|    Jun 19 Tue, 2018 3:53 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം : വര്‍ത്തമാന ഇന്ത്യയുടെ ഹൃദയം തുറന്നുകാട്ടി തെരുവുനാടകം

Published : 1st October 2017 | Posted By: fsq

 

കണ്ണൂര്‍: വര്‍ത്തമാന ഇന്ത്യയുടെ ഹൃദയവും നൊമ്പരങ്ങളും തുറന്നുകാട്ടി ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ തെരുവുനാടകം. പ്രവര്‍ത്തനത്തിനു വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ഒക്്‌ടോബര്‍ ഏഴിനു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ നടക്കുന്ന പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചാരണത്തിലെ തെരുവുനാടകമാണ് ആസ്വാദകരെ ചിന്തിപ്പിച്ചും പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ അരങ്ങിലെത്തിച്ചും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയത്. പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം ചമഞ്ഞ് പൗരന്‍മാരെ തല്ലിക്കൊല്ലുന്നതും മാധ്യമനുണക്കോട്ടകള്‍ ഏറ്റുപിടിച്ച് നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനുമുള്ള തന്ത്രങ്ങളെ തന്‍മയത്തത്തോടെയാണ് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മതംമാറിയിട്ടും വീട്ടുതടങ്കലിലകപ്പെടുന്ന ബിരുദധാരിണിയുടെ നിലവിളിയും തടങ്കല്‍പ്പാളയങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന കമ്മ്യൂണിസ്റ്റ് പോലിസിന്റെ ഇരട്ടത്താപ്പുമെല്ലാം നാടകത്തില്‍ മിന്നിമറയുന്നു. അച്ഛാദിനു വേണ്ടി ആഹ്വാനം ചെയ്ത് കര്‍ഷകരെയും പൗരന്‍മാരെയും പാപ്പരാക്കുന്ന മോദിയുടെയും സംഘപരിവാരത്തിന്റെയും നയങ്ങളെയും നാടകത്തില്‍ വിമര്‍ശിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ നാലു ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണു തെരുവുനാടകം അരങ്ങേറിയത്. അതിജീവന കലാസംഘത്തിന്റെ 20ഓളം കലാകാരന്‍മാരാണു രണ്ടു മേഖലകളിലായി നടത്തിയ നാടകത്തില്‍ അഭിനയിച്ചത്. ടി സി നിബ്രാസ്, റസാഖ് കുറ്റിക്കകം, ഹാഷിം നീര്‍വേലി, ധുജാന്‍ മന്ന എന്നിവരാണു നാടകത്തെ നിയന്ത്രിച്ചത്. നാടകം അരങ്ങേറിയ സ്ഥലങ്ങളിലെല്ലാം വന്‍ ജനാവലിയാണു ആസ്വാദനത്തിനെത്തിയത്. ഹിന്ദുത്വ-ഹിംസാത്മക രാഷ്ട്രീയത്തിനെതിരായ സാംസ്‌കാരികരംഗത്തെ തുറന്നെഴുത്താണ് നാടകമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. മഹാസമ്മേളന പ്രചാരണാര്‍ഥം നടത്തുന്ന വാഹന ജാഥയ്ക്കു ജില്ലയില്‍ വന്‍ വരവേല്‍പാണു ലഭിച്ചത്. തലശ്ശേരിയില്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയിവളപ്പിലിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച ജാഥ രണ്ടിനു നടക്കും. മയ്യില്‍ ഡിവിഷനിലും ഗാന്ധിജയന്തി ദിനത്തില്‍ പ്രചാരണ ജാഥ പ്രയാണം നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന മഹാ സമ്മേളനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആബാലവൃദ്ധം ജനങ്ങളെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണെന്നു പോപുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss