|    Nov 25 Sat, 2017 10:56 am
FLASH NEWS

പൊന്നാനി വാണിജ്യ തുറമുഖം നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയിടത്തു തന്നെ

Published : 8th August 2017 | Posted By: fsq

 

പൊന്നാനി:  പൊന്നാനി കാര്‍ഗോ പോര്‍ട്ട് നിര്‍മാണോദ്ഘാടനം കഴിഞ്ഞ് ഇന്നേക്ക് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിടത്തുതന്നെ. സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആദ്യമായി നിര്‍മാണമാരംഭിച്ച പൊന്നാനി കാര്‍ഗോ പോര്‍ട്ടിനാണ് ഈ ദുര്‍ഗതി. മൂന്ന് വര്‍ഷം കൊണ്ട് കമ്മീഷന്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുടെ അഞ്ച് ശതമാനം ജോലികള്‍ പോലും നിര്‍മാണ കമ്പനിക്ക് ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ഉടന്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുമെന്നാണ് മുഖ്യമന്ത്രി അന്ന് പ്രഖ്യാപിച്ചിരുന്നത്്. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രവൃത്തികള്‍ ആരംഭിക്കാന്‍ നിര്‍മാണ കമ്പനി രംഗത്ത് വരാതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിര്‍മാണ കമ്പനിയായ മലബാര്‍ പോര്‍ട്‌സിന് സാമ്പത്തിക ഭദ്രത ഇല്ലെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്പനി ഉടമകളെ നേരിട്ട് സ്പീക്കറുടെ ചേമ്പറില്‍ വിളിച്ചുവരുത്തി അന്ത്യശാസനം നല്‍കിയതോടെയാണ് നിര്‍മാണം ആരംഭിച്ചത്. ഇതിന്റെ ആദ്യപടിയെന്നോണം സര്‍ക്കാര്‍ വിട്ടുനല്‍കിയ എഴുപത് സെന്റ് സ്ഥലത്ത് വനം വകുപ്പ് വച്ചുപിടിപ്പിച്ച തണല്‍മരങ്ങള്‍ മുറിച്ചുമാറ്റി. പിന്നീട് പദ്ധതി പ്രദേശത്ത് ഓഫിസ് തുറക്കുകയും ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം ഒരു കിലോമീറ്റര്‍ ഭാഗം കടലില്‍ കല്ലിട്ട് നികത്തുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. പൊന്നാനി ലൈറ്റ്ഹൗസ് മുതല്‍ പുലിമുട്ട് വരെയുള്ള ഒരു കിലോമീറ്ററാണ് കല്ലിട്ട് നികത്തുന്നത്. എന്നാല്‍, യഥാസമയം കല്ല് ലഭിക്കാത്തതിനാല്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ പദ്ധതി കാലാവധിക്കകം പൂര്‍ത്തീകരിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക