|    Dec 18 Mon, 2017 1:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പൊന്നാനി സ്വദേശി ദുബയില്‍ അത്യാസന്ന നിലയില്‍

Published : 17th August 2016 | Posted By: SMR

പൊന്നാനി: സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ മലയാളിയെ ഗുരുതര രോഗം ബാധിച്ച് ദുബൈ റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. മലപ്പുറം പൊന്നാനി പാലപ്പെട്ടി അജ്മീര്‍ നഗര്‍ സ്വദേശി കട്ടിലിക്കായില്‍ കുഞ്ഞുമുഹമ്മദ് (46) ആണു രോഗത്തിന്റെ പിടിയിലകപ്പെട്ട് ദുരിതം അനുഭവിക്കുന്നത്. തലയിലെ രക്തസ്രാവത്തെ തുടര്‍ന്നാണു കഴിഞ്ഞ ജൂലൈ 28ന് ഇദ്ദേഹത്തെ ദുബയിലെ റാഷിദ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
കഷ്ടപ്പാടില്‍ നിന്നു കുടുംബത്തെ കരകയറ്റാന്‍ മൂന്നുമാസത്തെ സന്ദര്‍ശക വിസയില്‍ ജോലിതേടി എത്തിയതായിരുന്നു കുഞ്ഞുമുഹമ്മദ്. അതിനിടെയാണു രോഗബാധിതനായത്. സങ്കീര്‍ണമായ ശസ്ത്രക്രിയ ഇതിനകം നടന്നുകഴിഞ്ഞു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരോഗ്യനിലയില്‍ പുരോഗതി കൈവരിക്കാനായിട്ടില്ല. കട്ടിലിക്കായില്‍ പരേതനായ മൊയ്തുവിന്റെ മകനായ കുഞ്ഞുമുഹമ്മദ് ഏഴു വര്‍ഷമായി ചങ്ങരംകുളം കല്ലൂര്‍മ്മ പെരുമ്പാള്‍ മഹല്ലിലാണ് താമസിക്കുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുഞ്ഞുമുഹമ്മദിന്റെ കുടുംബം വാടക ക്വാര്‍ട്ടേഴ്‌സിലാണു കഴിയുന്നത്. ഭാര്യയും മൂന്ന് ആണ്‍കുട്ടികളുമടങ്ങുന്നതാണു കുടുംബം. രണ്ടു കുട്ടികള്‍ ഹൃദയവാല്‍വിന്റെ വളര്‍ച്ചക്കുറവും സുഷിരവും മൂലമുള്ള രോഗത്തിന് ചികില്‍സയിലാണ്. ഇവരുടെ ചികില്‍സയിപ്പോള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
യുഎഇയിലുള്ള പ്രദേശവാസികള്‍ക്കും താങ്ങാനാവാത്തവിധം കനത്തതാണു ചികില്‍സാ ചെലവ്. ഈ സാഹചര്യത്തില്‍  സുമനസ്സുകളില്‍ നിന്നു സഹായങ്ങള്‍ സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. ഇതിനായി ചങ്ങരംകുളം ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം: ഹയറുന്നീസ, അക്കൗണ്ട് നമ്പര്‍ 15560100083696, ഫെഡറല്‍ ബാങ്ക്, ബ്രാഞ്ച് ചങ്ങരംകുളം, മലപ്പുറം ജില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 052 9833289 (മൊയ്തീന്‍), 050 7470151 (സലാം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss