|    Nov 21 Wed, 2018 1:02 am
FLASH NEWS
Home   >  Sports  >  Football  >  

പോഗ്ബയെ ആര് സ്വന്തമാക്കും; യുനൈറ്റഡോ ബാഴ്‌സയോ

Published : 7th August 2018 | Posted By: jaleel mv

 


ലണ്ടന്‍ : ലോകകിരിടം ചൂടിനില്‍ക്കുന്ന പോള്‍ പോഗ്ബയെന്ന ഫ്രഞ്ച് മധ്യനിര താരത്തിനു വേണ്ടിയുള്ള കടിപിടിയിലാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ബാഴ്‌സലോണയും. നിലവില്‍, യുനൈറ്റഡ് താരമാണ് പോഗ്ബ. മാഞ്ചസ്റ്റര്‍ ആരാധകരേയും ടീമിനേയും ഒരുപോലെ പ്രതിസന്ധിയിലാഴ്ത്തുകയാണ് പോഗ്ബയ്ക്കു വേണ്ടിയുള്ള സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ നീക്കങ്ങള്‍. പോഗ്ബയെ കൂടാരത്തിലെത്തിക്കാന്‍ കാറ്റലന്‍സ് ക്ലബ്ബ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപോര്‍ട്ടുകള്‍. ഏകദേശം 40 ദശലക്ഷം പൗണ്ടും അതോടൊപ്പം തന്നെ ടീമിലുള്ള രണ്ടു താരങ്ങളേയും പോഗ്ബക്കു പകരം യുനൈറ്റഡിനു നല്‍കാന്‍ തയ്യാറാണെന്ന് ബാഴ്‌സലോണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രതിരോധ നിര താരം യെറി മിനയേയും മധ്യനിര താരം ആന്ദ്രേ ഗോമസിനേയുമാണ് പോഗ്ബക്കു പകരം വിട്ടുല്‍കാന്‍ ബാഴ്‌സലോണ തയ്യാറായിരിക്കുന്നത്. ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന താരങ്ങളെ പകരം നല്‍കി പോഗ്ബയെ കൂടാരത്തിലെത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് ക്ലബ്ബ് അധികൃതര്‍ താരത്തില്‍ തല്‍പരരാണെന്ന് വ്യക്തമാണ്. പോഗ്ബയുടെ സഹ മധ്യനിര താരം നെമാഞ്ച മാറ്റിച്ച് പരിക്കേറ്റതിനാല്‍ ശുശ്രൂഷയിലാണെന്നതും ടീമില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യെറി മിനയെ ഇംഗ്ലീഷ് ക്ലബ്ബായ എവര്‍ട്ടണും ഗോമസിനെ വെസ്റ്റ് ഹാം യുനൈറ്റഡും നോട്ടമിട്ടിരിക്കുന്ന സമയത്താണ് ബാഴ്‌സലോണയുടെ പകരം വെക്കല്‍ നയം. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഏതു ക്ലബ്ബില്‍ കളിക്കണമെന്ന പോഗ്ബയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും യെറി മിനയും ആന്ദ്രേ ഗോമസിനേയും ഏതു ക്ലബ്ബിലേക്കു പറഞ്ഞയക്കണമെന്നുള്ള ബാഴ്‌സലോണയുടെ തീരുമാനം. പോഗ്ബ യുനൈറ്റഡ് വിട്ടു പോവുമോ അതോ ക്ലബ്ബില്‍ തുടരുമോ എന്നത് കോച്ച് മോറീഞ്ഞോയ്്ക്കും അത്രക്ക് ഉറപ്പില്ലെന്നാണ് കേള്‍വി. പൊതുവെ പോഗ്ബയെ ആശ്രയിച്ചു നീങ്ങുന്ന യുനൈറ്റഡ് മധ്യനിരയെ താരത്തിന്റെ പെട്ടെന്നുള്ള ഇറങ്ങി പോക്ക് സാരമായി ബാധിക്കും. ഇക്കാര്യം നന്നായി അറിയാവുന്ന മോറീഞ്ഞോ മറ്റൊരു മധ്യനിര താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ഒരുങ്ങുന്നുണ്ട്. സെര്‍ബിയന്‍ മധ്യനിര താരം സെര്‍ജിക് മിലിന്‍കോവിച്ചിനെ യുനൈറ്റഡിലെത്തിക്കാനാണ് കോച്ചിന്റെ ശ്രമം. താരങ്ങളെ ടീമിലെത്തിക്കുന്ന കാര്യത്തില്‍ മനേജുമെന്റുമായുള്ള സ്വരചേര്‍ച്ചകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയയൊരു താരത്തെ ടീമിലെത്തിക്കുന്നത് അത്രക്ക് എളുപ്പമല്ലെന്ന് മോറീഞ്ഞോയ്ക്ക് നന്നായറിയാം. പോഗ്ബയെ തല്‍കാലം മറ്റു ക്ലബ്ബുകള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുനൈറ്റഡ് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താരം ഏതു ടീമില്‍ നില്‍ക്കുമെന്ന തീരുമാനത്തേക്കാള്‍ മോശമാണ് പോഗ്ബയും കോച്ച് മോറീഞ്ഞോയും തമ്മിലുള്ള പ്രശ്‌നങ്ങള്‍. പോഗ്ബയെ അടുത്ത സീസണില്‍ മറ്റു ക്ലബ്ബുകള്‍ക്ക് നല്‍കാന്‍ ഒരുക്കമാണെന്ന് മോറീഞ്ഞോ കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞിരുന്നു. ഒരു പക്ഷെ കോച്ച് സ്വപ്‌നത്തില്‍ പോലും കണ്ടു കാണില്ല ലോകകപ്പില്‍ പോഗ്ബ ഇത്ര മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന്. അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ചാംപ്യന്‍സ് കപ്പില്‍ പോഗ്ബയില്ലാതെയിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്നേറ്റ നിര തകര്‍ന്നടിഞ്ഞിരുന്നു. പോഗ്ബയുടെ ലോകകപ്പ് പ്രകടനത്തെ പുകഴ്ത്തിയ മോറീഞ്ഞോ മറ്റൊരു വെടിപൊട്ടിച്ചാണ് പോയത്. എന്തു കൊണ്ടാണ് ലോകകപ്പില്‍ പോഗ്ബയ്ക്കു മികച്ച പ്രകടനം നടത്താന്‍ സാധിച്ചതെന്നാണ് ആരാധകരോട് ചോദിച്ച മോറീഞ്ഞോ തന്റേയും ക്ലബ്ബിന്റേയും പരിശ്രമമാണ് താരത്തിന്റെ ഉയര്‍ച്ചക്കു കാരണമെന്ന് പറയാതെ പറഞ്ഞു. പോഗ്ബയുടെ മുഴുവന്‍ പ്രതിഭയും ക്ലബ്ബിനു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ചെയ്യാന്‍ കഴിയുന്നത് അദ്ദേഹം ക്ലബ്ബിനായി നല്‍കുക മാത്രമാണ് ചെയ്തത്. ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ഏതൊരു ഫുട്‌ബോള്‍ താരത്തിനും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. ലോകകപ്പ് അവസാനിക്കുന്നതു വരെ താരങ്ങളെല്ലാവരും ഒറ്റപ്പെട്ട പരിശീലന ക്യാംപിലാണ് കഴിയുന്നത്. ഇതുമൂലം താരങ്ങള്‍ക്ക് പുറം ലോകമായിട്ടുള്ള ബന്ധം പോലും കുറവാണ്. ഇത് ഏതൊരു താരത്തിനേയും ഫുട്‌ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്ന് മോറീഞ്ഞോ പറഞ്ഞു. ബയേണ്‍ മ്യൂണിക്ക് താരം ജെറോം ബോട്ടെങുമായി കരാറിലെത്താനും യുനൈറ്റഡ് ശ്രമിക്കുന്നുണ്ട്. താരത്തെ കൂടാരത്തിലെത്തിക്കാന്‍ കൈമാറേണ്ട തുക സംബന്ധിച്ചാണ് ജെറോമുമായുള്ള കരാര്‍ വൈകുന്നത്. അടുത്ത മാസം 30 വയസ്സ് തികയുന്ന താരത്തിന് ട്രാന്‍സ്ഫറിനായി 50 ദശലക്ഷം യൂറോയാണ് ബയേണ്‍ ആവശ്യപ്പെടുന്നത്. 40 ദശലക്ഷം മാത്രമെ നല്‍കാന്‍ സാധിക്കു എന്നാണ് യുനൈറ്റഡിന്റെ തീരുമാനം.ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പോഗ്ബയെ വിട്ടുനല്‍കരതെന്ന് യുനൈറ്റഡിനായി 450 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ ഇതിഹാസ താരം റിയോ ഫെര്‍ഡിനാഡ് ട്വീറ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss