|    Jan 19 Thu, 2017 10:02 am

പൊന്‍മുടിയുടെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ ഒരുങ്ങുന്നു

Published : 20th October 2016 | Posted By: SMR

നെടുമങ്ങാട്: തലസ്ഥാന ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയുടെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ ഒരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിപ്രകാരമാണ് പൊന്മുടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയൊരുങ്ങുന്നത്. ഡികെ മുരളി എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു എന്നിവരുടെ സാന്നിധ്യത്തില്‍ പൊന്മുടിയില്‍ ചേര്‍ന്ന യോഗത്തിലാണ് പൊന്മുടിയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുന്ന ആസൂത്രണ പദ്ധതികള്‍ക്ക് രൂപരേഖയുണ്ടാക്കാന്‍ തീരുമാനമായത്. വനം, ടൂറിസം, ജലവിഭവം, പോലിസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയിലുള്‍പ്പെട്ട ജില്ലയിലെ പത്ത് കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. സംസ്ഥാനത്ത് ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ഡെസ്റ്റിനേഷന്‍ ലെവല്‍ ടാസ്‌ക് ഫോഴ്‌സ് (ഡിഎല്‍ടിപി) രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഡിഎല്‍ടിപിയുടെ രണ്ടാമത്തെ യോഗമാണ് കഴിഞ്ഞ ദിവസം പൊന്മുടിയില്‍ ചേര്‍ന്നത്. എംഎല്‍എ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറുമായിട്ടാണ് ഡിഎല്‍ടിപിയുടെ പ്രവര്‍ത്തനം. പ്രകൃതിക്ക് ദോഷം വാരാത്ത വിധത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വിദേശീയരും തദ്ദേശീയരുമായ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാവശ്യമായ നൂതന പദ്ധതികള്‍ക്കാണ് പൊന്മുടി വേദിയാകുന്നത്. സാഹസിക ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തും. അപ്പര്‍ സാനിറ്റോറിയത്തില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന വനം വകുപ്പിന്റെ കെട്ടിടം ഉപയോഗപ്പെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥാപിക്കും. സഞ്ചാരികള്‍ക്ക് കാടിന്റെ ദൂരക്കാഴ്ചയൊരുക്കാന്‍ പരിസ്ഥിതി സൗഹൃദ നിരീക്ഷണ ടവറുകള്‍ ഒരുക്കും. വിവിധയിടങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കും. കല്ലാറിനും പൊന്മുടിക്കും മധ്യേ ഇടത്താവളങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.  സഞ്ചാരികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുളള സൗകര്യമുണ്ടാക്കും. പ്രകൃതിക്ക് ഹാനികരമാകാത്ത ആധുനിക സൗകര്യങ്ങളോടു കൂടിയ ടെന്റുകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ശൗചാലയങ്ങള്‍ എന്നിവ നിര്‍മിക്കും. സൂര്യന്തോല്‍, പൊന്മുടി എന്നീ വെളളച്ചാട്ടങ്ങളുടെ ദൃശ്യചാരുത സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുതിനുളള ആലോചനയുമുണ്ട്. പൊന്മുടി പോലിസ് സ്റ്റേഷന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കും. ഇതിനു സമീപത്തെ തകര്‍ന്ന കെട്ടിടം നവീകരിച്ച് ഇന്‍ഫര്‍മേഷന്‍ സെന്ററാക്കി പ്രവര്‍ത്തിപ്പിക്കും. ഇതിനായുളള എസ്റ്റിമേറ്റ് സംസ്ഥാന നിര്‍മിതി കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. സഞ്ചാരികളുടെ സൗകര്യത്തിനായി എടിഎം കൗണ്ടര്‍ സ്ഥാപിക്കും. വിവിധയിടങ്ങളില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ച് പ്രകാശ സംവിധാനമൊരുക്കും. പൊന്മുടിയില്‍ റോപ്‌വേക്ക് സംസ്ഥാന ബഡ്ജറ്റില്‍ 200 കോടിയും പൊന്മുടി െ്രെബമൂര്‍ പാലോട് റോഡിന് 20 കോടിയും അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയിലും സംസ്ഥാന സര്‍ക്കാര്‍ പൊന്മുടിയെ ഉള്‍പ്പെടുത്തിയത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) സെക്രട്ടറി ടി ബി പ്രശാന്ത്, പാലോട് വനം റേഞ്ച് ഓഫിസര്‍ എസ് വിനോദ്, ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സുധീര്‍, നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്‍, പാലോട് സിഐ മനോജ്, പൊന്മുടി എസ്‌ഐ ശ്രീകുമാര്‍, വാര്‍ഡ് അംഗം ജിഷ യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക