|    Oct 16 Tue, 2018 6:50 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും നാളെ കാസര്‍കോട്ട്

Published : 16th February 2018 | Posted By: kasim kzm

കാസര്‍കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപനദിനമായ നാളെ “ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ കാസര്‍കോട് മേഖല യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ യൂനിറ്റ് തലങ്ങളില്‍ പതാക ഉയര്‍ത്തും. വൈകീട്ട് നാലരയ്ക്ക് പുലിക്കുന്ന് ടൗ ണ്‍ഹാള്‍ പരിസരത്ത് നിന്ന് യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും ആരംഭിക്കും. എംജി റോഡ്, ബാങ്ക് റോഡ്, കെ പിആര്‍ റാവു റോഡ്, പഴയ ബസ്സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ് വഴി സ്പീഡ്‌വേ ഇന്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിക്കും. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, ടി അബ്ദുര്‍ റഹ്്മാന്‍ ബാഖവി, കെ കെ മജീദ് ഖാസിമി, എ കെ കവിത, പി എം മുഹമ്മദ് രിഫ, പോപുലര്‍ ഫ്രണ്ട് സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി 5000 വോളന്റിയര്‍മാരാണ് യൂനിറ്റി മാര്‍ച്ചില്‍ അണിനിരക്കുന്നത്. പൂര്‍വികന്മാര്‍ നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണെന്ന സന്ദേശം ഉയര്‍ത്തിയാണ് 17നു രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നത്. നിരന്തരമായ നുണപ്രചാരണങ്ങളിലൂടെ ജനങ്ങളില്‍ ഭീതിയും തെറ്റിദ്ധാരണയും പരത്തി പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ജനാധിപത്യാടിത്തറയും അട്ടിമറിക്കാനുള്ള നീക്കം ശക്തിപ്പെട്ടിരിക്കുകയാണ്. സാംസ്‌കാരിക നായകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നേരെയുള്ള അതിക്രമം കേരളത്തിലും ആവര്‍ത്തിക്കുകയാണെന്നും സംസ്ഥാനത്ത് ആര്‍എസ്എസ് അഴിഞ്ഞാട്ടം നിയന്ത്രിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയമായിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ പി കെ അബ്ദുല്‍ ലത്തീഫ്, കണ്‍വീനര്‍ സി എം നസീര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ്, സെക്രട്ടറി കെ മുഹമ്മദ് ഹനീഫ, ഖാദര്‍ അറഫ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss