|    May 24 Wed, 2017 9:26 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പൊരിവെയിലില്‍ തൊഴിലാളികള്‍ക്ക് ആശ്വാസവുമായി ഖത്തരി യുവാക്കള്‍

Published : 3rd August 2016 | Posted By: SMR

ദോഹ: ചുട്ടുപൊള്ളുന്ന വെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി ഒരു കൂട്ടം ഖത്തരി യുവാക്കള്‍. നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് തണുത്ത വെള്ളം എത്തിച്ചാണ് യുവാക്കള്‍ മാതൃകയായത്. സെയ്ഫനാ-അബ്‌റദ്(ഞങ്ങളുടെ ചൂട് തണുത്തതാണ്) എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
നിര്‍മാണ സ്ഥലങ്ങള്‍ക്ക് പുറമേ തൊഴിലാളികള്‍ വിശ്രമിക്കുന്ന പാര്‍ക്കുകള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങളില്‍ യുവാക്കള്‍ തണുത്ത വെള്ളവും ജ്യൂസും വിതരണം ചെയ്തു. സോഷ്യല്‍ മീഡിയ വഴി നടത്തിയ ആഹ്വാനത്തെ തുടര്‍ന്നാണ് ഖത്തരി ചെറുപ്പക്കാര്‍ തൊഴിലാളികള്‍ക്ക് ആശ്വാസം പകരാനെത്തിയത്.
പ്രാദേശിക ജീവകാരുണ്യ സംഘടനയായ റാഫും സമാനമായ പദ്ധതി സംഘടിപ്പിക്കുന്നുണ്ട്. ദോഹ, അല്‍ശമാല്‍, അല്‍ഖൈരിയാത്ത്, ഉംസലാല്‍ മുഹമ്മദ്, ഉംസലാല്‍ അലി എന്നിവിടങ്ങളിലായി ഇതിനകം റാഫ് 10,000 ബോട്ടില്‍ വെള്ളം വിതരണം ചെയ്തിട്ടുണ്ട്. പൗരന്മാരില്‍ നിന്നും പ്രവാസികളില്‍ നിന്നും പദ്ധതിക്ക് വന്‍പിന്തുണയാണ് ലഭിക്കുന്നതെന്ന് റാഫ് പ്രതിനിധിയെ ഉദ്ധരിച്ച് പെനിന്‍സുല പത്രം റിപോര്‍ട്ട് ചെയ്തു.
കടുത്ത ചൂടില്‍ കഴിഞ്ഞ ആഴ്ച ഏതാനും പേര്‍ക്ക് സുര്യാഘാതം റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും നടത്തുന്ന ശ്രമത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിനന്ദിച്ചു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടും കഴിഞ്ഞയാഴ്ച രണ്ടു പേര്‍ സൂര്യാഘാതമേറ്റ് ക്ലിനിക്കിലെത്തിയതായി ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ഡോക്ടര്‍ പറഞ്ഞു.
ജോലി സ്ഥലത്ത് തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു വരുന്നുണ്ട്. സൂര്യാഘാതമേറ്റ് ആശുപത്രിയില്‍ എത്തുന്ന തൊഴിലാളികളുടെ കാര്യത്തില്‍ കമ്പനികളുടെ ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കാനാണ് തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day