|    Jun 19 Tue, 2018 11:53 pm
FLASH NEWS
Home   >  Kerala   >  

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം നാളെ തിരുവനന്തപുരത്ത്

Published : 6th October 2017 | Posted By: mi.ptk

തിരുവനന്തപുരം: എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഹിന്ദുത്വഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ, ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന  മഹാസമ്മേളനവും ബഹുജനറാലിയും നാളെ തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്കു ശേഷം മൂന്നിന് മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുക്കും. സമകാലിക സംഭവവികാസങ്ങള്‍ പ്രമേയമാക്കി തയ്യാറാക്കിയ നിശ്ചലദൃശ്യങ്ങള്‍ റാലിക്ക് കൊഴുപ്പേകും.
വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി, റിട്ട. ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍ (പൂനെ) മൗലാനാ മെഫൂസുറഹ്്മാന്‍ (ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് സെക്രട്ടറി) വിശിഷ്ടാഥികളാവും. എംഎല്‍എമാരായ കെ മുരളീധരന്‍, പി സി ജോര്‍ജ്, മുന്‍മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍, ഭാസുരേന്ദ്ര ബാബു(മാധ്യമ നിരീക്ഷകന്‍), എന്‍ പി ചെക്കൂട്ടി(തേജസ്), എ വാസു(മനുഷ്യാവകാശ പ്രവര്‍ത്തകന്‍), അഡ്വ. ജയിംസ് ഫെര്‍ണാണ്ടസ്(ലത്തിന്‍ കത്തോലിക്ക ഐക്യവേദി), മൗലാന ഈസ ഫാളില്‍ മമ്പഈ (ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍), വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ), എം കെ മനോജ്കുമാര്‍ (എസ്ഡിപിഐ), എ എസ് സൈനബ (നാഷണല്‍ വിമന്‍സ് ഫ്രണ്ട്), കെ എ മുഹമ്മദ് ഷമീര്‍(കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), ഗോപാല്‍ മേനോന്‍ (ഡോക്യുമെന്ററി സംവിധായകന്‍), വര്‍ക്കല രാജ്(പിഡിപി), കായിക്കര ബാബു(മുസ്്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി), പ്രഫ അബ്ദുല്‍ റഷീദ്(മെക്ക), പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, നേതാക്കളായ കരമന അശ്റഫ് മൗലവി, കെ എച്ച് നാസര്‍, എം കെ അശ്‌റഫ്, എ അബ്ദുല്‍സത്താര്‍, പി കെ അബ്ദുല്‍ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
എന്‍.ഐ.എ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ടിനെതിരേ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി നാവടപ്പിക്കാനുള്ള സംഘപരിവാര ശ്രമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് സമ്മേളനമെന്ന് ഭാരവാഹികള്‍ പറഞ്ഞു.  തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിധേയമാവാത്ത എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനുള്ള ഹിന്ദുത്വ അജണ്ടയാണ് സംഘപരിവാരം രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരേ ദേശീയതലത്തില്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങള്‍ ഇതിനാവശ്യമായ കളമൊരുക്കലാണ്. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെയാണ് സമൂഹത്തില്‍ വിഭാഗീയത ശക്തിപ്പെടുത്തുന്ന തരത്തിലുള്ള നുണപ്രചാരണം ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
സമ്മേളന വാഹനങ്ങളുടെ ഗതാഗത ക്രമീകരണം
സമ്മേളനത്തിനായി എന്‍എച്ച്  47 വഴി വരുന്ന വാഹനങ്ങള്‍ ചാക്ക ജങ്ഷനില്‍ നിന്ന്് ഇടത്തേക്ക്് തിരിഞ്ഞ് എംഎല്‍എ ഹോസ്റ്റലിന് സമീപം ആളുകളെ ഇറക്കി ചാക്ക വഴി ഈഞ്ചക്കല്‍ ബൈപാസില്‍ പാര്‍ക്ക് ചെയ്യണം. എംസി റോഡ് വഴി വരുന്ന വാഹനങ്ങള്‍ കേശവദാസപുരം വഴി പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനു സമീപം ആളുകളെ ഇറക്കിയ ശേഷം ഈഞ്ചക്കല്‍ ജങ്ഷനിലെത്തി ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യണം.
പാര്‍ക്കിങ് ഏരിയ: ഈഞ്ചക്കല്‍ ബൈപാസ് മുതല്‍ കോവളം വരെ ഇരു നിരയിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. അതാത് ജില്ലകളുടെ പേര് രേഖപ്പെടുത്തിയ ബോര്‍ഡുള്ള പ്രദേശത്തു മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് സ്വാഗതസംഘം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss