|    Oct 17 Wed, 2018 3:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അപലപിച്ചു

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുതിര്‍ന്ന പത്രപ്രവര്‍ത്തകയും ലങ്കേഷ് പത്രികയുടെ എഡിറ്ററുമായ ഗൗരി ലങ്കേഷിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ശക്തമായി അപലപിച്ചു. നീതിക്കുവേണ്ടി ഉറച്ച നിലപാടെടുത്തിട്ടുള്ള ധീരയായ പത്രപ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ വര്‍ഗീയ ഫാഷിസ്റ്റുകള്‍ വെടിവച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്. എതിരാളികളെ ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് കൊലയാളികളുടെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെയും ലക്ഷ്യം. പക്ഷേ, അവര്‍ പരാജയപ്പെടും. രാജ്യം ഭീതിതമായ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിനെതിരേ രംഗത്തുവരാന്‍ ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വം കൂടുതല്‍ പേര്‍ക്ക് പ്രചോദനമാവും. വര്‍ഗീയ ഫാഷിസത്തിനെതിരായ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പേരില്‍ ഗൗരി ലങ്കേഷ് എന്നും സ്മരിക്കപ്പെടും. പത്രപ്രവര്‍ത്തനം അവര്‍ക്ക് ഒരു തൊഴില്‍ എന്നതിലുപരി, വലതുപക്ഷ, വിഭാഗീയ രാഷ്ട്രീയത്തിനെതിരായ ആയുധമായിരുന്നു. തന്റെ നിലപാടുകള്‍ക്കു വേണ്ടി സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനമാവും അവരെ കൊലപ്പെടുത്തിയ കുറ്റവാളികളെ പ്രകോപിപ്പിച്ചത്. അവരുടെ മരണം മതേതര രാഷ്ട്രീയത്തിനു മാത്രമല്ല, അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കു കൂടിയുള്ള നഷ്ടമാണ്. പോപുലര്‍ ഫ്രണ്ടിന് അവരുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദത്തെ കുറിച്ചുള്ള ഓര്‍മകളാണ് പങ്കുവയ്ക്കാനുള്ളത്. ദേശീയതലത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 2007 ല്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ ക്ഷണിക്കപ്പെട്ട പ്രാസംഗികരില്‍ ഒരാളായിരുന്നു ഗൗരി ലങ്കേഷ്. അവരുടെ വേര്‍പാടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അനുശോചിക്കുന്നു. കര്‍ണാടകയില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. രണ്ടുവര്‍ഷം മുമ്പ് എം എം കല്‍ബുര്‍ഗി ഇതേരീതിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ നീതി നടപ്പായിട്ടില്ല- അദ്ദേഹം കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss