|    Apr 22 Sun, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പോകിമോന്‍ ഗോ ഗെയിം: മുന്നറിയിപ്പുമായി സൗദിയും കുവൈത്തും യുഎഇയും

Published : 19th July 2016 | Posted By: sdq

നിഷാദ് അമീന്‍

ജിദ്ദ: ലോകത്ത് തരംഗമായി മാറിയ പോകിമോന്‍ ഗോ എന്ന സ്മാര്‍ട്ട് ഫോണ്‍ ഗെയിം ജിസിസി രാജ്യങ്ങളിലും ചര്‍ച്ചാവിഷയമാവുന്നു. മൊബൈല്‍ ഗെയിം ഒഴിച്ചുകൂടാനാവാത്ത ന്യൂജന്‍ വിഭാഗത്തിന് മാത്രമല്ല, ഏതു പ്രായത്തിലുള്ളവരെയും ഹരംകൊള്ളിക്കാനുള്ള വിഭവവുമായാണ് പോകിമോന്റെ വരവ്.
ഈമാസം ആറിനാണ് ഗെയിം ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തത്. ഗെയിം കളിക്കാന്‍ കാമറയുള്ള മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മതി. സ്മാര്‍ട്ട് ഫോണിലെ ജിപിഎസ്, ക്ലോക്ക്, കാമറ എന്നിവ ഉപയോഗിച്ച് കളിക്കുന്നവരുടെ പരിസരത്തെ പശ്ചാത്തലം ഗെയിമിന് ഉപയോഗപ്പെടുത്തുന്നു. വ്യത്യസ്ത രീതിയില്‍ രൂപകല്‍പന ചെയ്ത പോകിമോന്‍ ജീവികള്‍ ഗെയിം കളിക്കുന്നവരുടെ പരിസരങ്ങളിലൂടെ ഓടി നടക്കുന്ന പ്രതീതിയും അവയെ പന്തെറിഞ്ഞു വീഴ്ത്തുന്നതുമാണ് കളിയിലെ ഹരം. റോഡിലൂടെ നടന്നുകൊണ്ടു കളിക്കുന്ന ഒരാള്‍ക്ക് റോഡരികിലൂടെ തുള്ളിച്ചാടി നടക്കുന്ന പോകിമോന്‍ കിളികളെയും ജീവികളെയുമാണ് എറിഞ്ഞു വീഴ്‌ത്തേണ്ടത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഔദ്യോഗികമായി പോക്കിമോന്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തിട്ടില്ല. അതിനാല്‍ ലോക്കല്‍ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ ലഭ്യമല്ലെങ്കിലും വിപിഎന്‍ ഉപയോഗിച്ച് വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് സുരക്ഷാ മുന്നറിയിപ്പുമായി സൗദിയും കുവൈത്തും യുഎഇയും രംഗത്തെത്തിയത്.
പൊതുസ്ഥലത്തും വീടുകളിലും കാമറ ഉപയോഗിക്കുന്നതിനാല്‍ ഗെയിം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും സ്വകാര്യത ലംഘിക്കുന്നതാണെന്നും സൗദി ടെലികോം അതോറിറ്റി ചൂണ്ടിക്കാട്ടി. മുതിര്‍ന്നവരും കുട്ടികളും ഈ ഗെയിം കളിക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഓഫിസുകളുടെയും മറ്റു കാര്യാലയങ്ങളുടെയും സൈനിക-പോലിസ് വിഭാഗങ്ങളുടെയും ഓഫിസുകളുടെയും ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. പോകിമോന്‍ ജീവികളെ പിന്തുടര്‍ന്ന് അശ്രദ്ധമായി നിയന്ത്രണമുള്ള സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുത്. വീടുകളിലും മറ്റു സ്വകാര്യ ഇടങ്ങളിലും ഇത്തരത്തില്‍ ഫോണ്‍ കാമറകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി (ട്രായ്) മുന്നറിയിപ്പ് നല്‍കി. നഗരത്തിലൂടെ നടക്കുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അബൂദബി പോലിസ് ചൂണ്ടിക്കാട്ടി.
ഓഗ്‌മെന്റഡ് റിയാലിറ്റി മാപ്പുമായി സംയോജിപ്പിച്ചാണ് ഗെയിം രൂപപ്പെടുത്തിയത്. പോകിമോന്‍ ഗെയിമിന്റെ ചില വേര്‍ഷനുകളില്‍ തൊട്ടടുത്തുള്ള പോകിമോന്‍ ഹണ്ടേഴ്‌സുമായി ആശയ വിനിമയം നടത്തുന്ന രീതികളുമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പൊതുസ്ഥലങ്ങളില്‍ വരെ മൊബൈല്‍ ഗെയിം ഭ്രാന്തന്‍മാരെ സൃഷ്ടിക്കുന്നതാവും ഗെയിമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ആസ്‌ത്രേലിയ, വടക്കെ അമേരിക്ക, ന്യൂസിലാന്‍ഡ് ഗൂഗിള്‍ പ്ലേ മാര്‍ക്കറ്റുകളിലാണ് ഗെയിം ഇപ്പോള്‍ ലഭ്യമാവുന്നത്.
ഫ്‌ളോറിഡയില്‍ ഒരു വീടിന്റെ മുന്നില്‍ കാറിലിരുന്ന പോകിമോന്‍ ഗെയിം കളിച്ച കുട്ടികളെ കൊള്ളക്കാരെന്നു തെറ്റിദ്ധരിച്ച വീട്ടുടമ വെടിവച്ചത് ബിബിസി റിപോര്‍ട്ട് ചെയ്തു. എന്തെങ്കിലും കിട്ടിയോയെന്ന് കുട്ടികളിലൊരാള്‍ ഉറക്കെ ചോദിച്ചതാണ് സംശയത്തിനിടയാക്കിയതെന്നും കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതോടെ വെടിയുതിര്‍ത്തതാണെന്നും വീട്ടുടമ മൊഴിനല്‍കി.
സിഡ്‌നിയിലെ ഒരു പാര്‍ക്കില്‍ പോക്കിമോന്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന ദമ്പതികളെ തോക്കുധാരി ഭീഷണിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. ഏതായാലും പോകിമോന്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമോയെന്ന് ജിസിസി രാജ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss