|    Jan 21 Sat, 2017 2:06 pm
FLASH NEWS

പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി

Published : 24th September 2016 | Posted By: SMR

എടക്കര: പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി. കരുണാകരന്‍ പിള്ളയെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്. ഇതു സംബന്ധിച്ച് പോത്തുകല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ ഏഴ് അംഗങ്ങള്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് കഴിഞ്ഞ 19ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇരട്ടപദവി ആരോപണമുന്നയിച്ചാണ് കരുണാകരന്‍ പിള്ളയെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി ഏഴ് ഡയറക്ടര്‍മാര്‍ ജോയിന്റ് രജിസ്ട്രാറെ സമീപിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് മണ്ഡലം കമ്മിറ്റി നേതാക്കള്‍ കഴിഞ്ഞയാഴ്ച മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആര്യാടന്‍ മുഹമ്മദ് കരുണാകരന്‍ പിള്ളയെ ഫോണില്‍ വിളിച്ചിരുന്നു.
ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് ആര്യാടന്‍ മുഹമ്മദ് വിളിച്ചത്. എന്നാല്‍, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാജി വയ്ക്കില്ലെന്ന നിലപാടിലാണ് കരുണാകരന്‍ പിള്ള. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ആളാണ് കരുണാകരന്‍ പിള്ള. വന്‍ കടബാധ്യതയില്‍ നിന്നു ബാങ്കിനെ വന്‍ ലാഭത്തിലേക്കെത്തിച്ചതിന് പിന്നില്‍ കരുണാകരന്‍ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണ്.
തന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടെങ്കില്‍ രാജിവയ്ക്കാമെന്ന നിലപാടിലാണിദ്ദേഹം. ഇരട്ട പദവിയാണ് പ്രശ്‌നമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഷൗക്കത്തടക്കം ഇരട്ട പദവി വഹിക്കുന്നവരാണ്. മിക്ക നേതാക്കളും പാര്‍ട്ടി ഭാരവാഹിത്വവും ഒപ്പം സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹിത്വവും അതിലുപരി ജനപ്രതിനിധികളുമാണ്. ഇതിനും പുറമെ മറ്റ് ചില സര്‍ക്കാര്‍ ഏജന്‍സികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം വഹിക്കുന്നവരുമുണ്ട്.
ഇക്കാര്യങ്ങള്‍ മറന്നാണ് ആര്യാടന്‍ മുഹമ്മദ് കരുണാകരന്‍ പിള്ളയുടെ രാജി ആവശ്യപ്പെട്ടിട്ടുള്ളത്. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതനടക്കമുള്ള നിരവധി നേതാക്കള്‍ ഇരട്ടപദവി വഹിക്കുന്നവരാണെന്ന് ഒരു വിഭാഗം സമര്‍ഥിക്കുന്നുണ്ട്. പോത്തുകല്‍ സഹകരണ ബാങ്കില്‍ പതിനൊന്ന് ഡയറക്ടര്‍മാരാണ്.
ഇടതിന് രണ്ടും മുസ്‌ലിംലീഗിന് ഒന്നും, കോണ്‍ഗ്രസിന് എട്ടും അംഗങ്ങളാണുള്ളത്. ഇതില്‍ ഇടത് സീറ്റില്‍ നിന്ന് മല്‍സരിച്ച സി ആര്‍ പ്രകാശാണ് ഇപ്പേഴത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്. ഇടതിലെ മറ്റൊരു ഡയറക്ടര്‍ മുന്‍ കേണ്‍ഗ്രസ് നേതാവായ കെ സി തോമസ് എന്ന അച്ചന്‍കുഞ്ഞാണ്. കോണ്‍ഗ്രസ് അംഗങ്ങളില്‍ ഏഴ് പേരാണ് കരുണാകരന്‍ പിള്ളയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്.
എന്നാല്‍, ഇവരുടെ പിന്നില്‍ ചില മണ്ഡലം നേതാക്കളാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി വി പ്രകാശിനെ തഴഞ്ഞ് ആര്യാടന്‍ ഷൗക്കത്തിന് സീറ്റ് നല്‍കിയത് മുതല്‍ നിലമ്പൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പൊട്ടിത്തെറി ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഷൗക്കത്തിന് വന്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നത് ഇതിന്റെ തുടക്കമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക