പോത്തുകല്‍ സഹകരണ ബാങ്ക്: അവിശ്വാസപ്രമേയം 14ന്
Published : 9th October 2016 | Posted By: SMR
എടക്കര: പോത്തുകല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സി കരുണാകരന് പിള്ളയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച 14ന് നടക്കും. കോണ്‍ഗ്രസ് ഇരു വിഭാഗവും അവിശ്വാസം നേരിടാന്‍ തന്ത്രങ്ങളുമായി രംഗത്ത്. ഇരട്ടപദവി ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കരുണാകരന് പിള്ളയ്ക്കെതിരേ ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. അവിശ്വാസം പാസായാലും പരാജയപ്പെട്ടാലും നഷ്ടം കേണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പ് രാഷ്ട്രീയം കാലങ്ങളായി നിലനില്‍ക്കുന്ന പോത്തുകല്ലില്‍ ശത്രുക്കള്‍ മിത്രങ്ങളായ സാഹചര്യമാണ് നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആഗതമായ സാഹചര്യത്തിലാണ് നിരന്തര വൈരികളായ ചിലര്‍ ഒന്നിച്ചത്.
ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സമവായം കണ്ടതിന് ശേഷമാണ് ബദ്ധ വൈരികളായ ഇവര്‍ ഒന്നിച്ചത്. എന്നാല്‍, മണ്ഡലം കമ്മിറ്റിയിലെ നേതാക്കളും പ്രവര്‍ത്തകരും ഇതോടെ രണ്ടുതട്ടിലായി. ഈ നില ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒമ്പതു വരെ കരുണാകരന് പിള്ളയ്ക്ക് ബാങ്ക് പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ ആര്യാടന് മുഹമ്മദ് അടക്കമുള്ള നേതാക്കള്‍ സമയം നല്‍കിയിരുന്നു. എന്നാല്‍, ആര്യാടന് അവസാന വാക്കല്ലെന്ന നിലപാടിലാണ് കരുണാകരന് പിള്ള. ദേശീയ തൊഴിലുറപ്പ് ഫെഡറേഷന് അഖിലേന്ത്യാ പ്രസിഡന്റ്, ആശാ വര്‍ക്കേഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍കൂടി കരുണാകരന് പിള്ള വഹിക്കുന്നുണ്ട്.
ഇരട്ട പദവിയാണ് പ്രശ്നമെങ്കില്‍, ഡിസിസി, എഐസിസി ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും പല സ്ഥാനങ്ങളും നഷ്ടപ്പെടുത്തേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് കരുണാകരന് പിള്ള നില്‍ക്കുന്നത്. എന്നാല്‍, ആര്യാടന് ഷൗക്കത്ത് അടക്കമുള്ള ചില നേതാക്കളുടെ തന്ത്രങ്ങളാണ് കരുണാകരന് പിള്ളയെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നു മാറ്റുന്നതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഷൗക്കത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണക്കാരായി ആരോപിക്കപ്പെട്ട ചില നേതാക്കളില്‍ ഒരാളാണ് കരുണാകരന് പിള്ള. സിപിഎമ്മില്‍ നിന്നു കോണ്‍ഗ്രസിലേക്ക് ചേക്കേറിയ നിലവിലെ മണ്ഡലം പ്രസിഡന്റെിനെയാണ് ഇതിന് ചട്ടുകമായി ആര്യാടന് കുടുംബം കണ്ടെത്തിയത്. മണ്ഡലം പ്രസിഡന്റിനോട് മമതയില്ലാത്ത പല യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കരുണാകരന് പിള്ളയ്ക്കൊപ്പമുണ്ട്.
കെഎസ്.യു സംസ്ഥാന നേതാവ് വി എസ് ജോയി വരെ കരുണാകരന് പിള്ളയ്ക്ക് അനുകൂലമായി നിലനില്‍ക്കുന്നതായാണ് സൂചന. ജില്ലാ കമ്മിറ്റിയില്‍ നല്ല സ്വാധീനമാണ് കരുണാകരന് പിള്ളയും അനുകൂലികളും നടത്തിയിട്ടുള്ളത്. അവിശ്വാസം പാസായാലും ഇല്ലെങ്കിലും നോതാക്കളുടെ രാഷ്ട്രീയ കളികളില്‍ സാധാരണക്കാരായ അണികള്‍ അസംതൃപ്തരാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.