|    Oct 20 Fri, 2017 7:19 am
Home   >  Kerala   >  

പൊലീസ് ആസ്ഥാനത്തെ ഇ മെയില്‍ ചോര്‍ച്ച : കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

Published : 14th July 2017 | Posted By: G.A.G

തിരുവനന്തപുരം :തിരുവനന്തപുരം: പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നും ഇ-മെയില്‍ ചോര്‍ത്തിയ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേസ് പിന്‍വലിക്കാനുള്ള അനുമതി പ്രോസിക്യൂഷന് നല്‍കി സര്‍ക്കാര്‍ കത്തയച്ചു. കേസിലെ പ്രതി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നുമുള്ള ഇ മെയില്‍ ചോര്‍ത്തല്‍ വലിയ വിവാദമായിരുന്നു. ആഭ്യന്തര സുരക്ഷയെപ്പോലും ബാധിച്ച സംഭവമെന്നായിരുന്നു ആക്ഷേപം. രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ഇ മെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നല്‍കിയ വിവരങ്ങളാണ് ചോര്‍ന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഹൈടെക് സെല്ലിലുണ്ടായിരുന്ന എസ്‌ഐ ബിജുസലിമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തി. ബിജുസലിം ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടുകയായിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ പോലിസ് ചോര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ്, രഹസ്യവിവരം ചോര്‍ന്നുവെന്ന കാര്യം പോലിസ് അറിയുന്നത്.
തുടര്‍ന്ന് എസ്‌ഐയായ ബിജുസലിം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് പിന്‍വലിക്കാനായി മുന്‍ സര്‍ക്കാരിന്റെ കാലംമുതല്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, പോലിസിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത്. കേസിലെ അഞ്ചാം പ്രതിയായ മാധ്യമം പത്രത്തിന്റെ എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനം. കേസ് പിന്‍വലിക്കാന്‍ അനുവാദം നല്‍കിയ കത്ത് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. കോടതിയില്‍ ഇത് വൈകാതെ അറിയിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക