|    Oct 21 Sat, 2017 2:22 pm
FLASH NEWS

പൊന്നാനി എംഇഎസ് കോളജില്‍ എസ്എഫ്‌ഐ അക്രമം

Published : 4th August 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എംഇഎസ് കോളജില്‍ എസ്എഫ്‌ഐ അക്രമം. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദേശപത്രിക തള്ളിയതിനെത്തുടര്‍ന്നാണ് ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടത്. ഓഫിസും ക്ലാസ് മുറികളും ലാബും അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ രണ്ട് അധ്യാപകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ പ്രഫ. അബ്ബാസ് അറിയിച്ചു.   10ന് നടക്കുന്ന കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് മൂന്നുവരെയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള സമയം. എസ്എഫ്‌ഐ സമര്‍പ്പിച്ച വൈസ് ചെയര്‍പേഴ്‌സന്റെയും യുയുസിയുടെയും പത്രിക സൂക്ഷമ പരിശോധനയ്ക്കുശേഷം തള്ളുകയായിരുന്നു. മല്‍സരിക്കേണ്ട സ്ഥാനവും പേരും തെറ്റിച്ചതാണ് പത്രിക തള്ളാന്‍ കാരണമായത്. പത്രിക തള്ളിയതോടെ ചരിത്രത്തിലാദ്യമായി യുഡിഎസ്എഫിലെ ശ്രുതി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് നൂറ്റി അമ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം അഴിച്ചുവിട്ടതെന്ന് പ്രിന്‍സിപ്പല്‍ പ്രഫ. അബ്ബാസ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഓഫിസും പ്രിന്‍സിപ്പലുടെ റൂമും അടിച്ചുതകര്‍ത്തു. ചില്ലുകള്‍ തകര്‍ക്കുന്നതിനിടയില്‍ വിദ്യാര്‍ഥികളുടെ കൈക്ക് പരിക്കേറ്റു. അക്രമം തടഞ്ഞ രണ്ട് അധ്യാപകര്‍ക്കും ചില്ലുകള്‍ തറച്ച് പരിക്കേറ്റു. കസേരയും വാതിലുകളും തകര്‍ത്തിട്ടുണ്ട്.  ചെറിയ കാരണങ്ങള്‍ കണ്ടെത്തി നാമനിര്‍ദേശ പത്രിക തള്ളിയത് അംഗീകരിക്കാനാവില്ലെന്നാണ് എസ്എഫ്‌ഐ നിലപാട്. സംഘര്‍ഷം മൂര്‍ച്ചിച്ചതോടെ പ്രിന്‍സിപ്പല്‍ പോലിസിന്റെ സഹായം തേടി. കനത്ത പോലിസ് കാവലിലാണ് കോളജില്‍ നിന്നു കുട്ടികള്‍ പുറത്തിറങ്ങിയത്. ഒമ്പത് ജനറല്‍ സീറ്റുകളില്‍ രണ്ടെണ്ണം  യുഡിഎസ്എഫ് എതിരില്ലാതെ ജയിച്ചുകയറിയത് എസ്എഫ്‌ഐ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. എസ്എഫ്‌ഐക്ക് വന്‍ ഭൂരിപക്ഷമുള്ള കോളജാണ് പൊന്നാനി എംഇഎസ് കോളജ്. നിലവിലെ സാഹചര്യത്തില്‍ 10ന് യൂനിയന്‍ തിരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക