമാനത്തില്‍ കയറിപ്പറ്റിക്കഴിഞ്ഞിരുന്നു.
എന്നാല്‍, കാര്യങ്ങള്‍ പിശകാണെന്ന തോന്നല്‍ സംഘപരിവാരത്തിനകത്തും ഉണ്ടായിരിക്കുന്നു എന്നതിനു തെളിവുകള്‍ ധാരാളമുണ്ട്. മിണ്ടാപ്രാണിയായ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ പ്രസ്താവനയാണ് അതില്‍ പ്രധാനം. രാജ്‌നാഥ്‌സിങ് ഒരുകാലത്ത് പശുവാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായിരുന്നു. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണകാലത്ത് പാര്‍ട്ടിയെ നയിച്ചതും വീണ്ടും അധികാരത്തിന്റെ പടിവാതില്‍ക്കലേക്ക് എത്തിച്ചതും അദ്ദേഹം അധ്യക്ഷനായ കാലത്താണ്. അന്ന് മോദിയാവട്ടെ പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള നോമിനി എന്ന് നാഗ്പൂര്‍ നേതൃത്വം തീരുമാനിച്ചപ്പോള്‍ പഴയ പടക്കുതിരകളായ അഡ്വാനിജിയും മുരളീമനോഹര്‍ ജോഷിയും ഒക്കെ ഉടക്കി. അഡ്വാനിജിയുടെ കാര്യമാണു കഷ്ടം. അദ്ദേഹം നേരത്തേ വാജ്‌പേയിക്കു വേണ്ടി പദവി ഒഴിഞ്ഞുകൊടുത്ത മഹാമനസ്‌കനാണ്. അന്നു പ്രധാനമന്ത്രിയായി വാണത് വാജ്‌പേയി ആണെങ്കിലും പാര്‍ട്ടിയെ അത്തരമൊരു വിജയത്തിലേക്കു നയിച്ചത് സിന്ധില്‍ നിന്ന് കിട്ടിയ ഉടുപ്പും കൊണ്ട് ഒരുകാലത്ത് ഓടി ഡല്‍ഹിയിലെത്തിയ അഡ്വാനിയാണ്. അതിനാല്‍ പാര്‍ട്ടിക്ക് വീണ്ടും ഒരു ഊഴം വരുമ്പോള്‍ തനിക്കു നറുക്കു വീഴുമെന്ന് അദ്ദേഹം ന്യായമായും പ്രതീക്ഷിച്ചിരുന്നു.
പക്ഷേ, അതല്ല ഉണ്ടായത്. മീശക്കാരന്‍ ലോഹപുരുഷനെ നാഗ്പൂര്‍ നിക്കര്‍വാലകള്‍ നീറ്റായി ഒതുക്കി. അതിനു പല വേലകള്‍ പ്രയോഗിച്ചു. കറാച്ചിയില്‍ പോയി ജിന്നയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് വലിയ ആരോപണമായി പുറത്തിറക്കി. രഥയാത്ര നടത്തി രാജ്യം കുട്ടിച്ചോറാക്കിയ കക്ഷിയാണ്. മുസ്‌ലിംകളുടെ ജീവിതം നാടെങ്ങും കശക്കിയെറിയുന്ന നേരത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ആളാണ്. ഗുജറാത്തില്‍ മോദി ഭരണത്തില്‍ 2000ലധികം മുസ്‌ലിംകളെ കശാപ്പു ചെയ്തപ്പോള്‍ അതു തടയാന്‍ ചെറുവിരല്‍ അനക്കാതിരുന്ന ദേഹമാണ്. അങ്ങനെയുള്ള മനുഷ്യനെയാണ് ജിന്നാസ്‌നേഹി എന്നു മുദ്രകുത്തി കുറുവടിസംഘം കശാപ്പു ചെയ്തത്. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും പേപ്പട്ടിയെ തല്ലിക്കൊല്ലാനും പരിവാരത്തിനുള്ള പരമ്പരാഗതമായ കഴിവ് ശരിക്കും അഡ്വാനി ആസ്വദിച്ചറിഞ്ഞത് ആ കാലത്താണ്. അന്നു കിട്ടിയ അടിയില്‍ നടുവൊടിഞ്ഞുപോയ കക്ഷി പിന്നീട് കാര്യമായി തലപൊക്കിയിട്ടില്ല.
അക്കാലത്ത് അഡ്വാനിജിയെ തള്ളി മോദിക്കു പിന്തുണ നല്‍കിയ തന്ത്രശാലിയാണ് രാജ്‌നാഥ്. കഷണ്ടിത്തലയ്ക്കകത്ത് കൂര്‍മബുദ്ധിയാണു ടിയാന്. അതേസമയം, ഒതുക്കവും മിതത്വവും പാലിക്കുന്ന പെരുമാറ്റരീതി. എതിരാളികള്‍ക്കുപോലും ബഹുമാനം തോന്നുന്ന വ്യക്തിത്വം. മോദിയേക്കാള്‍ പാര്‍ട്ടിയിലും പൊതുരംഗത്തും എത്രയോ മുന്നില്‍. എന്നിട്ടും ഭവ്യതയോടെ മോദി മന്ത്രിസഭയില്‍ ആഭ്യന്തരത്തിന്റെ ചുമതലക്കാരന്‍. അങ്ങനെയുള്ള രാജ്‌നാഥ്ജി പറയുന്നു, മുന്നോട്ടു കുതിച്ചുചാടാന്‍ രണ്ടടി പിന്നാക്കംവയ്ക്കുകയാണെന്ന്. ആ രണ്ടടി പിന്നാക്കംപോക്കാണ് സമീപകാലത്തു കണ്ട സകല തിരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചത്. ഗുജറാത്തിലും കര്‍ണാടകയിലും ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലും ഫുല്‍പൂരിലും ഇപ്പോള്‍ കൈരാനയിലും ഒക്കെ അതാണു പ്രതിഫലിച്ചത്.
അത് മുന്നോട്ടു കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പാണ് എന്നാണ് ആഭ്യന്തരമന്ത്രിയുടെ വ്യാഖ്യാനം. എന്നുവച്ചാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുവര്‍ഷത്തിനകം വരുമ്പോള്‍ പാര്‍ട്ടി പുലിയോ പുപ്പുലിയോ ആയി അരങ്ങത്തുവരുമെന്ന്; വീണ്ടും അധികാരം അടിച്ചെടുക്കുമെന്ന്.
കേട്ടാല്‍ സംഗതി തരക്കേടില്ല. പക്ഷേ, രാജ്‌നാഥ്ജിയെ അറിയുന്നവര്‍ക്കറിയാം, പുള്ളിക്കാരന്‍ ജ്യോല്‍സ്യനല്ല. ആള്‍ രാഷ്ട്രീയക്കാരനാണ്. മോദി സര്‍ക്കാരിന്റെ സമീപകാല നയങ്ങളാണ് ഇപ്പോഴത്തെ പിന്നോട്ടടിക്കു കാരണമെന്ന് നേരിട്ടു പറയാന്‍ അങ്ങേര്‍ക്ക് ബുദ്ധിമുട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ രൂപകാലങ്കാരപ്രയോഗത്തിലൂടെ അദ്ദേഹം പറയാനുള്ള കാര്യം കൃത്യമായി പറഞ്ഞിരിക്കുന്നു. നയങ്ങള്‍ പാളി; അതിനു വലിയ വിലയും കൊടുക്കേണ്ടിവന്നു. ഇനി തടി രക്ഷപ്പെടണമെങ്കില്‍ നയം മാറ്റം വേണം. അതിന് മോദിയും അമിട്ടാശാനും മാറണമെന്നു പറയാന്‍ പ ക്ഷേ, നാക്കുപൊങ്ങുന്നില്ല. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss