|    Jul 22 Sat, 2017 12:29 pm
FLASH NEWS

പോത്തുകല്ല് സഹകരണ ബാങ്ക്; കരുണാകരന്‍ പിള്ള പ്രസിഡന്റ് സ്ഥാനം രാജിവച്ചു

Published : 14th October 2016 | Posted By: Abbasali tf

എടക്കര: പോത്തുകല്ല് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം  സി കരുണാകരന്‍ പിള്ള രാജിവച്ചു. ബാങ്കിന്റെ ഡയറക്ടര്‍മാര്‍ പിള്ളയ്‌ക്കെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് രാജി. ഹര്‍ത്താല്‍ ദിനമായ ഇന്നലെയാണ് കരുണാകരന്‍ പിള്ള ബാങ്ക് സെക്രട്ടറി വര്‍ഗീസ് മുമ്പാകെ രാജിക്കത്ത് നല്‍കിയത്. വെള്ളിയാഴ്ച അവിശ്വാസത്തിനുമേല്‍ ചര്‍ച്ചചെയ്യുന്നതിനായി ഭരണസമിതി യോഗം വിളിച്ചിരുന്നു. എന്നാല്‍, രാജി നല്‍കിയ സാഹചര്യത്തില്‍ ഇനി അവിശ്വാസത്തിന്‍മേല്‍ ചര്‍ച്ചയുടെ ആവശ്യമുണ്ടാവില്ല. ഏഴു ഡയറക്ടര്‍മാരാണ് ആകെയുളളത്. ആറുപേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും ഒരാള്‍ കേരളാ കോണ്‍ഗ്രസ്സില്‍ നിന്നുമാണ്. പോത്തുകല്ല് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റായിരുന്ന കരുണാകരന്‍ പിള്ള കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോത്തുകല്ല് പഞ്ചായത്തിലേക്ക് മല്‍സരിച്ച് വിജയിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് സ്ഥാനം സിപിഎമ്മില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന പ്രകാശിന് നല്‍കുകയും ചെയ്തു. അതേസമയം, അദ്ദേഹം സഹകരണ ബാങ്കിന്റെ പ്രസിഡന്റായി തുടരുകയായിരുന്നു. ഇതിനിടെയാണ് ഇരട്ടപദവി ആരോപിച്ച്, ബാങ്ക് പ്രസിഡന്റ് സ്ഥാനം കരുണാകരന്‍ പിള്ള രാജിവയ്ക്കണമെന്ന ആവശ്യവുമായി ബാങ്ക് ഡയറക്ടര്‍മാര്‍ രംഗത്തെത്തിയത്. ഇതോടെ പാര്‍ട്ടിയില്‍ നിന്നുള്ള ചിലര്‍ പ്രസിഡന്റ് സ്ഥാനത്തിന് അവകാശമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കരുണാകരന്‍ പിള്ളയോട് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ബാങ്കിലെ മറ്റ് ഡയറക്ടര്‍മാര്‍ എല്ലാവരും ചേര്‍ന്ന് പ്രസിഡന്റിനെതിരേ മലപ്പുറത്ത് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ഇന്ന് അവിശ്വാസ പ്രമേയം നടക്കാനിരിക്കെയാണ് പിള്ള വ്യാഴാഴ്ച രാജിക്കത്ത് സെക്രട്ടറിക്ക് നല്‍കിയത്. ഈ പദവികള്‍ക്ക് പുറമെ ദേശീയ തൊഴിലുറപ്പ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, ഐഎന്‍ടിയുസി സംസ്ഥാന കമ്മറ്റിയംഗം, ആശാ വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളും കരുണാകരന്‍ പിള്ള വഹിക്കുന്നുണ്ട്. ഇന്ന് ചേരുന്ന ബാങ്ക് ഭരണസമിതി യോഗത്തില്‍ രാജി സ്വീകരിക്കുമെന്ന് കരുതുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക