|    Sep 19 Wed, 2018 2:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പോപുലര്‍ ഫ്രണ്ട് നിരോധനം റദ്ദാക്കി

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ നടപടി ജാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദാക്കി. 1908ലെ ക്രിമിനല്‍ ഭേദഗതി നിയമത്തിലെ 16ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നത്. ഇതിനെതിരേ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ വദൂദ് നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി വിധി. സംഘടനയെ നിരോധിക്കുന്നതിനായി പ്രസ്തുത നിയമത്തിലെ അനുച്ഛേദം 17 പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
1908ലെ ക്രിമിനല്‍ ഭേദഗതി നിയമത്തിലെ 16ാം വകുപ്പ് അനുസരിച്ച് ഒരു സംഘടനയെ നിരോധിക്കുന്നതിനു വേണ്ട ഒരു നടപടിക്രമവും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് ജസ്റ്റിസ് റൊങ്കോണ്‍ മുഖോപാധ്യായയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിലയിരുത്തി. വിഷയത്തില്‍ സ്വാഭാവികനീതിയുടെ തത്ത്വങ്ങളും ഭരണഘടനയുടെ അനുച്ഛേദം 19ഉം ലംഘിക്കപ്പെട്ടതായി കോടതി കണ്ടെത്തി. നിരോധനത്തെ സാധൂകരിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരോധന ഉത്തരവ് അനീതിയാണെന്നും അതിനാല്‍ തന്നെ നിരോധനം റദ്ദു ചെയ്യുന്നതായും കോടതി വിധിയില്‍ പറയുന്നു.
ദക്ഷിണേന്ത്യയില്‍ ചില പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 1908ലെ ക്രിമിനല്‍ ഭേദഗതി നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി 21ന് സംഘടനയെ സംസ്ഥാനത്ത് നിരോധിച്ചിരുന്നത്. 2015 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം വളരെ ശക്തമാണ്.
സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായ ആള്‍ക്കൂട്ട കൊലകളിലെ പ്രതികള്‍ക്കെതിരായ നിയമപോരാട്ടത്തില്‍ സംഘടനാ പ്രവര്‍ത്തകര്‍ സജീവ പങ്കുവഹിച്ചതാണ് പോപുലര്‍ ഫ്രണ്ടിനെതിരായ ബിജെപി സര്‍ക്കാരിന്റെ നടപടിക്കു പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം നാലു നിരപരാധികള്‍ കൊല്ലപ്പെട്ട സരൈകല ആള്‍ക്കൂട്ട കൊലപാതകക്കേസിലെ സാക്ഷികള്‍ കോടതിയില്‍ മൊഴി കൊടുക്കുന്ന ദിവസം തന്നെയാണ് പോപുലര്‍ ഫ്രണ്ടിനെതിരായ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് ഹിസബി റോയിക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിച്ച പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയ പാകുര്‍ ജില്ലാ പോലിസ് സൂപ്രണ്ടിനെതിരായി നല്‍കിയ കേസും സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss