|    Oct 20 Sat, 2018 8:43 pm
FLASH NEWS

പൊളിഞ്ഞത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന

Published : 22nd September 2017 | Posted By: fsq

 

തൊടുപുഴ: വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്നു പിരിച്ചുവിട്ട മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. അതേസമയം, തെക്കന്‍കേരളത്തിലെ മൂന്ന് ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടെന്ന തേജസ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പ്രസ്താവന പൊളിയുകയും ചെയ്തു. ടി കെ നവാസ് ആണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി സി എം അന്‍സാര്‍, സലീം ഗ്രൂപ്പിലെ പഴയ ജനറല്‍ സെക്രട്ടറി വി എം റസാഖ് ഖജാഞ്ചിയായി. സി പി അനസ്, പി എച്ച് സുധീര്‍, ഫൈസല്‍ കിണറ്റിന്‍കര, പി കെ നൗഫല്‍, എ എം നജീബ് (വൈസ് പ്രസിഡന്റുമാര്‍). ഇ എ എം അമീന്‍, അര്‍ഷദ്, ഇബ്രാഹീം, അന്‍ഷാദ് കുറ്റിയാനി, ടി എം അഷ്‌റഫ്, പി എം നിസാമുദ്ദീന്‍ (സെക്രട്ടറിമാര്‍) എന്നിങ്ങനെയാണു പുതിയ കമ്മിറ്റി. അതേസമയം, പുതിയ പുനസ്സംഘാടനത്തിനെതിരേയും ഒരുവിഭാഗം ആക്ഷേപങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗിലെ ഗ്രൂപ്പിസം തന്നെ യൂത്ത് ലീഗ് ഘടകത്തിലേക്കും വ്യാപിച്ചതോടെയാണ് നേരത്തെ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. എന്നാല്‍, അതിപ്പോഴും പരിഹരിക്കാരെ സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായി നേതൃത്വത്തത്തെ തിരഞ്ഞെടുത്തു എന്നാണ് ഇവരുടെ വാദം. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലീമും ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂറും നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളാണ് യൂത്ത് ലീഗിന്റെ നേതൃത്വം പിടിച്ചെടുക്കാന്‍ കരുക്കള്‍ നീക്കിയത്. ടി എം സലീം ഗ്രൂപ്പില്‍പ്പെട്ട ടി കെ നവാസാണ് വര്‍ഷങ്ങളായി യൂത്ത് ലീഗിന്റെ തലപ്പത്ത്. പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിയില്‍ പ്രസിഡന്റും സെക്രട്ടറിയും ടി എം സലീം ഗ്രൂപ്പിലുള്ളതായിരുന്നു. കെ എം എ ഷുക്കൂര്‍ വിഭാഗത്തിലെ സി എം അന്‍സാര്‍ ആയിരുന്നു ജില്ലാ ഖജാഞ്ചി. ഇദ്ദേഹം അടക്കമുള്ള നാല് ജില്ലാ കമ്മിറ്റിയംഗങ്ങളെ മുനവ്വറലി ശിഹാബ് തങ്ങളുടെ പര്യടനം അട്ടിമറിച്ചെന്നാരോപിച്ചു പുറത്താക്കുകയും ചെയ്തിരുന്നു. പ്രശ്‌ന പരിഹാരം എന്ന നിലയ്ക്ക് സി എം അന്‍സാറിനെ ജില്ലാ ജനറല്‍ സെക്രട്ടറിയാക്കുകയും കമ്മിറ്റിയില്‍ നിന്നു പുറത്താക്കിയവരെ തിരിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടെന്ന് തേജസ് വാര്‍ത്തയെ തുടര്‍ന്ന് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രസ്ഥാനങ്ങള്‍ക്കെതിരേ രാഷ്ട്രീയ ആരോപണങ്ങള്‍ നിരത്തി മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ഈ പ്രസ്ഥാനങ്ങളില്‍ നിന്ന് രാജിവച്ച് പ്രവര്‍ത്തകര്‍ യൂത്ത് ലീഗില്‍ ചേരുന്നതിന്റെ അമര്‍ഷമാണ് വാര്‍ത്തയ്ക്കു പിന്നിലെന്നായിരുന്നു ആക്ഷേപം. പച്ചക്കള്ളം നിരത്തി യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു എന്നാണ് ജില്ലാ കമ്മിറ്റി പുനസ്സംഘാടനത്തിലൂടെ മനസ്സിലാവുന്നത്. തെക്കന്‍കേരളത്തിലെ മൂന്ന് ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടെന്ന വാര്‍ത്ത തേജസിനു ലഭിച്ചത് കണ്ടുപിടിക്കാന്‍ യൂത്ത് ലീഗ് നേതൃത്വം അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗിലെയും യൂത്ത് ലീഗിലെയും വിഭാഗീയത സഹിക്കവയ്യാതെ തെക്കന്‍ കേരളത്തില്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറിയ നിരവധിപേരാണുള്ളതാണ് യാഥാര്‍ഥ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss