|    Oct 23 Tue, 2018 9:28 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പോപുലര്‍ ഫ്രണ്ട് ഭീതിക്കു പിന്നില്‍

Published : 6th April 2018 | Posted By: kasim kzm

വി എം ഫഹദ്
ആര്‍എസ്എസിന്റെ പരിപാടിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ട് 1965ല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. രൂപീകരണകാലം മുതലേ ആര്‍എസ്എസിന് മോശം പരിവേഷമാണുള്ളത്. ഗാന്ധിവധത്തോടു കൂടി സംഘം നിരോധിക്കപ്പെടുകയും ചെയ്തു. അപകടകാരികളാണെന്നു കണ്ട് പിന്നീടും രണ്ടു തവണ ഇന്ത്യാ ഗവണ്‍മെന്റ് സംഘത്തെ നിരോധിച്ചു. ഗാന്ധിവധത്തോട് അനുബന്ധിച്ചുണ്ടായ നിരോധനമാണ് സംഘത്തെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ചിന്തിപ്പിച്ചത്. ഇന്നിപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ശേഷിയുള്ള അധികാരകേന്ദ്രമായി അതു മാറിയിരിക്കുന്നു.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേല്‍ കത്തിവയ്ക്കുന്ന സര്‍ക്കാരാണ് ആര്‍എസ്എസിന്റെ ‘സമന്വയ ബൈഠക്കി’ല്‍ പോയി ‘ഓഡിറ്റബിള്‍’ ആവുന്നത്. ഇതിനെതിരേ വിമര്‍ശനമുയര്‍ന്നപ്പോള്‍ മകന്‍ അമ്മയെ കാണാന്‍ പോവുന്നത് തെറ്റാണോ എന്നാണ് ഒരു കേന്ദ്രമന്ത്രി ചോദിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സര്‍ക്കാര്‍ അത്തരമൊരു ബന്ധം നിലനിര്‍ത്തുന്നുണ്ടെങ്കില്‍ അതിനെ അവിഹിതമെന്നേ പറയാന്‍ കഴിയൂ. ഇന്ത്യ ഇനിയും എത്രനാള്‍ മതനിരപേക്ഷമായി തുടരുമെന്ന് അറിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞത് ഇത്തരം പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ഔപചാരികമായ രാഷ്ട്രസങ്കല്‍പത്തെയോ ഭരണഘടനയെയോ അംഗീകരിക്കാതെ രാഷ്ട്രത്തിനുള്ളില്‍ സമാന്തര രാഷ്ട്രമായി പ്രവര്‍ത്തിക്കുകയായിരുന്നു ആര്‍എസ്എസ്. ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹിക കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ പൗര-ധര്‍മ സങ്കല്‍പവും പ്രഖ്യാപിത ശത്രുക്കളും അതിനുണ്ട്.
ബിജെപി അധികാരാരോഹണത്തിനുശേഷം നിരവധി സന്നദ്ധ-സേവന സംഘടനകളെയാണു നിരോധിച്ചത്. മോദിയെ വിമര്‍ശിച്ചതിനാണ് മദ്രാസ് ഐഐടിയിലെ ദലിത് സംഘടനയെ നിരോധിച്ചത്. വിദേശ ഫണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൈപ്പറ്റുന്നത് ആര്‍എസ്എസും അനുബന്ധ സംഘടനകളും തന്നെയാണെന്ന് സബ്‌രങ്, സൗത്ത് ഏഷ്യ സിറ്റിസണ്‍സ് വെബ് തുടങ്ങിയവ സമര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന നൂറുകണക്കിന് സന്നദ്ധ സംഘടനകളെയാണ് മോദി സര്‍ക്കാര്‍ നിരോധിച്ചത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍സ് റഗുലേഷന്‍ ആക്റ്റ് (എഫ്‌സിആര്‍എ) ഉപയോഗിച്ചാണ് സംഘടനകളെ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഏതാണ്ട് 33,000 എന്‍ജിഒകളില്‍ 22,000 എന്‍ജിഒകളുടെ ലൈസന്‍സ് മോദി സര്‍ക്കാര്‍ റദ്ദു ചെയ്തു. ഇത്തരം സംഘടനകള്‍ കാരണം ജിഡിപിയുടെ 2-3% കുറയുന്നുവെന്നായിരുന്നു പ്രധാന ആരോപണം. അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലിന്റെ എന്‍ജിഒ വിദേശപണം കൈപ്പറ്റുന്നതിന് ഒരു കുഴപ്പവുമുണ്ടാവില്ല. ശൗര്യയുടെ സംഘടനയ്ക്ക് കിട്ടുന്ന വിദേശസഹായം അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ആയുധക്കമ്പനികളില്‍നിന്നാണെന്ന് ഓര്‍ക്കണം.
നിരോധനത്തിന്റെ ഭീഷണി ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടിനെതിരേയാണു നീങ്ങുന്നത്. ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയായതുകൊണ്ട് പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാണ് ബിജെപി നേതാക്കന്മാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ജാര്‍ഖണ്ഡിലാണ് ആദ്യപരീക്ഷണം നടന്നത്. പത്തുമാസത്തിനിടെ അവിടെ പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ 14 സംഘടനകളെ നിരോധിച്ചതിന്റെ വിവരങ്ങള്‍ നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. 4000 പേരാണ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ ജയിലില്‍ കഴിയുന്നത്. സംസ്ഥാനത്തു നടക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ നിലപാടെടുക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്യുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ഗുരുതരമായ ഒരു കുറ്റകൃത്യവും സംഘടനയ്‌ക്കെതിരേ തെളിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. രണ്ടു കേസുകള്‍ മാത്രമാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ സംസ്ഥാനത്തുള്ളത്. അതേസമയം, ഭരണവര്‍ഗം പ്രതിക്കൂട്ടില്‍ വരുന്ന 14 കേസുകളിലാണ് സംഘടന നിയമപോരാട്ടം നടത്തിക്കൊണ്ടിരുന്നത്.
പോപുലര്‍ ഫ്രണ്ടിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് പല പ്രചാരണ പരിപാടികളും ബിജെപി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്കിടയില്‍ തന്നെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പോപുലര്‍ ഫ്രണ്ടിനെതിരേ റിപോര്‍ട്ട് നല്‍കിയതായാണ് അറിയുന്നത്. തൂക്കിക്കൊല്ലാന്‍ വിധിച്ചശേഷം വിചാരണ ചെയ്യുന്നതിനെ പരിഹസിച്ച മാര്‍ക്ട്വയിനെ അനുസ്മരിപ്പിക്കുന്നതാണ് പോപുലര്‍ ഫ്രണ്ടിനെതിരായുള്ള മോദി സര്‍ക്കാരിന്റെ നീക്കം. ഐഎസ് ബന്ധം, വിദേശ ഫണ്ട്, ലൗ ജിഹാദ് തുടങ്ങിയ ആരോപണങ്ങള്‍ തന്നെയാണ് വസ്തുതകളുടെ അഭാവത്തില്‍ എന്‍ഐഎയും സമര്‍പ്പിച്ചതായി അറിയാന്‍ കഴിയുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിയമമന്ത്രിയും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തയ്യാറെടുപ്പിന് മുന്നോടിയായാണ് ഇതൊക്കെയെന്ന് ആര്‍ക്കും മനസ്സിലാക്കാം. തെളിവുകളുടെ പിന്‍ബലത്തില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ ഗുരുതരമായ ഒരു കുറ്റകൃത്യവും സ്ഥാപിക്കപ്പെട്ടിട്ടില്ല. രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഏതൊരു സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനത്തോടും താരതമ്യം ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് പോപുലര്‍ ഫ്രണ്ടും നടത്തുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പോപുലര്‍ ഫ്രണ്ടിനെ ഭരണകൂടം ടാര്‍ഗറ്റ് ചെയ്യുന്നത്? ആര്‍എസ്എസിന്റെ സ്വതന്ത്രവിഹാരത്തിന് പോപുലര്‍ ഫ്രണ്ടിനെ ബലികൊടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ആര്‍എസ്എസ് ആണെന്നു പറയുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസിനെതിരേയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് പോപുലര്‍ ഫ്രണ്ട് അതിന്റെ അസ്തിത്വം കാണുന്നത്. ഹിന്ദുത്വ ഫാഷിസത്തെ ഇന്ത്യയിലെ സാമൂഹികപ്രശ്‌നങ്ങള്‍ക്കുള്ള മൂലകാരണമായി അവതരിപ്പിക്കുന്നു എന്നുള്ളതും ആര്‍എസ്എസിനെ പേരെടുത്തു വിമര്‍ശിക്കുന്നു എന്നുള്ളതും ഗൗരവമുള്ള കാര്യം തന്നെ. ആര്‍എസ്എസ് എന്നത് ഭരണനിര്‍വഹണ മേഖലയില്‍ മാത്രമല്ല, സൈന്യത്തിലും പോലിസിലും രഹസ്യാന്വേഷണ വിഭാഗത്തിലും മാധ്യമങ്ങള്‍, കോടതികള്‍ എന്നിവയിലുമൊക്കെ സ്വാധീനമുള്ള വലിയൊരു ശൃംഖലയാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടോടടുക്കുന്ന അതിന്റെ ഔപചാരിക പ്രവര്‍ത്തനം ഇന്ത്യയെ ഒറ്റയ്ക്കു ഭരിക്കാന്‍ ശേഷിയുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് മാത്രമല്ല ജന്മം നല്‍കിയത്. സര്‍ക്കാരിതര മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സംഘടനയുള്‍പ്പെടെ സാമൂഹികം, സാംസ്‌കാരികം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ നിരവധി മേഖലകളില്‍ പടര്‍ന്നുപന്തലിച്ചുകിടക്കുന്നതാണ് അതിന്റെ സംവിധാനം.
ഇന്ത്യയില്‍ ജാതിമേധാവിത്വത്തെയോ സവര്‍ണാധിപത്യത്തെയോ ഒക്കെ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്ന ഗ്രൂപ്പുകളുണ്ടെങ്കിലും രാഷ്ട്രീയമായി അത്തരം ആക്രമണങ്ങള്‍ ആര്‍എസ്എസിനെ നേരിട്ടു ബാധിക്കാറില്ല. ആര്‍എസ്എസ് ഇന്ത്യന്‍ ജാതിമേധാവിത്വത്തിന് സംരക്ഷണം നല്‍കുന്ന കൂലിപ്പട്ടാളമാണ്. ‘ഹിന്ദു’ മതം എന്ന ധാരണയെ ഉയര്‍ത്തിപ്പിടിച്ചാണ് ആര്‍എസ്എസ് സവര്‍ണ മേധാവിത്വം സ്ഥാപിക്കുന്നത്. എന്നാല്‍ സാമാന്യമായി വിവക്ഷിക്കപ്പെടാറുള്ള ഹിന്ദുസമൂഹത്തെ മാറ്റിനിര്‍ത്തി ഹിന്ദുത്വത്തെ വേര്‍തിരിക്കുന്നിടത്താണ് പോപുലര്‍ ഫ്രണ്ട് അതിന്റെ പ്രത്യയശാസ്ത്രപരമായ ഔന്നത്യവും പക്വതയും പ്രകടിപ്പിക്കുന്നത്.
ഇന്ത്യന്‍ അധികാരിവര്‍ഗത്തിന്റെ യഥാര്‍ഥ മുഖത്തിന് ഒരു ഹിന്ദു തിയോക്രാറ്റിക് ഭരണകൂടത്തിന്റെ ഛായയാണുള്ളത്. അതിന്റെ ന്യൂനപക്ഷവിരുദ്ധ സ്വഭാവം അങ്ങനെ വരുന്നതാണ്. ജനാധിപത്യത്തിന്റെയും മതേതര കാഴ്ചപ്പാടിന്റെയും ശക്തിയാണ് അതിനെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നത്. ഭരണകൂടങ്ങളുടെ ഈ ന്യൂനപക്ഷവിരുദ്ധ സ്വഭാവത്തെ അര്‍ഹിക്കുംവിധം പരിഗണിച്ചാലേ യഥാര്‍ഥ പ്രതിവിധിയെ കുറിച്ച് ആലോചിക്കാന്‍ കഴിയൂ. അത്തരമൊരു ആശയപരിസരത്തെയാണ് പോപുലര്‍ ഫ്രണ്ട് പ്രതിനിധീകരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് ഹിന്ദുത്വ ഫാഷിസത്തിനെതിരായ മുന്നേറ്റത്തിന് അനിവാര്യമായ മുതല്‍ക്കൂട്ടാണ്.                     ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss