|    Aug 20 Sun, 2017 9:43 am

പൊന്നിടാംചിറയില്‍നിന്നും രാസവസ്തു മാലിന്യങ്ങള്‍ നീക്കം ചെയ്തില്ല

Published : 30th November 2016 | Posted By: SMR

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ പൊന്നിടാംചിറയില്‍ സ്വകാര്യ വ്യക്തി നിക്ഷേപിച്ച രാസവസ്തുക്കള്‍ അടങ്ങിയ മാലിന്യങ്ങള്‍ ഒരാഴ്ചയ്ക്കകം നീക്കംചെയ്യാമെന്ന് സ്ഥലയുടമ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരരംഗത്തിറങ്ങുമെന്ന് പൊന്നിടാംചിറ സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞമാസം ഹിറ്റാച്ചി ഉപയോഗിച്ച് രാസവസ്തുക്കളടങ്ങിയ മാലിന്യം പാടത്ത് നിക്ഷേപിച്ച് പാടം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. സ്ഥലത്തെത്തിയ റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ബന്ധികളാക്കി ഹിറ്റാച്ചി കസ്റ്റഡിയിലെടുപ്പിക്കുകയും പോലിസിനെ വരുത്തി സ്ഥലമുടമക്കെതിരേ കേസെടുപ്പിക്കുകയും ചെയ്തിരുന്നു.ഒരാഴ്ചക്കുള്ളില്‍ പൊന്നിടാംചിറയില്‍ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങളെല്ലാം എടുത്തുമാറ്റിക്കൊള്ളാമെന്ന് സ്ഥലമുടമ കുന്നത്തുനാട് തഹസില്‍ദാരുടെ മുമ്പില്‍വച്ച് നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പെരുമ്പാവൂര്‍ പ്രദേശത്തെ പ്ലൈവുഡ് കമ്പനികളുടെയും കളമശ്ശേരി ഭാഗത്തെ വന്‍കിട വ്യവസായശാലകളിലെയും മാലിന്യങ്ങളാണ് പൊന്നിടാംചിറയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതുമൂലം സമീപപ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം നിറവ്യത്യാസം വന്ന് ഉപയോഗശൂന്യമാവുകയും സാംക്രമിക രോഗങ്ങള്‍ പടരുകയും ചെയ്തതോടെയാണ് ജനങ്ങള്‍ സംഘടിച്ച് പാടംനികത്തല്‍ തടഞ്ഞത്. പാടശേഖരത്തില്‍ നിക്ഷേപിച്ചിരിക്കുന്ന രാസമാലിന്യങ്ങള്‍ എത്രയും വേഗം എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് പൊന്നിടാംചിറ സംരക്ഷണസമിതി മന്ത്രിമാരായ സുനില്‍ കുമാറിനും കെ ടി ജലീലിനും ജില്ലാ കലക്ടര്‍ക്കും ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും മറ്റും പരാതി നല്‍കിയിട്ടുണ്ട്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഈ പ്രദേശത്തെ കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും ജലം ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയിച്ചിട്ടുണ്ട്. അതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നവകേരള മിഷന്റെ ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് പൊന്നിടാംചിറയില്‍ കൃഷിയിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. ഇന്നലെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പൊന്നിടാംചിറ സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക