|    Jul 20 Fri, 2018 3:02 am
FLASH NEWS

പൊന്നാനി എംഇഎസ് കോളജില്‍ രാഷ്ട്രീയം ഒഴിവാക്കാന്‍ തീരുമാനം

Published : 10th August 2017 | Posted By: fsq

 

പൊന്നാനി: എസ്എഫ്‌ഐ ആക്രമണത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച പൊന്നാനി എംഇഎസ് കോളജില്‍ വിദ്യാര്‍ഥി രാഷ്ട്രീയം ഒഴിവാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിദ്യാര്‍ഥി രാഷ്ട്രീയം കോളജില്‍ അതിക്രമങ്ങള്‍ മാത്രമാണ് ചെയ്തു കൂട്ടുന്നത്.കഴിഞ്ഞയാഴ്ച എസ്എഫ്‌ഐ ആക്രമണത്തില്‍ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ഇതോടെയാണ് കോളജില്‍നിന്ന് രാഷ്ട്രീയം പടിക്കു പുറത്താക്കാന്‍ പ്രിന്‍സിപ്പല്‍ തീരുമാനിച്ചത്. അനിശ്ചിതകാലത്തേക്ക് അടച്ച കോളജ് ആഗസ്ത് 15ന് ശേഷമെ തുറക്കു. അതേസമയം, അനിശ്ചിതകാലത്തേക്ക് അടച്ച കോളജില്‍ നിന്നു ഏഴോളം കുട്ടികള്‍ ടിസി വാങ്ങിപ്പോയതായി ആരോപണമുണ്ട്. പഠനാന്തരീക്ഷം ഇല്ലാത്തതിനാലാണ് കുട്ടികള്‍ ടിസി വാങ്ങിപ്പോയത്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ വ്യാജമാണെന്നും ആരും ടിസി വാങ്ങിപ്പോയിട്ടില്ലെന്നും കോളജ് അറിയിച്ചു. കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു വിഭാഗം അധ്യാപകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. എന്നാല്‍, മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ഈ വിഷയത്തില്‍ കോളജിനെതിരേ സമരരംഗത്തിറങ്ങാന്‍ എസ്എഫ്‌ഐ തയ്യാറായിട്ടില്ല. നേതൃത്വം കോളജിലെ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞതോടെ സമരത്തിനിറങ്ങാന്‍ പോലും എസ്എഫ്‌ഐക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, കോളജില്‍ നടന്ന അക്രമസംഭവത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി 16 വരെ നീട്ടി നല്‍കിയതായി എംഇഎസ് കോളജ് പ്രിന്‍സിപ്പല്‍ ടി പി അബ്ബാസ് പറഞ്ഞു. കോളജില്‍ നടന്ന എസ്എഫ്‌ഐ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗ കമ്മീഷനാണ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചകൂടി സമയം നീട്ടി ചോദിച്ചത്. ഏഴു വിദ്യാര്‍ഥികള്‍ക്കെതിരേ പുറത്താക്കല്‍ നടപടിയെടുക്കുമെന്നാണ് അന്വേഷണ കമ്മീഷന്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുപ്പതോളം വിദ്യാര്‍ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഈ വിദ്യാര്‍ഥികളില്‍ നിന്നും സാക്ഷികളായ ജീവനക്കാരില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുവാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന അന്വേഷണ കമ്മീഷന്റെ ആവശ്യം പരിഗണിച്ചാണ് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ നടന്ന കോളജ് കൗണ്‍സില്‍ സമയം നീട്ടി നല്‍കിയത്. ഇന്നലെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സസ്‌പെന്റ് ചെയ്യപ്പെട്ട ഏതാനും വിദ്യാര്‍ഥികള്‍ക്ക് അന്വേഷണ കമ്മീഷന്റെ മുബാകെ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. ഉച്ചകഴിഞ്ഞ് നടന്ന അധ്യാപകരുടെ സ്റ്റാഫ് ക്ലബ് യോഗത്തില്‍ സെക്രട്ടറി ഡോ. എ ആര്‍ സിന അവതരിപ്പിച്ച ക്ലബ് അംഗീകരിച്ച പ്രമേയത്തില്‍, കോളജില്‍ നടന്ന അക്രമ സംഭവുമായി ബന്ധപ്പെട്ട് അധ്യാപകരെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ആരോപണമുയര്‍ന്നു. ഇത് രക്ഷിതാക്കളിലും പൊതുജനങ്ങളിലും തെറ്റിദ്ധാരണയുണ്ടാക്കുന്നതും കൊളജിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നും കോളജിലെ അധ്യാപകര്‍ യാതൊരുവിധ രാഷ്ട്രീയ പക്ഷപാതവും കാണിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss