|    Feb 22 Wed, 2017 11:55 pm
FLASH NEWS

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്; പുതിയ ഭരണസമിതിയെ ഇന്നു തിരഞ്ഞെടുക്കും

Published : 21st November 2016 | Posted By: SMR

കഴക്കൂട്ടം: കഴിഞ്ഞ എട്ടിന് അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസ്സിനെ താഴെയിറക്കി എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്ത പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഇന്നു തിരഞ്ഞെടുക്കും. രാവിലെ 10.30നു പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്കു ശേഷം 2.30നു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.കോണ്‍ഗ്രസ് അംഗമായിരുന്ന തുമ്പ വാര്‍ഡിലെ ജോളി പത്രോസിനെയാണു പ്രസിഡന്റായി എല്‍ഡിഎഫ് തിരഞ്ഞെടുക്കുക. ഇതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതില്‍ മാറ്റമുണ്ടാവുന്നതിന് യാതൊരു സാഹചര്യവുമില്ലെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വൈസ് പ്രസിഡന്റായി വേങ്ങോട് വാര്‍ഡിലെ എല്‍ഡിഎഫ് അംഗവും കഴിഞ്ഞ ഒരു വര്‍ഷക്കാലം പ്രതിപക്ഷ നേതാവുമായിരുന്ന യാസര്‍ ആയിരിക്കും. ആകെ 13 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള യുഡിഎഫ് ആണു ഭരണത്തിലുണ്ടായിരുന്നത്. ഇതിനിടെയാണു ഭരണസമിതിക്കെതിരേ ഭരണസ്തംഭനവും അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച് പ്രതിപക്ഷം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞമാസം അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ എട്ടിന് പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിലെ ജോളി പത്രോസ് വിപ്പ് ലംഘിച്ച് അനുകൂല നിലപാടെടുത്തതോടെയാണു പ്രമേയം പാസായത്. ഇതേപോലെയായിരുന്നു ഉച്ചയ്ക്ക് 2.30ന് നടന്ന വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയിലും സംഭവിച്ചത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് യുഡിഎഫ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ തന്നെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവിയെ ചൊല്ലി ഏറേ കോലാഹലങ്ങള്‍ സംഭവിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്്ത് അധികാരത്തിലെത്തിയെങ്കിലും പലതവണ ക്വാറം തികയാതെ വന്നതിനെ തുടര്‍ന്നു ബ്ലോക്ക് കമ്മിറ്റി നടക്കാതെയും വന്നു. യുഡിഎഫ് ഭരണസമിതിക്കുള്ളിലെ ശക്തമായ ഗ്രൂപ്പിസവും അധികാരമോഹവുമാണ് എല്‍ഡിഎഫ് മുതലെടുത്തത്.  വിപ്പ് ലംഘിച്ച് എല്‍ഡിഎഫിനെ അനുകൂലിച്ച് കോണ്‍ഗ്രസ്സിന്റെ ഭരണം നഷ്ടപ്പെടുത്തിയ ജോളി പത്രോസിനെതിരേ തിരഞ്ഞെടുപ്പു കമ്മീഷന് കോണ്‍ഗ്രസ് കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. ഒപ്പം ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആറ് മാസത്തിനകം ഇവര്‍ക്കെതിരേ നടപടി ഉണ്ടാവാനാണു സാധ്യത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക