|    Aug 19 Sat, 2017 3:41 am
FLASH NEWS

പൊന്നാനി എംഇഎസ് കോളജ് അക്രമം: പോലിസ് തെളിവെടുത്തു

Published : 6th August 2017 | Posted By: fsq

 

പൊന്നാനി: എംഇഎസ് പൊന്നാനി കോളജില്‍ ഈ മാസം മൂന്നിന് എസ്എഫ്‌ഐ നടത്തിയ വ്യാപക അക്രമണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പരാതിയില്‍ പോലിസ് പ്രാഥമിക തെളിവെടുപ്പ് നടത്തി. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കോളജ് മാനേജ്‌മെന്റ്് വൈസ് ചെയര്‍മാന്‍ ജനാബ് കുഞ്ഞിമുഹമ്മദ്, ഹാജി പ്രിന്‍സിപ്പല്‍ ഡോ.ടി പി അബ്ബാസ് മറ്റു ജീവനക്കാര്‍ എന്നിവരുടെ സാനിധ്യത്തിലാണ് പോലിസ് സംഘം തെളിവെടുപ്പ് നടത്തിയത്. ജീവനക്കാരില്‍നിന്നുമുള്ള വിശദമായ തെളിവടുപ്പുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് പോലിസ് പ്രിന്‍സിപ്പലിനെ അറിയിച്ചു. കോളജിന്റെ സ്വത്തിനും ജീവനക്കാര്‍ക്കും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോളജ് തുറന്നു പ്രവര്‍ത്തിക്കാനാവുകയില്ലെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം വിലയിരുത്തി.  അക്രമത്തില്‍ പ്രിന്‍സിപ്പല്‍ ഓഫിസിലെ ഗ്ലാസുകള്‍, മുറിയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ജനല്‍ ചില്ലുകള്‍, വാതിലുകള്‍, നോട്ടീസ് ബോര്‍ഡുകള്‍, സിസിടിവി കാമറകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ തകര്‍ത്തതില്‍ കോളജിന് മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തിയത്. ഇതിന് പരിഹാരവും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ കോളജ് തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്. ഈ വിവരം കോഴിക്കോട് സര്‍വകലാശാല സ്റ്റുഡന്റ്‌സ് ഡീനിനെ പ്രിന്‍സിപ്പല്‍ അറിയിച്ചു. വ്യാഴാഴ്ച സൂക്ഷ്മ പരിശോധനയില്‍ ന്യൂനതകള്‍ കാരണം തള്ളിപ്പോയ അഞ്ചു നാമനിര്‍ദേശപത്രികളില്‍ രണ്ടെണ്ണം തങ്ങളുടെ വിദ്യാര്‍ഥികളുടെതാണെന്നതില്‍ പ്രകോപിതരായാണ് എസ്എഫ്‌ഐ കോളജിനകത്ത് വ്യാപകമായ തോതില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക