|    Oct 23 Mon, 2017 8:51 pm
FLASH NEWS

പൊന്നാനി ടൗണ്‍ ജിഎംഎല്‍പി സ്‌കൂള്‍; അടച്ചുപൂട്ടലിന്റെ നിഴലില്‍നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Published : 28th October 2016 | Posted By: SMR

പൊന്നാനി: ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള പൊന്നാനി തീരദേശത്തെ ജിഎംഎല്‍പി സ്‌കൂള്‍ അതിജീവനത്തിന്റെ പാതയില്‍. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ പൊന്നാനി ടൗണില്‍ ആദ്യമായി സ്ഥാപിതമായ ഈ സ്‌കൂള്‍ ആയിരങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന വിദ്യാലയമാണ്. പൊന്നാനി ടൗണിലെയും, തീരദേശ മേഖലയിലെയും നിരവധി പേര്‍  ഈ വിദ്യാലയത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെയ്തു. എന്നാല്‍ ഗതകാല ചരിത്രത്തിന്റെ പൊലിമയും പ്രൗഡിയും കുറഞ്ഞതോടെ വിദ്യാര്‍ഥികളുടെ എണ്ണവും ശോഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 35 വിദ്യാര്‍ഥികള്‍ മാത്രമായി ചുരുങ്ങിയതോടെ അടച്ചു പൂട്ടാന്‍ തീരുമാനിച്ചതാണ് ഈ സ്‌കൂള്‍. എന്നാല്‍ കഴിഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ അജീന ജബ്ബാറിന്റെയും, സ്‌കൂള്‍ അധ്യാപകരുടെയും പിടിഎ കമ്മിറ്റിയുടെയും സജീവമായ ഇടപെടലിനെത്തുടര്‍ന്ന് വിദ്യാലയത്തെ അടച്ചുപൂട്ടല്‍ ഭീഷണയില്‍ നിന്നും കരകയറ്റി. കൂടാതെ നഗരസഭാ ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുകയും മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 75 വിദ്യാര്‍ഥികളാണുള്ളത്. കൂടാതെ നിലവിലെ വാര്‍ഡ് കൗണ്‍സിലര്‍ എ കെ ജബ്ബാറിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കളും ചേര്‍ന്ന് വിദ്യാലയത്തെ കൈ പിടിച്ചുയര്‍ത്തിയതോടെ അണ്‍ എക്കണോമിക്കലെന്ന് വിധിയെഴുതിയ സ്‌കൂളിന്റെ തലവരയും മാറി. ഇപ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന നാല് സ്‌കൂളുകളിലൊന്നായി ടൗണ്‍ ജിഎംഎല്‍പി മാറിയിരിക്കുകയാണ്. പദ്ധതിയുടെ മുന്നോടിയായി ഡിഎംആര്‍സി ചീഫ് എന്‍ജിനീയര്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി ഡിപിആര്‍ തയ്യാറാക്കി. രണ്ട് നിലകളിലായി 8 ക്ലാസ് റൂം രണ്ട് ഓഫിസുകള്‍, കംപ്യൂട്ടര്‍ ലാബ്, അടുക്കള എന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍ എ കെ ജബ്ബാര്‍, മുനിസിപ്പല്‍ സെക്രട്ടറി മനോജ്, പി രാജന്‍, എച്ച് എം മാളു, പ്രസാദ്, ഫസലു റഹ്മാന്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക