|    Oct 22 Mon, 2018 6:00 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പോപുലര്‍ ഫ്രണ്ടിനെതിരേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ദേശീയതലത്തില്‍ നീക്കം

Published : 10th September 2017 | Posted By: mi.ptk

കോഴിക്കോട്: ഭരണസ്വാധീനം ഉപയോഗപ്പെടുത്തി വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിശ്ശബ്ദമാക്കാനുള്ള സംഘപരിവാര നീക്കം ശക്തിപ്രാപിക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യെ ഉപയോഗപ്പെടുത്തിക്കൊണ്ട് ചില ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെയാണ് ഇത്തരം നീക്കം നടത്തുന്നത്. ഹാദിയ കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവമായ ഇടപെടല്‍ ഉണ്ടായതോടെയാണ് ബദല്‍ നീക്കങ്ങളുമായി സംഘപരിവാരം രംഗത്തെത്തിയത്. എന്‍ഐഎയെ ഉദ്ധരിച്ച് ആദ്യം ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ തുടങ്ങിയ ടൈംസ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത പിന്നീട് ജന്മഭൂമി അടക്കമുള്ള സംഘപരിവാര മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. യുഎപിഎ ചുമത്തപ്പെട്ട നാല് കേസുകള്‍ സംബന്ധിച്ച് എന്‍ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയെന്നതാണ് ഇതുസംബന്ധിച്ച് ഏറ്റവും അവസാനം പുറത്തുവന്ന വാര്‍ത്തകള്‍. പോപുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ സ്വഭാവത്തിന് തെളിവായാണ് ഇത്തരം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണു വാര്‍ത്തയില്‍ പറയുന്നത്. ഇതില്‍ പ്രധാനമായി എടുത്തു പറയുന്ന നാറാത്ത് കേസില്‍ ചുമത്തിയിരുന്ന യുഎപിഎ, 153 എ എന്നീ വകുപ്പുകള്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ, എന്‍ഐഎ നല്‍കിയ അപ്പീല്‍, സുപ്രിംകോടതി ഫയലില്‍ സ്വീകരിക്കാന്‍പോലും തയ്യാറാവാതെ തള്ളിക്കളയുകയായിരുന്നു. നാറാത്ത് കേസിലെ തീവ്രവാദ ആരോപണത്തിന്റെ മുനയൊടിച്ച കോടതിവിധി സംബന്ധിച്ച ഭാഗം പൂര്‍ണമായി മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുത്വരാഷ്ട്രീയത്തെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ നുണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസും കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രുദ്രേഷ് കൊല്ലപ്പെട്ടതുമാണ് മറ്റ് രണ്ടു കേസുകള്‍. പ്രാദേശികമായി ഉണ്ടായ രണ്ടു സംഭവങ്ങള്‍ക്കും രാഷ്ട്രീയപ്രേരിതമായാണ് യുഎപിഎ ചുമത്തിയതെന്ന ആക്ഷേപം ശക്തമാണ്. മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ പോപുലര്‍ ഫ്രണ്ടിന്റെ കഥകഴിക്കുമെന്ന ഭീഷണിയുമായി അന്ന് സംസ്ഥാനം ഭരിച്ചിരുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഈ കേസിലാണ് കേരളത്തില്‍ ആദ്യമായി യുഎപിഎ ചുമത്തപ്പെടുന്നത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ അതിനു മുമ്പോ ശേഷമോ കേരളം കണ്ടിട്ടില്ലാത്ത നിലയിലുള്ള അപൂര്‍വമായ പോലിസ് നടപടികളാണ് ഉണ്ടായത്. സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും പോപുലര്‍ ഫ്രണ്ട് ഓഫിസുകള്‍ കേന്ദ്രീകരിച്ച് റെയ്ഡുകളും പരിശോധനകളും നടത്തിയ പോലിസ് മുസ്‌ലിം യുവാക്കളെ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള പീഡനമാണ് അഴിച്ചുവിട്ടത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചും മറ്റും മാധ്യമങ്ങളിലൂടെ നടത്തിയ ഉദ്വേഗജനകമായ കഥകള്‍ പലതും പിന്നീട് തെറ്റാണെന്നു തെളിഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 54 പ്രതികളില്‍ മിക്കവരെയും പിന്നീട് ഒഴിവാക്കപ്പെടുകയോ കോടതി വെറുതെവിടുകയോ ചെയ്യുകയായിരുന്നു. കോടതിവിധിയുമായി ബന്ധപ്പെട്ട പ്രതികളുടെയും എന്‍ഐഎയുടെയും അപ്പീലുകള്‍ മേല്‍ക്കോടതിയുടെ പരിഗണനയിലാണ്. മേല്‍ക്കോടതി തീര്‍പ്പുകല്‍പിച്ചിട്ടില്ലാത്ത കേസിനെ കുറിച്ചാണ് എന്‍ഐഎ തന്നെ റിപോര്‍ട്ട് നല്‍കിയെന്ന രൂപത്തില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കര്‍ണാടകയില്‍ രുദ്രേഷ് എന്ന ഹിന്ദുത്വപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ ചുമത്തിയിരുന്നില്ല. പിന്നീട് കേന്ദ്രത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് യുഎപിഎ ചുമത്തിയത്. ഇതുസംബന്ധിച്ച കേസ് കര്‍ണാടക ഹൈക്കോടതിയിലാണ്. എന്‍െഎഎ ഏറ്റെടുത്ത കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടു പോലുമില്ല.ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള ഐഎസിന്റെ പ്രവര്‍ത്തനങ്ങളാണ് എന്‍ഐഎ റിപോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്തയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള മറ്റൊരു കാര്യം. എന്നാല്‍ ആരോപണങ്ങള്‍ക്കപ്പുറം, ഇക്കാര്യത്തില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്ന് പോപുലര്‍ ഫ്രണ്ടിനെതിരേ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന കാര്യം മറച്ചുപിടിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രാഥമിക നടപടികള്‍ ആരംഭിച്ചപ്പോഴേക്കും റിപോ ര്‍ട്ടെന്ന പേരില്‍ നേരത്തേ ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത വന്നിരുന്നു. പിന്നീട് ഇതു മറ്റു മാധ്യമങ്ങള്‍ പലതും ഏറ്റെടുക്കുകയായിരുന്നു. അന്വേഷണ മേല്‍നോട്ടത്തിന് സുപ്രിംകോടതി നിയോഗിച്ച റിട്ടയേര്‍ഡ് ജസ്റ്റിസ് ഉത്തരവാദിത്തംപോലും ഏറ്റെടുക്കുന്നതിനു മുമ്പാണ് ഈ വാര്‍ത്ത വന്നത്. മഞ്ചേരിയിലെ സത്യസരണി കേന്ദ്രീകരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നാണ് ഈ കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് സത്യസരണിക്കെതിരേ കോടതിയോ അന്വേഷണ ഏജന്‍സികളോ ഏതെങ്കിലും നിലയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയോ റിപോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss