|    Apr 26 Thu, 2018 2:01 am
FLASH NEWS

പൊന്നാനി തൃക്കാവ് സ്‌കൂള്‍ വികസന സാധ്യത തെളിയുന്നു

Published : 21st April 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി തൃക്കാവ് സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ന്ന പദ്ധതിക്ക് വീണ്ടും ജീവന്‍. സ്‌കൂളിന്റെ വികസനത്തിന് സാധ്യത തെളിഞതായി നഗരസഭാ ചെയര്‍മാനും സ്‌കൂള്‍ അധികൃതരും അറിയിച്ചു. ആദ്യഘട്ടത്തില്‍ 3 കോടി രൂപ ചെലവഴിച്ച് 15 ക്ലാസ് മുറികള്‍ നിര്‍മിക്കും. ഇതിന്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കും. നിര്‍മാണത്തിന്റെ അനുമതിക്കായി പൊതുമരാമത്ത് വകുപ്പ് വിശദമായ രൂപരേഖ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. അന്തര്‍ ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന തൃക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മെട്രോ മാന്‍ ഇ ശ്രീധരന്റെ  മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ശ്രീധരന്‍ തയ്യാറാക്കി നല്‍കിയ നാല് നിര്‍മാണ ഘട്ടങ്ങളുള്ള മാസ്റ്റര്‍ പ്ലാനിലെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. സംസ്ഥാനത്തെ ഇരുന്നു റിലധികം സര്‍ക്കാര്‍ സ്‌കൂളുകളെ ഹൈടെക് ആക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കൂളുകളില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും മൂന്ന് സ്‌കൂളുകളാണ് തിരഞ്ഞെടുത്തത്. തൃക്കാവിന് പുറമെ മാറഞ്ചേരി, മൂക്കുതല എന്നീ സ്‌കൂളുകളാണ് ലിസ്റ്റിലുള്ളത്. മൂന്ന് കോടി രൂപ വീതമാണ് ഓരോ സ്‌കൂളിനും അനുവദിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇത് സംബന്ധമായി നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സ്പീക്കര്‍, പ്രതിപക്ഷനേതാവ്, എംഎല്‍എമാര്‍ എന്നിവര്‍ സംബന്ധിച്ച  യോഗത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് പിടിഎ പ്രസിഡന്റ്, സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. കൂടാതെ ഇത് സംബന്ധമായി പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍ സ്പീക്കര്‍ പ്രത്യേകം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറിങ് വിഭാഗം പങ്കെടുക്കുകയും ഡിഎംആര്‍സി മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള സി ബ്ലോക്കിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിന് വേണ്ട പ്രാരംഭ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. മൂന്ന് നിലകളിലായി അഞ്ച് ക്ലാസ് റൂം വീതം ആകെ പതിനഞ്ച് ക്ലാസ് മുറികളാണ് ഇതില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ നിര്‍മാണമാണ് ഏപ്രില്‍ അവസാനത്തോടെ നടത്തുക. മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള രണ്ടാം ഘട്ടമായ ബി ബ്ലോക്കിന്റെ (നിലവിലെ എംപി ബില്‍ഡിങിന് മുകള്‍ഭാഗം) നിര്‍മാണത്തിന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അമ്പത്തിയഞ്ച് ലക്ഷം രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. രണ്ട് നിലകളില്‍ രണ്ട് ക്ലാസ് മുറികള്‍ വീതം നാല് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളാണ് ഇതിലുണ്ടാവുക. ബാക്കി പ്രവര്‍ത്തികള്‍ക്കു വേണ്ട മൂന്ന് കോടി രൂപ എംഎസ്ഡിപി സ്‌കീമില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളെ ഹൈടെക് ആക്കി അന്തര്‍ ദേശീയ സൗകര്യങ്ങളിലേക്കുയര്‍ത്തുക എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തൃക്കാവ് സ്‌കൂള്‍ പദ്ധതിയുമായി മുന്നോട്ട് വന്നിരുന്നു. നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞിയുടെ വിദേശ പര്യടനത്തോടനുബന്ധിച്ചാണ് ഗള്‍ഫ് പ്രവാസികളുടെ സഹകരണത്തോടെ സ്‌കൂളിനെ അന്തര്‍ദേശീയ സൗകര്യങ്ങളിലേക്ക് ഉയര്‍ത്തുക എന്ന ആശയം ഉയര്‍ന്നു വന്നത്. തുടര്‍ന്ന് പൊന്നാനിയിലെ രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികളുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ത്ത് പ്രത്യേക കര്‍മ സമിതിക്ക് രൂപം നല്‍കിയിരുന്നു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷാവസാനം തന്നെ റൗബ റസിഡന്‍സിയില്‍ വച്ച് അധ്യാപകര്‍ക്കായി നടത്തിയ രണ്ട് ദിവസത്തെ ശില്‍പശാലയില്‍ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും, അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും വിശദമായ കര്‍മ പദ്ധതിക്ക് രൂപം നല്‍കി. പ്രീ പ്രൈമറി, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍, സിസിടിവി അടിസ്ഥാന സൗകര്യ വികസനങ്ങള്‍, സ്‌കൂള്‍ സൗന്ദര്യവല്‍ക്കരണം, എസ്എംഎസ് വോയ്‌സ് കോള്‍ അലേര്‍ട്ട് സിസ്റ്റം, യോഗ കരാട്ടെ കഌസുകള്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ്, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ബോധവല്‍ക്കരണ മോട്ടിവേഷന്‍ ക്ലാസുകള്‍, അവധിക്കാല സഹവാസ ക്യാമ്പ് മുതലായവ കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കി. പ്രവാസി കൂട്ടായ്മയായ ദുബൈ വെല്‍ഫയര്‍ കമ്മിറ്റി പ്രീ പ്രൈമറി ക്ലാസിലേക്ക് എല്‍സിഡി ടിവി യും , ഹോം തിയറ്റര്‍ സിസ്റ്റവും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതിനായിരം രൂപയും സമാഹരിച്ചു നല്‍കി. ഈ വര്‍ഷം അനുവദിക്കപ്പെട്ട സ്റ്റുഡന്‍സ് പോലിസ് കേഡറ്റ് (എസ്പിസി) ഉള്‍പെടെ അടുത്ത അധ്യയന വര്‍ഷാരംഭത്തോടൊപ്പം തന്നെ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുവാനും, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഊര്‍ജിതമാക്കാനും കഴിഞ്ഞ ദിവസം മുനിസിപ്പല്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ സ്‌കൂളില്‍ ചേര്‍ന്ന കര്‍മ സമിതി യോഗം തീരുമാനിച്ചു. പൊന്നാനി നഗരസഭക്കു കീഴിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ തൃക്കാവ് സ്‌കൂള്‍ സ്മാര്‍ട്ടാകുന്നതോടെ നഗരത്തീലെ മറ്റു വിദ്യാലയങ്ങളിലും അനുരണനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss