|    Jan 18 Wed, 2017 12:47 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ടേബിള്‍ ടോക്ക്; ഫാഷിസത്തിനെതിരേ വിയോജിപ്പുകള്‍ നിലനിര്‍ത്തിയുള്ള ഐക്യം രൂപപ്പെടണം

Published : 23rd September 2016 | Posted By: SMR

കോഴിക്കോട്: പരസ്പരമുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഫാഷിസത്തിനെതിരേയുള്ള ഐക്യനിരയൊരുക്കാന്‍ മുഴുവന്‍ സംഘടനകളും വ്യക്തികളും തയ്യാറാവണമെന്ന് നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. ഫാഷിസം അതിന്റെ സകല ലക്ഷണങ്ങളും വെളിവാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രതിരോധം മാത്രമാണ് പ്രതീക്ഷയെന്നും ടേബിള്‍ ടോക്കില്‍ പങ്കെടുത്തവരെല്ലാം ആവശ്യപ്പെട്ടു.
മെറീന റെസിഡന്‍സിയില്‍ നടന്ന ടേബിള്‍ ടോക്കില്‍ തേജസ് മാനേജിങ് എഡിറ്ററും പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗവുമായ പ്രഫ. പി കോയ മോഡറേറ്ററായിരുന്നു. ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഉമ്പര്‍ട്ടോ എക്കോ നിരീക്ഷിച്ച കാര്യങ്ങളില്‍ ഏതാണ്ടെല്ലാം സംഘപരിവാരം ഇന്ത്യയില്‍ നടപ്പാക്കിക്കഴിഞ്ഞതായി പി കോയ പറഞ്ഞു. ഈ നിരീക്ഷണങ്ങളില്‍ പ്രധാനമായ ഒന്ന് വെറുപ്പ് എന്നതാണ്. ഇന്ത്യയില്‍ ഇതു പ്രകടമായിക്കഴിഞ്ഞു. ഇന്ത്യയില്‍ ഒരു മതവുമായി ബന്ധപ്പെട്ടാണ് ഫാഷിസം വേരുറയ്ക്കുന്നത്. ഒരു സനാതനകാര്യം എന്ന നിലയിലാണ് ഫാഷിസത്തെ വികസിപ്പിച്ചെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്തണമെങ്കില്‍ ഫാഷിസത്തിനെതിരേ ഒരു പൊതുവേദി രൂപപ്പെടേണ്ടതുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല പറഞ്ഞു. മതനിരപേക്ഷ ചിഹ്നങ്ങളെ ഉയര്‍ത്തിക്കാട്ടിവേണം ഇന്ത്യയിലെ സവര്‍ണ ഫാഷിസത്തെ പ്രതിരോധിക്കാന്‍. ഇക്കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഹിംസാത്മക രാഷ്ട്രീയം ഇന്ത്യയില്‍ ഊട്ടിയുറപ്പിക്കാനാണ് ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നതെന്നും ഇക്കാര്യത്തില്‍ സവര്‍ണതാല്‍പര്യങ്ങളാണ് സംഘപരിവാരം പിന്തുടരുന്നതെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. ഇന്ത്യയില്‍ കോര്‍പറേറ്റുകളെ കൂട്ടുപിടിച്ചാണ് സംഘപരിവാരം വെറുപ്പിന്റെ രാഷ്ട്രീയം ഉറപ്പിക്കുന്നതെന്ന് ബിഎസ്പി സംസ്ഥാന സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പറഞ്ഞു.
ഫാഷിസം ഏതു രീതിയില്‍ നടപ്പാക്കപ്പെടുമ്പോഴും അതില്‍ ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത അസീസ് പറഞ്ഞു. ഇന്ത്യയിലെ പുതിയ സാഹചര്യത്തില്‍ ഫാഷിസത്തിനെതിരേ പുതിയ പ്രവര്‍ത്തനശീലങ്ങള്‍ ഉണ്ടാക്കിയെടുക്കണമെന്ന് രാഷ്ട്രീയനിരീക്ഷകന്‍ സി കെ അബ്ദുല്‍ അസീസ് പറഞ്ഞു. ഹിന്ദുത്വ അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന സംഘപരിവാരത്തിനെതിരേ ഹിന്ദുമതത്തിലെ സവര്‍ണരെ കൂടി പങ്കാളികളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ടി പി ഹമീദ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എ പി അബ്ദുനാസര്‍, ജില്ലാ സെക്രട്ടറി പി നിസാര്‍ അഹ്മദ്, കാംപസ് ഫ്രണ്ട് പ്രതിനിധി ഫായിസ് സംസാരിച്ചു. നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം കാംപയിനിന്റെ ഭാഗമായി നിര്‍മിച്ച വീഡിയോ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക