|    Apr 22 Sun, 2018 5:05 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പൊമ്പിളൈ ഒരുമൈ ഉണര്‍ത്തുന്നത്

Published : 14th October 2015 | Posted By: RKN

അഭിമുഖം/എ വാസു
ചോദ്യം: മൂന്നാറിലെ തോട്ടംതൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തില്‍ സപ്തംബര്‍ 22ന് മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ‘ആരാണ് വരേണ്യവര്‍ഗം?’ എന്ന ലേഖനത്തില്‍ മുന്‍മന്ത്രിയും സി.ഐ.ടി.യു. നേതാവുമായ എളമരം കരീം മാവൂര്‍ റയോണ്‍സിലെ ഗ്രോ യൂനിയനെ വിമര്‍ശിക്കുന്നുണ്ട്. കുത്തകമാധ്യമങ്ങളും ബുദ്ധിജീവികളും വ്യവസ്ഥാപിത ട്രേഡ് യൂനിയനുകളെ അക്കാലത്ത് അധിക്ഷേപിച്ചെന്നാണ് അദ്ദേഹം പറയുന്നത്. മാവൂരിലെ സമരനേതാവെന്ന നിലയില്‍ എന്താണു പറയാനുള്ളത്.എ വാസു: അടിമത്തത്തിന് സമാനമായ ദുരിതം പരിഹരിക്കാന്‍ രൂപംകൊണ്ട മൂന്നാറിലെ സ്ത്രീതൊഴിലാളി സംഘടനയെ ഇകഴ്ത്താനും അടിച്ചമര്‍ത്താനും പ്രശ്‌നങ്ങളില്‍നിന്നു വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വത്തെയും ട്രേഡ് യൂനിയനുകളെയും സംരക്ഷിക്കാനുമുള്ള മുന്‍മന്ത്രിയുടെ പരിശ്രമം മാത്രമാണ് മാതൃഭൂമി ലേഖനമെന്നാണ് എനിക്കു പറയാനുള്ളത്.

ട്രേഡ് യൂനിയന്‍ നേതാക്കളെ കെ വേണു വരേണ്യവര്‍ഗം എന്നു വിളിച്ചെന്നു പറഞ്ഞാണ് ലേഖനം തുടങ്ങൂന്നത്. എന്നെ കണ്ടാല്‍ കിണ്ണംകട്ടതാണെന്നു തോന്നുമോ എന്ന ചിന്തയില്‍നിന്നാണ് ഈ ലേഖനം രൂപപ്പെടുന്നത്. കേരളത്തിലും ഇന്ത്യയിലും ലോകത്തിലും ട്രേഡ് യൂനിയനുകളും രാഷ്ട്രീയപ്പാര്‍ട്ടികളും വരേണ്യവര്‍ഗമായി മാറിയിട്ടുണ്ടെന്ന കാര്യം സാധാരണക്കാര്‍ക്കു വരെ അറിയാവുന്നതാണ്. ലോകത്തുടനീളം ട്രേഡ് യൂനിയനുകള്‍ തൊഴിലാളിവര്‍ഗത്തിനുണ്ടാക്കിയ നേട്ടങ്ങള്‍ വിശദീകരിച്ചു പറയുന്ന എളമരത്തിന്റെ ലേഖനം, പുതിയ കാലഘട്ടത്തില്‍ ബൂര്‍ഷ്വാ-തിരുത്തല്‍വാദ ട്രേഡ് യൂനിയനുകള്‍ നടത്തുന്ന തൊഴിലാളിവര്‍ഗ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും മുതലാളിത്തസേവയെയും മൂടിവയ്ക്കാനും രാഷ്ട്രീയ ട്രേഡ് യൂനിയന്‍ നേതാക്കളില്‍ വളര്‍ന്നു വികസിച്ച സ്വാര്‍ഥതയെ, കോടികള്‍ സമ്പാദിച്ചുകൂട്ടാനുള്ള പ്രവണതയെ മറച്ചുപിടിക്കാനുമുള്ള അഭ്യാസങ്ങളാണു നടത്തുന്നത്.

രാഷ്ട്രീയ ട്രേഡ് യൂനിയനുകള്‍ വരേണ്യവര്‍ഗമായി വളര്‍ന്നുവെന്നത് കേരളത്തില്‍ ഇപ്പോഴാണ് ചര്‍ച്ചയായത്. അരനൂറ്റാണ്ടു മുമ്പു തന്നെ ലോക കമ്മ്യൂണിസ്റ്റ്-പുരോഗമന പ്രസ്ഥാനങ്ങള്‍ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. യൂഗോസ്ലാവിയയിലെ മുന്‍ കമ്മ്യൂണിസ്റ്റായ മിലോവന്‍ ഡ്ജിലാസ് പുതിയവര്‍ഗം  എന്ന പേരില്‍ അക്കാലത്ത് ഒരു പുസ്തകം തന്നെ എഴുതി. ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷമാണെന്നു തോന്നുന്നു കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഓരോന്നോരോന്നായി കടലാസുകൊട്ടാരംപോലെ മറിഞ്ഞുവീണത്. കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ വളര്‍ന്നുവന്ന സ്വാര്‍ഥതയുടെ പ്രതിരൂപമായിരുന്നു റുമാനിയയിലെ കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോലാ സീസെസ്‌ക്യു. റുമാനിയന്‍ ജനത അദ്ദേഹത്തെ പിടികൂടി വെടിവച്ചുകൊന്നു.

കൊട്ടാരം പരിശോധിച്ചപ്പോള്‍ വിശാലമായ ഒരു മുറി ശ്രദ്ധയില്‍പ്പെട്ടു. സീസെസ്‌ക്യുവിന്റെ ഭാര്യയുടെ, രത്‌നം വരെ പതിച്ച ചെരിപ്പുകളായിരുന്നു അതില്‍ സൂക്ഷിച്ചിരുന്നത്. ലോക മുതലാളിത്തമാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ തള്ളിയിട്ടതെന്നു വിലപിച്ചുനടന്നിരുന്ന എളമരം കരീമിനെ പോലുള്ളവര്‍, തങ്ങളുടെ ഉള്ളിലുള്ള മുതലാളിത്ത ആശയങ്ങളാണ്, സ്വാര്‍ഥതയാണ്, സുഖലോലുപതയാണ് സോവിയറ്റ് യൂനിയനെയും മറിച്ചിട്ടതെന്നു തിരിച്ചറിയുന്നില്ല. തങ്ങളുടെ ഉള്ളിലാണ് മുതലാളിത്തം രൂപംപ്രാപിച്ചതും വളര്‍ന്നുപന്തലിച്ചതുമെന്നും അവര്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ അതു മനസ്സിലാക്കിയില്ല. പശ്ചിമബംഗാളിലെ കമ്മ്യൂണിസ്റ്റുകള്‍ അത് ഒട്ടും മനസ്സിലാക്കിയില്ല. ഇനി മനസ്സിലാക്കിയിട്ടും കാര്യമില്ല. കേരളത്തിലെ ഭൂരിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ഹൃദയത്തിലും മുതലാളിത്തം കൂട്ടുകൂടിയത് അവര്‍ അറിഞ്ഞിട്ടില്ല. പക്ഷേ, ജനങ്ങള്‍ അതു കാണുന്നു. സ്വന്തം ഹൃദയത്തില്‍ കൈയമര്‍ത്തിയാല്‍ അവിടെ ബൂര്‍ഷ്വാസി സ്പന്ദിക്കുന്നുവെന്ന കാര്യം മനസ്സിലാക്കാത്തത് എളമരം കരീം മാത്രമാണ്.

വരേണ്യവര്‍ഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടവര്‍ സി.ഐ.ടി.യു. നേതാക്കളിലും സി.പി.എം. നേതാക്കളിലും ധാരാളമുണ്ട്. ഇവരെല്ലാം ദരിദ്രര്‍ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും കോടികളോട് ബന്ധപ്പെടാതെ ഹൃദയം പ്രവര്‍ത്തിക്കില്ലെന്നും വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെന്നും വിശ്വസിക്കുന്ന വലിയൊരുവിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന കാര്യം മുന്‍ വ്യവസായമന്ത്രിയും കൂട്ടുകാരും തിരിച്ചറിയാന്‍ അധികകാലം വേണ്ടിവരില്ല. ഇത് എളമരം കരീം മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്.ചോദ്യം: മാവൂര്‍ റയോണ്‍സിലെ തൊഴിലാളിസംഘടനപോലെ മൂന്നാര്‍ സമരവും അതിവേഗം കെട്ടടങ്ങുമെന്ന വാദമാണ് എളമരം കരീം ലേഖനത്തില്‍ ഉന്നയിക്കുന്നത്.

എ വാസു: ഗ്രോ യൂനിയന്‍ ഉണ്ടാക്കിയത് ഞാനല്ല. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനായി തൊഴിലാളികളാണ് യൂനിയനുണ്ടാക്കിയത്. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കലും അഴിമതിക്കാരായ വ്യവസ്ഥാപിത ട്രേഡ് യൂനിയനുകെള പാഠംപഠിപ്പിക്കലുമായിരുന്നു ഗ്രോ യൂനിയനിലൂടെ നടന്നത്. അതില്‍ യൂനിയന്‍ വിജയിക്കുകയും ചെയ്തു. കേരള ചരിത്രത്തിലെ ഐതിഹാസിക സമരങ്ങളിലൊന്നായിരുന്നു അത്. ജനങ്ങള്‍ സമരത്തെ സഹര്‍ഷം സ്വാഗതംചെയ്യുകയും പിന്തുണയ്ക്കുകയും വിജയിപ്പിക്കുകയും ചെയ്തു. കടുത്ത ത്യാഗങ്ങള്‍ സഹിച്ച സമരത്തിലൂടെ 1989ല്‍ ഫാക്ടറി തുറന്നപ്പോള്‍ സി.ഐ.ടി.യു. അടക്കമുള്ള യൂനിയനുകളും പാര്‍ട്ടികളുമെല്ലാം വിജയത്തിന്റെ കാരണം തങ്ങളാണെന്നു പ്രചരിപ്പിച്ചു.

എന്നാല്‍, ഫാക്ടറി തുറക്കാന്‍ എത്തിയ ബിര്‍ലയുടെ പ്രതിനിധി മണ്ഡേലിയ എന്നെയും മോയിന്‍ ബാപ്പുവിനെയുമാണു കാണണമെന്ന് ആവശ്യപ്പെട്ടത്. ”വാസൂ നിങ്ങളില്ലെങ്കില്‍ ഞങ്ങളീ ഫാക്ടറി വീണ്ടും തുറക്കില്ലായിരുന്നു” എന്നാണ് അദ്ദേഹം കൈപിടിച്ചുകുലുക്കി പറഞ്ഞത്. ഈ സമയം മാവൂരിലെ ജനങ്ങളും എളമരം കരീം അടക്കമുള്ള നേതാക്കളും അവിടെയുണ്ടായിരുന്നു. എന്നിട്ടായിരുന്നു അവരുടെ കള്ളപ്രചാരണം.ഇപ്പോഴാവട്ടെ പതിനായിരത്തോളം സ്ത്രീതൊഴിലാളികളുടെ ദുരിതം കണ്ടറിയാനും പരിഹാരം കാണാനും ഒരു ചെറുവിരല്‍പോലും അനക്കാതിരുന്നവര്‍, കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുന്നതു തിരിച്ചറിഞ്ഞ് പൊമ്പിളൈ ഒരുമൈയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഹൈജാക്ക് ചെയ്യാനുള്ള ഭഗീരഥ ശ്രമത്തിലാണ്.

ചോദ്യം: മുഖ്യധാരാ സംഘടനകള്‍ ഇപ്പോള്‍ നിരാഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്.എ വാസു: പൊമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയ ട്രേഡ് യൂനിയനുകള്‍ക്ക് ജീവന്‍മരണ പ്രശ്‌നമായി മാറിയിരിക്കുകയാണ്. തൊഴിലാളിവര്‍ഗസ്‌നേഹംകൊണ്ട് നിരാഹാരം നടത്താമായിരുന്നെങ്കില്‍ എളമരം കരീം അടക്കമുള്ളവര്‍ക്ക് അത് 25 വര്‍ഷം മുമ്പ് മാവൂരില്‍ ചെയ്യാമായിരുന്നു. രണ്ടരവര്‍ഷം പട്ടിണിയില്‍ വെന്തുരുകിയ ആയിരക്കണക്കിനുപേര്‍ക്കു വേണ്ടി, കുട്ടികള്‍ക്കു വേണ്ടി, നിരവധിപേര്‍ ആത്മഹത്യ ചെയ്തപ്പോഴും എളമരം കരീം അടക്കമുള്ളവര്‍ ഒരുദിവസംപോലും പട്ടിണികിടന്നില്ല.ഇപ്പോള്‍ തൊഴിലാളികള്‍ക്കുവേണ്ടി നിരാഹാരം നടത്താന്‍പോവുകയാണ്. പൊമ്പിളൈ ഒരുമൈ സമരം ഉയര്‍ത്തിവിട്ട മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാനും ഹൈജാക്ക് ചെയ്യാനും മറ്റു വഴിയില്ലെന്നു വ്യക്തമായതിനാലാണ് നിരാഹാരസമരമെന്നു മനസ്സിലാക്കാന്‍ യാതൊരുവിധ പ്രയാസവുമില്ല.

ചോദ്യം: മൂന്നാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഗൗരവമായെടുത്ത് തിരുത്തണമെന്നും എളമരം കരീം പറയുന്നുണ്ട്.എ വാസു: കേരളത്തിലെ വ്യവസ്ഥാപിത രാഷ്ട്രീയ ട്രേഡ് യൂനിയനുകളുടെ പിന്തുണയില്ലാതെ മാവൂര്‍ റയോണ്‍സില്‍ നടന്ന സമരം കഴിഞ്ഞിട്ട് കാല്‍നൂറ്റാണ്ടായി. കേരളത്തില്‍ നടന്ന ചെറിയചെറിയ തൊഴിലാളി മുന്നേറ്റങ്ങളില്‍നിന്നു രാഷ്ട്രീയ ട്രേഡ് യൂനിയനുകള്‍ ഒന്നും പഠിച്ചില്ലെന്നാണ് മൂന്നാര്‍ സമരം കാണിക്കുന്നത്. മാവൂര്‍ റയോണ്‍സിലെ സമരത്തെ കേരളത്തിലെ എല്ലാ ട്രേഡ് യൂനിയനുകളും ഒന്നിച്ചുനിന്നു തകര്‍ക്കാന്‍ ശ്രമിച്ചത് അനുഭവിച്ചതാണു ഞാന്‍. പൊമ്പിളൈ ഒരുമൈയെയും അതിന്റെ നേതൃത്വത്തെയും തകര്‍ക്കാന്‍ രാഷ്ട്രീയ, ബൂര്‍ഷ്വാ, തിരുത്തല്‍വാദ നേതാക്കളും എസ്‌റ്റേറ്റ് മുതലാളിമാരും എങ്ങനെ കൂട്ടായി പരിശ്രമിക്കുമെന്ന് അനുഭവം വച്ചു എനിക്ക് അനുമാനിക്കാനാവും. പൊമ്പിൈള ഒരുമൈ അതിജീവിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. പൊമ്പിളൈ ഒരുമൈ ജയിച്ചാലും തോറ്റാലും കേരളത്തിലെ ബൂര്‍ഷ്വാ-തിരുത്തല്‍വാദ ട്രേഡ് യൂനിയനുകള്‍ക്കും വരേണ്യവര്‍ഗത്തിനും ശക്തമായ അടിയാണു നല്‍കിയിരിക്കുന്നത്. അതു കേരളത്തിലെ തൊഴിലാളിവര്‍ഗ സമരചരിത്രത്തില്‍ രേഖപ്പെടുത്തും എന്നതില്‍ സംശയമില്ല. അതിന്റെ പ്രത്യാഘാതം കേരളത്തിലെ എല്ലാ ബൂര്‍ഷ്വാ-തിരുത്തല്‍വാദ പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും അനുഭവിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss