|    Nov 13 Tue, 2018 10:04 am
FLASH NEWS
Home   >  Editpage  >  Editorial  >  

പോപുലര്‍ ഫ്രണ്ട് നിരോധനം നീക്കിയതിന്റെ പാഠങ്ങള്‍

Published : 29th August 2018 | Posted By: kasim kzm

സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിക്കൊണ്ടുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു കീഴില്‍ സുഭദ്രമാണ് എന്ന ആശയത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. സംഘടനാ സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും വളരെയധികം മാനിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടന ബാധ്യസ്ഥവുമാണ്. എന്നാല്‍, അവയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് അടുത്തകാലത്തു നടക്കുന്നത്. ബിജെപി അധികാരത്തിലേറിയതിനുശേഷം ജനാധിപത്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചുവരുകയുമാണ്. അതിന്റെ ഉദാഹരണമായിരുന്നു ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പോപുലര്‍ ഫ്രണ്ട് നിരോധനം. ഈ നിരോധനത്തില്‍ സ്വാഭാവിക നീതിയുടെ തത്ത്വങ്ങളും ഭരണഘടനാ വ്യവസ്ഥകളും ലംഘിക്കപ്പെട്ടുവെന്നാണ് കോടതിയുടെ നിരീക്ഷണം.
നിരോധനത്തെ സാധൂകരിക്കുന്ന യാതൊരു രേഖയും ഹാജരാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ ശ്രദ്ധേയമാണ്. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍ പുകമറ സൃഷ്ടിക്കുകയും അതൊരു ദേശവിരുദ്ധ സംഘടനയാണെന്നു സ്ഥാപിക്കുകയും ചെയ്യാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. രാജ്യത്തെ മതേതരവാദികളില്‍ പലരും അറിഞ്ഞോ അറിയാതെയോ ഈ ധാരണ പിന്തുടരുന്നതായി കാണാം. അതനുസരിച്ചുള്ള പൊതുബോധം രൂപപ്പെട്ടുവന്നിട്ടുണ്ട്. കേരളത്തില്‍ സമീപകാലത്തായി മേല്‍ക്കോയ്മാ മാധ്യമങ്ങളും മുഖ്യധാരയിലെ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ പൊതുബോധത്തെ തങ്ങളുടെ മുന്‍വിധികളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേലകള്‍ സാമാന്യനീതിയുടെയും യുക്തിയുടെയും മര്യാദയുടെയും സീമകള്‍ പോലും ലംഘിക്കുകയുണ്ടായി.
ഈ പൊതുബോധത്തെയാണ് കോടതി വിധി തകര്‍ത്തുകളഞ്ഞത്. ഐഎസ് ബന്ധം, ഹിംസാത്മക രാഷ്ട്രീയം, മതവര്‍ഗീയത തുടങ്ങിയ പല കുറ്റങ്ങളും പോപുലര്‍ ഫ്രണ്ടിനു മേല്‍ ചാര്‍ത്താറുണ്ട്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്കൊന്നും വസ്തുതയുടെ പിന്‍ബലമില്ല. കോടതിവിധി ഇക്കാര്യം ഉറപ്പിക്കുകയാണു ചെയ്യുന്നത്. അതിലൂടെ പുറത്തുവന്നിട്ടുള്ളത്, ബിജെപി സര്‍ക്കാരിന്റെ മുന്‍വിധിയാണ് നിരോധനത്തിന്റെ യഥാര്‍ഥ കാരണമെന്നാണ്.
ഇത്തരം നടപടികള്‍ പോപുലര്‍ ഫ്രണ്ടിനെതിരായി മാത്രമല്ല നടക്കുന്നത്. തീവ്രവാദികളെന്ന് ആരോപിച്ച് വിമതസ്വരങ്ങളെ അടിച്ചമര്‍ത്തുന്നത് പതിവാണ്. അവകാശസമരങ്ങളെ മാവോവാദമായി ചിത്രീകരിക്കുന്നു. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കെതിരായുള്ള പ്രക്ഷോഭങ്ങള്‍ ഭീകരവാദമായി മുദ്രകുത്തപ്പെടുന്നു. ഭരണകൂടത്തിന്റെ അവിഹിത താല്‍പര്യങ്ങളെയാണ് ഇവയെല്ലാം പ്രതിഫലിപ്പിക്കുന്നത്. ഇതിനു നേരിട്ട കനത്ത തിരിച്ചടിയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss