|    Nov 21 Tue, 2017 7:36 pm
FLASH NEWS

പൊന്നാനി എംഇഎസ് കോളജ് അക്രമം : കമ്മീഷന്‍ ഇന്ന് റിപോര്‍ട്ട് സമര്‍പ്പിക്കും; നാലുപേരെ പുറത്താക്കാന്‍ ശുപാര്‍ശ

Published : 8th August 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എംഇഎസ് കോളജില്‍ എസ്എഫ്‌ഐ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ നിയമിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് റിപോര്‍ട്ട് സമര്‍പ്പിക്കും. കോളജില്‍ വ്യാപകമായി അതിക്രമം കാണിച്ച നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കാന്‍ റിപോര്‍ട്ടില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കോളജിലെ എസ്എഫ്‌ഐ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കോയ, ൈസതലവി, അക്ബര്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ അധ്യാപകര്‍ നേതൃത്വം കൊടുക്കുന്ന അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് കോളജില്‍ കൂടുതല്‍ അതിക്രമങ്ങള്‍ നടത്തിയ നാലുപേരെ പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയത്. അന്വേഷണ റിപോര്‍ട്ട് ഇന്ന് പ്രിന്‍സിപ്പല്‍ക്ക് സമര്‍പ്പിക്കുന്നതോടെ കുട്ടികളുടെ കാര്യത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനമെടുക്കും. കോളജില്‍ അതിക്രമങ്ങള്‍ കാണിച്ചതിന് 11 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഇവരില്‍ നാലുപേരെയാണ് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്.എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിലെ സിസിടിവിയടക്കം വ്യാപകമായി ആക്രമിച്ചിരുന്നു. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമാണ് വരുത്തിവച്ചത്. ഇവര്‍ക്കെതിരേ പ്രിന്‍സിപ്പല്‍ പോലിസിലും പരാതി നല്‍കിയിരുന്നു. നഷ്ടപരിഹാരം ലഭിക്കാതെ കോളജ് തുറക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അതേസമയം, കോളജില്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജില്ലാ കമ്മിറ്റിയില്‍ നിന്നു പിന്തുണ ലഭിച്ചില്ല. പൊന്നാനിയിലെ പാര്‍ട്ടി നേതൃത്വവും ആക്രമത്തെ ന്യായീകരിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. എന്നാല്‍, എസ്എഫ്‌ഐ പൊന്നാനി എരിയാ കമ്മിറ്റിക്കെതിരേ വിമര്‍ശനമുയരുമ്പോഴും ഇവര്‍ക്കെതിരേ അച്ചടക്കനടപടിയെടുക്കാന്‍ നേതൃത്വത്തിനാവുന്നില്ല. രണ്ടുവര്‍ഷം മുമ്പ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിലെ 25 ഓളം സിസിടിവി കാമറകള്‍ മോഷ്ടിച്ചിരുന്നു. തുടക്കത്തില്‍ മോഷണത്തിന്റെ പിന്നില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകരാണെന്നാണ് പ്രചരിപ്പിച്ചതെങ്കിലും പോലിസ് അന്വേഷണത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെ പിടികൂടിയിരുന്നു. അന്ന് കുറ്റക്കാര്‍ക്കെതിരേ നേതൃത്വം അച്ചടക്കനടപടി പേരിനുമാത്രം എടുത്തെങ്കിലും പിന്നിട് ഇവര്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി തിരികെ കൊണ്ടുവരികയായിരുന്നു. ഡിഗ്രി പഠിക്കാന്‍ മതിയായ മാര്‍ക്കില്ലാത്തതിനാല്‍ മാനേജ്‌മെന്റ് സീറ്റില്‍ സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ ശുപാര്‍ശക്കത്തില്‍ ഒരു രൂപ പോലും ഡോണേഷന്‍ നല്‍കാതെ പ്രവേശനം നേടിയ മൂന്നോളം എസ്എഫ്‌ഐ പ്രവര്‍ത്തകരും കോളജില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇത് മാനേജ്‌മെന്റിനെ ഏറെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.  നിലവിലെ സാഹചര്യത്തില്‍ കോളജ് എന്ന് തുറക്കുമെന്ന് അറിയാത്തതിനാല്‍ ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക