|    Sep 22 Fri, 2017 7:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പോകിമോന്‍ ഗോ ഗെയിം തരംഗമാവുന്നു

Published : 17th July 2016 | Posted By: sdq

ദോഹ: മൊബൈല്‍ ഗെയിമിന്റെ ഹരം പിടിപ്പിക്കുന്ന പുതിയ എഡിഷന്‍ പോകിമോന്‍ ഗോ തരംഗമാവുന്നു. രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിനു മുമ്പ് തന്നെ ഹരമായി മാറിയ സ്മാര്‍ട്ട് ഫോണ്‍ ഗെയിം പുതിയ സാധ്യതകള്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ എല്ലാ പ്രായക്കാരെയും ഹരം കൊള്ളിക്കും. അതേസമയം ഈ ഗെയിമിന് അപകടസാധ്യത കൂടുതലാണെന്ന മുന്നറിയിപ്പും വിവിധ കോണുകളില്‍ നിന്നുണ്ടാവുന്നുണ്ട്. റോഡുകളിലും പാര്‍ക്കുകളിലും തെരുവുകളിലുമെല്ലാം അതാതു പശ്ചാലത്തിന്റെ റിയാലിറ്റിയില്‍ നിന്നു കളിക്കാമെന്നതാണ് ഈ ഗെയിമിന്റെ പ്രത്യേകതയും ആകര്‍ഷണീയതയും. അതുകൊണ്ടുതന്നെയാണ് വിനോദത്തിനും വിസ്മയത്തിനുമൊപ്പം സുരക്ഷാ പ്രശ്‌നങ്ങളും അപകട ഭീഷണിയും സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎഇ പോകിമോന്‍ ഗെയിമിനെതിരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ലോകത്ത് തരംഗമായി മാറിയ പോകിമോന്‍ ഗെയിം ഈ മാസം ആറിനാണ് ലോഞ്ച് ചെയ്തത്. ഓഗ്‌മെന്റഡ് റിയാലിറ്റി മാപ്പുമായി സംയോജിപ്പിച്ചാണ് ഗെയിം രൂപപ്പെടുത്തിയത്. സ്മാര്‍ട്ട് ഫോണിലെ ജിപിഎസ്, ക്ലോക്ക്, കാമറ എന്നിവ കൂടി ഉപയോഗിച്ചാണ് കളിക്കുന്നവരുടെ പരിസരത്തെ പശ്ചാത്തലം ഗെയിമിന് ഉപയോഗപ്പെടുത്തുന്നത്. വ്യത്യസ്ത രീതിയില്‍ രൂപകല്‍പന ചെയ്ത പോകിമോന്‍ ജീവികള്‍ ഗെയിം കളിക്കുന്നവരുടെ പരിസരങ്ങളിലൂടെ ഓടി നടക്കുന്ന പ്രതീതിയും അവയെ പന്തെറിഞ്ഞു വീഴ്ത്തുന്നതുമാണ് കളിയിലെ ഹരം. റോഡിലൂടെ നടന്നു കൊണ്ടു കളിക്കുന്ന ഒരാള്‍ക്ക് റോഡരികിലൂടെ തുള്ളിച്ചാടി നടക്കുന്ന പോകിമോന്‍ കിളികളെയും ജീവികളെയുമാണ് എറിഞ്ഞു വീഴ്‌ത്തേണ്ടത്.
റോഡരികലും റോഡിലും സീബ്രാ ലൈനിലുമെല്ലാം പോകിമോന്‍ കളിച്ചു കൊണ്ടു നടക്കുന്നവര്‍ പരിസരം മറന്നുപോകാന്‍ സാധ്യത ഏറെയാണെന്നത് ആശങ്കയുണ്ടാക്കുന്നു. പോകിമോന്‍ ഗെയിമിന്റെ ചില വേര്‍ഷനുകളില്‍ തൊട്ടടുത്തുള്ള പോകിമോന്‍ ഹണ്ടേഴ്‌സുമായി ആശയ വിനിമയം നടത്തുന്ന രീതികളുമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ പൊതുസ്ഥലങ്ങളില്‍ വരെ മൊബൈല്‍ ഗെയിം ഭ്രാന്തന്‍മാരെ സൃഷ്ടിക്കുന്നതാകും ഗെയിമെന്ന് വിമര്‍ശനം ഉയര്‍ന്നതായി ദോഹ ന്യൂസ് അഭിപ്രായപ്പെട്ടു.
ആസ്‌ത്രേലിയ, വടക്കെ അമേരിക്ക, ന്യൂസിലാന്‍ഡ് ഗൂഗിള്‍ പ്ലേ മാര്‍ക്കറ്റുകളിലാണ് ഗെയിം ഇപ്പോള്‍ ലഭ്യമാകുന്നത്. ഖത്തറില്‍ ഉടന്‍ ലഭ്യമാകുമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍, വിപിഎന്‍ ഉപയോഗിച്ച് പലരും പോകിമോന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതായി റിപോര്‍ട്ട് പറയുന്നു. ഖത്തറിലെ പോകിമോന്‍ കമ്പക്കാര്‍ ഇതിനകം ട്വിറ്ററിലും ഫേസ്ബുക്കിലും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഗെയിമിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. ത്രില്ലടിപ്പിക്കുന്ന ഗെയിമിന്റെ അനുഭവങ്ങള്‍ ഗെയിം കമ്പക്കാര്‍ പങ്കുവയ്ക്കുമ്പോള്‍ അപകട സാധ്യതകള്‍ ഏറെയെന്ന് വിമര്‍ശകര്‍ പറയുന്നു. പോകിമോന്‍ ഗോ ഗെയിം താമസംവിനാ രാജ്യത്തും തരംഗമാവുമെന്നാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക