|    Jan 19 Thu, 2017 10:14 am

പൊയ്‌വെടി നിര്‍ത്തി അന്വേഷണം നടത്തുക

Published : 7th November 2015 | Posted By: SMR

മലപ്പുറത്ത് 105ഉം തൃശൂരില്‍ ഒമ്പതും ബൂത്തുകളില്‍ റീപോളിങ് നടത്തേണ്ടിവന്നു എന്നതാണ് വ്യാഴാഴ്ച നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും ഉദ്വേഗജനകമായ വാര്‍ത്ത. തിരഞ്ഞെടുപ്പു യന്ത്രങ്ങള്‍ വ്യാപകമായ തോതില്‍ കേടുവന്നത് അസ്വാഭാവികമാണെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലയിരുത്തല്‍. സംഭവം നടന്നത് മലപ്പുറത്താണ് എന്നതിനാല്‍ അതിനു മറ്റൊരു മാനവും നല്‍കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ടു നടന്ന മാധ്യമവിചാരങ്ങളും ചാനല്‍ചര്‍ച്ചകളും നാടാകെ പ്രചരിച്ച ഊഹാപോഹങ്ങളുമെല്ലാം അതിതീവ്രമായ അട്ടിമറി മണക്കുകയും പരോക്ഷമായെങ്കിലും ആരോപണങ്ങളുടെ കുന്തമുന ഒരു സമുദായത്തിന്റെ നേര്‍ക്കു തിരിച്ചുവയ്ക്കുകയും ചെയ്തുവെന്നതാണ് അത്യന്തം ഖേദകരം. തിരഞ്ഞെടുപ്പു യന്ത്രങ്ങള്‍ തകരാറിലായ സംഭവത്തെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ബലപ്പെടുത്താനാണ് പലരും ഉപയോഗിച്ചത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയെ യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തുമ്പോള്‍, സംസ്ഥാന ഗവണ്‍മെന്റിനെയാണ് ഇടതുപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മുസ്‌ലിംലീഗിനു മേല്‍ക്കൈയുള്ള മലപ്പുറത്ത് ഇതും ഇതിലപ്പുറവും സംഭവിക്കുമെന്ന് വേറെ ചിലര്‍. ഒരു യുക്തിയുടെയും പിന്‍ബലമില്ലാതെയാണ് എല്ലാവരുടെയും അഭിപ്രായ പ്രകടനങ്ങള്‍. ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ ഒരുപടി മുന്നോട്ടുകടന്ന് ഈ സംഭവത്തില്‍ മുസ്‌ലിം തീവ്രവാദം മണക്കുന്നു. തീരദേശങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നും അവിടെ ഒരു പ്രത്യേക തീവ്രവാദ സംഘടനയ്ക്കാണ് സ്വാധീനമെന്നും അതിനാല്‍ ഈ യന്ത്രത്തകരാറിനെ മറ്റു ‘തീവ്രവാദ സംഭവങ്ങളു’മായി ചേര്‍ത്തുവായിക്കണമെന്നുമൊക്കെ പറയുമ്പോള്‍ അവര്‍ ആരെയാണ് ഉദ്ദേശിക്കുന്നതെന്നു പ്രത്യേകം പറയേണ്ടതില്ല. ഇത്തരം നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ ഉളവാക്കുന്ന പ്രതിലോമ ഫലങ്ങള്‍ ആരെങ്കിലും കണക്കിലെടുത്തുവോ ആവോ! ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് ഒരിക്കലും പിഴയ്ക്കില്ലെന്ന ആശയത്തില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ള പൊതുധാരണ രൂപപ്പെടുന്നത്. എന്നാല്‍, ഇത്തരം യന്ത്രങ്ങള്‍ കുറ്റമറ്റവയല്ല എന്നതാണ് വാസ്തവം. അമേരിക്കയില്‍ മുമ്പൊരിക്കല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ നമുക്കറിയാം. ഇന്ത്യയില്‍ത്തന്നെ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഒരു കേസിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ വേണ്ടി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പില്‍ മറ്റു ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് 2013ല്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കാള പെറ്റെന്നു കേട്ടയുടനെ കയറുമായി പായുന്നത് ആശാസ്യമാണോ എന്നു ചിന്തിക്കണം. മലപ്പുറത്ത് പണി പറ്റിച്ചത് ഹൈദരാബാദില്‍ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങളാണെന്നു കേള്‍ക്കുന്നു. നേരത്തേ തകരാറു കണ്ടെത്തിയിട്ടും ഇവ ഉപയോഗിക്കുകയായിരുന്നുവത്രേ. എന്നു മാത്രമല്ല, തകരാറുകള്‍ ഇല്ലാതാക്കാനുള്ള സംവിധാനങ്ങളോ മേല്‍നോട്ടമോ അവിടെ ഇല്ലായിരുന്നുതാനും. ഇതൊന്നും കണക്കിലെടുക്കാതെ, തീവ്രവാദപ്പേടി മാത്രം കൈമുതലാക്കി പ്രശ്‌നത്തെ സമീപിക്കുന്നത് നല്ല നടപടിയല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക