|    Dec 14 Fri, 2018 9:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പൊന്നാനി വാണിജ്യ തുറമുഖം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Published : 25th November 2018 | Posted By: kasim kzm

പൊന്നാനി: മലബാറില്‍ വികസനം കപ്പലേറിവരുമെന്ന കിനാവു കാണിച്ചുതന്ന വാണിജ്യ തുറമുഖ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. നിര്‍മാണ കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിയുണ്ടെങ്കിലും നിലവിലെ കരാറുകാരനെ പുറത്താക്കി പദ്ധതി ഉപേക്ഷിക്കാനാണു സര്‍ക്കാര്‍ തീരുമാനം. മൂന്നുവര്‍ഷമായിട്ടും പദ്ധതി തുടങ്ങാന്‍ നിര്‍മാണമേറ്റെടുത്ത കമ്പനിക്കായിട്ടില്ല. ഇതോടെയാണ് സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന തുറമുഖപദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. പദ്ധതി ഒട്ടും ലാഭകാരമാവില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ സര്‍ക്കാരിന് ഉപദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കരാര്‍ എറ്റെടുത്ത കമ്പനിയെ ഒഴിവാക്കി പദ്ധതി ലാഭത്തിലാവുമോ എന്നറിയാന്‍ വിശദമായ പഠനം നടത്താന്‍ സ്ഥലം എംഎല്‍എകൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് രേഖാമൂലം കത്തു നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം അടുത്ത ദിവസം തന്നെ തുറമുഖവകുപ്പ് ഡയറക്ടര്‍ പൊന്നാനി സന്ദര്‍ശിക്കും. തുടര്‍ന്ന് തുറമുഖ വകുപ്പ് നേരിട്ട് പദ്ധതിയുടെ സാധ്യതയെക്കുറിച്ച് ആവശ്യമെങ്കില്‍ പുതിയ പഠനം നടത്തും. പദ്ധതി ഒട്ടും ലാഭകരമാവില്ലെന്നും പദ്ധതി ഉപേക്ഷിക്കുകയാണു നല്ലതെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ഇതോടെ പൊന്നാനി കടപ്പുറത്ത് പേരിനെങ്കിലും നടന്നിരുന്ന തുറമുഖ നിര്‍മാണം പൂര്‍ണമായി നിലയ്ക്കും. കടലില്‍ ബര്‍ത്ത് നിര്‍മിക്കാനാവശ്യമായ കരിങ്കല്ല് കിട്ടാത്തതിനാലാണ് നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നതെന്നാണ് കരാറുകാരായ മലബാര്‍ പോര്‍ട്‌സ് വ്യക്തമാക്കിയിരുന്നത്. നോട്ട് നിരോധിച്ചപ്പോള്‍ അതായി കാരണം.
അതേസമയം, നിര്‍മാണോദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി സജീവമാവാത്തതില്‍ അതൃപ്തി അറിയിച്ച് പലതവണ സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നിട്ടും കഴിഞ്ഞ മൂന്നുവര്‍ഷമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിരുന്നില്ല. ഇതോടെയാണ് പദ്ധതി തന്നെ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
1,000 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ചുമതല ഏറ്റെടുത്ത കമ്പനിയാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എല്ലാം തരണംചെയ്ത് ഉടന്‍ നിര്‍മാണം മുന്നോട്ടുനീക്കുമെന്നും സര്‍ക്കാരിനു മറുപടിയും നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍ പുതുവര്‍ഷത്തില്‍ നിര്‍മാണം സജീവമാക്കുമെന്ന അറിയിപ്പാണു നല്‍കിയിരുന്നത്. അതും ഉണ്ടായില്ല.
ഉദ്ഘാടനത്തിന് സര്‍ക്കാര്‍ പൊടിച്ച തുകയോളമുള്ള നിര്‍മാണംപോലും വാണിജ്യ തുറമുഖത്തിന്റെ പേരില്‍ കടപ്പുറത്ത് നടന്നിട്ടില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. തുറമുഖനിര്‍മാണത്തിനായി പദ്ധതിപ്രദേശത്തെ ഒട്ടേറെ കാറ്റാടിമരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. മേഖലയിലെ മീന്‍ചാപ്പകളെല്ലാം പൊളിച്ചുമാറ്റേണ്ടിവരുമെന്നതിനാല്‍ പുതിയ ഹാര്‍ബറില്‍ മല്‍സ്യസൂക്ഷിപ്പുകേന്ദ്രങ്ങളും നിര്‍മിച്ചു. സര്‍ക്കാര്‍ ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പദ്ധതിയുടെ ഭാഗമായി ഏറക്കുറേ ചെയ്തുതീര്‍ത്തിട്ടുണ്ടെന്നാണ് ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ സര്‍ക്കാരിന് സാമ്പത്തികമായി നഷ്ടമൊന്നും ഉണ്ടാവില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss