|    Jul 27 Thu, 2017 8:17 am

പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാ സമ്മേളനം: അണയാത്ത ആവേശവുമായി ആയിരക്കണക്കിന് സ്ത്രീകള്‍

Published : 2nd October 2016 | Posted By: SMR

കോഴിക്കോട്: ഒരു കൈയില്‍ കൈകുഞ്ഞും മറുകൈയില്‍ പോപുലര്‍ ഫ്രണ്ട് പതാകയുമേന്തി അണിനിരന്ന സഹോദരിമാരും വാര്‍ധക്യത്തെ പോലും തോ ല്‍പിക്കുന്ന ആവേശവും ആശീര്‍വാദവുമായി എത്തിയ ഉമ്മമാരുമടങ്ങുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ പങ്കാളിത്തം ബഹുജനറാലിക്ക് വേറിട്ട മുഖം നല്‍കി.
ആര്‍എസ്എസ് തുലയട്ടെ ജനാധിപത്യം വിജയിക്കട്ടെ എന്ന് തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി വിദ്യാര്‍ഥിനികളും യുവതികളും ബഹുജന റാലിയുടെ മുന്‍നിരയില്‍ തന്നെ അണിനിരന്നു. ഫാഷിസത്തിന്റെ ആക്രമണങ്ങളുടെ പ്രഥമ ഇര തങ്ങളാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പുതുചരിത്രമായി മാറിയ ജന മഹാസമ്മേളനത്തിന് മാറ്റുകൂട്ടി സ്ത്രീകള്‍ പങ്കെടുത്തത്.
ഏറ്റവുമൊടുവില്‍ ഹരിയാനയില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ ബലാല്‍സംഘത്തിന് ഇരയായ യുവതികളുടെ രക്തത്തില്‍ നിന്നുള്‍ക്കൊണ്ട ആര്‍ജവം ഏതു സംഘപരിവാര്‍ ശക്തിക്കു മുന്നിലും അടിയറവക്കില്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു സ്ത്രീകള്‍ മുഴക്കിയത്. 2002ല്‍ ഗുജറാത്ത് വംശഹത്യയില്‍ സ്വന്തം കണ്‍മുന്നിലിട്ട് ഫാഷിസ്റ്റ് ഭീകരവാദികള്‍ വെടിവച്ചുകൊന്നതിന് സാക്ഷ്യം വഹിച്ച സാകിയ ജഫ്രിയുടെ സാന്നിധ്യം ഒട്ടൊന്നുമല്ല അവര്‍ക്ക് ആവേശമായത്.
പ്രസംഗത്തിനിടെ ഭര്‍ത്താവിന്റെ ഓര്‍മയില്‍ കണ്ഠമിടറിയ സാകിയ ജാഫ്രിയുടെ കണ്ണുനീര്‍ സ്ത്രീ ശക്തിയെ കണ്ടമാത്രയില്‍ മാഞ്ഞുതുടങ്ങിയെന്നത് കോഴിക്കോട് കടപ്പുറം അനുഭവിച്ചറിഞ്ഞു.
കേരളത്തില്‍ സ്ത്രീകളടക്കം രംഗത്തിറങ്ങുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം അഭിനന്ദര്‍ഹമാണെന്ന് ആ വൃദ്ധ മനസ്സിലാക്കിയത് തിളച്ചു പൊന്തുന്ന വെയിലിനെ പോലും അവഗണിച്ച് റാലിക്ക് ആവേശമായി അണിനിരന്ന സ്ത്രീ സാന്നിദ്ധ്യം കൊണ്ടാണ്. അരയിടത്തു പാലത്തിനു സമീപം റാലി തുടങ്ങിയതു മുതല്‍ പരിപാടി അവസാനിക്കുന്ന വരെ തിരിച്ചു നടക്കാതെ നിലകൊണ്ട സ്ത്രീകള്‍ തളര്‍ച്ചയെ പോരാട്ടവീര്യം കൊണ്ട് തോല്‍പിച്ചു.
തടങ്കല്‍ പാളയങ്ങള്‍ പോരാളികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് മക്കളെ പഠിപ്പിച്ച് പോരാട്ടരംഗത്തേക്ക് വാര്‍ത്തെടുത്ത അലി സഹോദരങ്ങളുടെ ഉമ്മയുടെ പാരമ്പര്യം പേറി, വളര്‍ന്നുവരുന്ന തലമുറയെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ അണിനിരത്തുമെന്ന് നിശ്ചയദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സ്ത്രീകള്‍ കടപ്പുറം വിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക