|    Sep 26 Wed, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ ജയിലിലടയ്ക്കാന്‍ പോലിസിന്റെ വിഫലശ്രമം

Published : 15th August 2018 | Posted By: kasim kzm

തിരൂര്‍: പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ വളാഞ്ചേരിയിലെ കാരയില്‍ മുഹമ്മദലി എന്ന കുഞ്ഞാപ്പുവിനെ അറസ്റ്റ് ചെയ്തു ജയിലിലടക്കാന്‍ കുറ്റിപ്പുറം പോലിസ് നടത്തിയ ശ്രമം വിഫലമായി. 1997ല്‍ കുറ്റിപ്പുറം പോലിസ് എടുത്ത കേസിനെതിരേ ഇദ്ദേഹം ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. ഈ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാറന്റ് വാങ്ങി ഇതു രണ്ടാം തവണയാണ് മുഹമ്മദലിയെ ജയിലിലടക്കാന്‍ ശ്രമിച്ച് കുറ്റിപ്പുറം പോലിസ് ഇളിഭ്യരാവുന്നത്.
വളാഞ്ചേരി സിഐ ആയിരുന്ന മുഹമ്മദ് ബഷീര്‍ മുഹമ്മദലിയെ മര്‍ദിച്ചതിനെതിരേ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഈ കേസിലെ സാക്ഷികളായിരുന്നു യൂസുഫും ഗഫൂറും. ഇവര്‍ രണ്ടു പേരും മുഹമ്മദലിയും ചേര്‍ന്ന് വളാഞ്ചേരി മൂഡാലിലെ ഓട്ടോ ഡ്രൈവര്‍ രാജേഷിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കുറ്റിപ്പുറം പോലിസ് എടുത്ത കേസ്. ഈ കേസില്‍ വിചാരണയ്ക്കു ശേഷം ഇരുവരെയും കോടതി വെറുതെവിട്ടിരുന്നു. ഹൈക്കോടതി സ്‌റ്റേയുള്ളതിനാല്‍ മുഹമ്മദലിയുടെ വിചാരണ നടന്നിരുന്നില്ല. 2007 റമദാന്‍ മാസത്തില്‍ ദുബയിലേക്ക് പോവാന്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോഴും കുറ്റിപ്പുറം പോലിസ് ഈ കേസിന്റെ പേരില്‍ മുഹമ്മദലിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ശ്രമിച്ചിരുന്നു. സ്റ്റേയുള്ള കാര്യം ബോധ്യപ്പെട്ട കോടതി അന്നും അദ്ദേഹത്തെ സ്വതന്ത്രനാക്കി.
തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ ഹൈക്കോടതി സ്‌റ്റേയുള്ള വിവരം മറച്ചുവച്ച് തെറ്റിദ്ധരിപ്പിച്ച് കുറ്റിപ്പുറം പോലിസ് മുഹമ്മദലിക്കെതിരേ വാറന്റ് കൈക്കലാക്കിയിരുന്നു. ഇതുമായി ഇന്നലെ രാവിലെ 6.30ഓടെയാണു പോലിസ് വീട്ടിലെത്തിയത്. സ്‌റ്റേയുള്ള കാര്യം പറഞ്ഞപ്പോള്‍ പോലിസുകാര്‍ അതെല്ലാം കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നു പറഞ്ഞ് അദ്ദേഹത്തെ ജീപ്പില്‍ കയറ്റിക്കൊണ്ടുവരികയായിരുന്നു. വളാഞ്ചേരി ജങ്ഷനില്‍ ജീപ്പിന്റെ ഗ്ലാസുകള്‍ കയറ്റി ദീര്‍ഘനേരം വാഹനം നിര്‍ത്തിയിട്ട് അപമാനിക്കാനും ശ്രമിച്ചു. കുളിക്കാനോ, ഭക്ഷണം കഴിക്കാനോ അനുവദിച്ചിരുന്നില്ല. കുറ്റിപ്പുറം സ്റ്റേഷനില്‍ കൊണ്ടുവന്ന മുഹമ്മദലിയെ രാവിലെ 10.30ഓടെ പോലിസ് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. കോടതി ഓഫിസില്‍ നിന്നു ഫയലില്‍ ഹൈക്കോടതി സ്‌റ്റേ കണ്ടതോടെ ഹാജരാക്കാതെ പോവാന്‍ പോലിസ് നിര്‍ദേശിച്ചെങ്കിലും മുഹമ്മദലിയും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ സി നസീറും വിസമ്മതിക്കുകയും കോടതിയില്‍ ഹാജരാക്കണമെന്നു നിര്‍ബന്ധം പിടിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നു കുറ്റിപ്പുറം പോലിസ് പോപുലര്‍ ഫ്രണ്ട് നേതാവിനെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിതരായി.
പോലിസ് അപമാനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഭക്ഷണം കഴിക്കാനും കുളിക്കാനും സമ്മതിക്കാത്തതിനെക്കുറിച്ചും അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്റ്റേ നിലനില്‍ക്കെ വാറന്റ്് പുറപ്പെടുവിച്ച കോടതിയുടെ നടപടി തെറ്റാണെന്ന് പറഞ്ഞ മജിസ്‌ട്രേറ്റ് മുന്‍ മജിസ്‌ട്രേറ്റിന്റെ പിഴവാണിതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. മുഹമ്മദലിക്ക് നേരിട്ട പോലിസ് പീഡനത്തിനെതിരേ ഉന്നത പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മുഹമ്മദലിയെ കോടതി ജാമ്യം പോലും ആവശ്യമില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു.
പഴയതും ഇല്ലാത്തതുമായ കേസുകളുടെ പേരില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും പിണറായി പോലിസ് ശ്രമിക്കുന്നതിന്റെ ഉദാഹരണമാണിതെന്നും കുറ്റിപ്പുറം പോലിസിന്റെ അന്യായ നടപടിക്കെതിരേ എസ്പിക്ക് പരാതി നല്‍കുമെന്നും നടപടിയില്ലെങ്കില്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും കെ മുഹമ്മദലിയും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ സി നസീറും അറിയിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss