|    Sep 22 Sat, 2018 12:50 am
FLASH NEWS

പോത്തുകല്‍ പഞ്ചായത്ത് 10ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; ഇരുകക്ഷികള്‍ക്കും നിര്‍ണായകം

Published : 28th May 2018 | Posted By: kasim kzm

എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഈ മാസം 31ന്. പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വാര്‍ഡംഗമായിരുന്ന സിപിഎമ്മിലെ സി എച്ച് സുലൈമാന്‍ ഹാജി രാജിവച്ച ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചുമട്ട് തൊഴിലാളിയായ സിദ്ദീഖ് എന്ന അബൂബക്കറാണ് ഇടത് സ്ഥാനാര്‍ഥി.
സിപിഎം വിട്ട് യുഡിഎഫില്‍ ചേക്കേറിയ സുലൈമാന്‍ ഹാജിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി വെളുമ്പിയംപാടം സ്വദേശി ശരത്തും മല്‍സരിക്കുന്നു. ഇടതിനും വലതിനും നിര്‍ണായകമാണ് പോത്തുകല്‍ വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. ഏത് സ്ഥാനാര്‍ഥി വിജയിക്കുന്നുവോ ആ കക്ഷി പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലെത്തും. 18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്‍പത് സീറ്റുകള്‍ നേടിയ യുഡിഎഫായിരുന്നു ഭരണം നടത്തിയിരുന്നത്. ഇതിനിടെ ഞെട്ടുക്കുളം വാര്‍ഡംഗമായിരുന്ന താര അനില്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയും ഇടത് സ്ഥാനാര്‍ഥി രജനി വിജയിക്കുകയും ചെയ്തു. ഇതോടെ ഭരണം ഇടത് പക്ഷത്തിനായി.
സിപിഎം അംഗമായ സി സുഭാഷിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു മാസമായി ഇടതുപക്ഷമാണ് പഞ്ചായത്ത് ഭരിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി തീരുമാനമെടുത്തുവന്നാരോപിച്ച് കഴിഞ്ഞ മാസം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്വവും പിന്നീട് ഗ്രാമപ്പഞ്ചായത്ത് അംഗത്വവും സുലൈമാന്‍ ഹാജി രാജിവച്ചിരുന്നു. പാര്‍ട്ടി സ്ഥാനങ്ങളും ഗ്രാമപ്പഞ്ചായത്തംഗത്വവും രാജിവയ്ക്കുന്നതിനുമുന്‍പുതന്നെ ഹാജിയാര്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എന്നിവരെ കണ്ടിരുന്നു. പാര്‍ട്ടി വിട്ട ഇയാള്‍ യുഡി.എഫ് ക്യാപില്‍ ചേക്കേറുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ സുലൈമാന്‍ ഹാജിയെ പ്രസിഡന്റാക്കാമെന്ന രഹസ്യ ധാരണയുള്ളതായി പറയപ്പെടുന്നു. എന്നാല്‍ മുന്‍ മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് സീനിയര്‍ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കരുണാകരന്‍ പിള്ളയടക്കമുള്ള ചില നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ഈ തീരുമാനത്തില്‍ കടുത്ത അതൃപ്തിയുണ്ട്.
ഒരു സുപ്രഭാതത്തില്‍ സിപിഎം വിട്ട് യുഡിഎഫില്‍ ചേക്കേറിയ സുലൈമാന്‍ ഹാജിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ തയ്യാറായിട്ടുമില്ല. ഇരു മുന്നണികളും പ്രചരണരംഗത്ത് സജീവമായി നില്‍ക്കുന്നു. നാലും അഞ്ചും തവണ വീടുകള്‍ തോറും കയറിയിറങ്ങി വോട്ടര്‍മാരെ കണ്ടുകഴിഞ്ഞു.
1051വോട്ടര്‍മാരാണ് പോത്തുകല്‍ വാര്‍ഡിലുള്ളത്. കഴിഞ്ഞ തവണ 64വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാനാര്‍ഥിയായിരുന്ന സുലൈമാന്‍ ഹാജി വാര്‍ഡില്‍ വിജയിച്ചത്. നിര്‍ണായക തിരഞ്ഞെടുപ്പായതിനാല്‍ രാവും പകലുമില്ലാതെ സ്ഥാനാര്‍ഥികളും പാര്‍ട്ടിയും രംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss