|    Oct 20 Fri, 2017 5:08 am

പൊന്നാനി എംഇഎസ് കോളജിലെ അക്രമം ; പതിനൊന്ന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Published : 5th August 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി എംഇഎസ് കോളജിലെ എസ്എഫ്‌ഐ അക്രമത്തെതുടര്‍ന്ന് പതിനൊന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തു. എംഇഎസ് കോളജില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഗസ്ത് മൂന്നിന് നടന്ന അക്രമസംഭവങ്ങളില്‍ പ്രിന്‍സിപ്പല്‍ രേഖാമൂലം പോലിസിന് പരാതി നല്‍കി. പ്രിന്‍സിപ്പല്‍ ഓഫിസിലെ ഗ്ലാസുകള്‍, മുറിയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കോളജ് വരാന്തയിലെ ജനല്‍ ചില്ലുകള്‍, വാതിലുകള്‍, നോട്ടീസ് ബോര്‍ഡുകള്‍ സിസി ടിവി കാമറകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വ്യാപകമായ തോതില്‍ തകര്‍ത്തതില്‍ മൂന്നുലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. ഇന്നലെ ചേര്‍ന്ന കോളജ് കൗണ്‍സില്‍ കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയും അക്രമ സംഭവങ്ങളില്‍ നേരിട്ട് ഇടപെടുകയും അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത മുഹമ്മദ് റാഷിദ്, ഷമീര്‍, ഹനീന്‍, മുഹമ്മദ് ബിലാല്‍, മുഹമ്മദ് റാഫി, മുഹമ്മദ് ഷാമില്‍, ഷാരോണ്‍, ജിഷ്ണു, ഹാരിസ്, സൌരവ്, റനീഷ് എന്നീ വിദ്യാര്‍ഥികളെ കോളജില്‍നിന്നു അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാനും സംഭവം വിശദമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രഫ. മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ ഒരു മൂന്നങ്ക അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ട് ഏതാനും അധ്യാപകര്‍ക്കെതിരായി സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ക്കെതിരേ കോളജ് കൗണ്‍സില്‍ പ്രതിഷേധിച്ചു.തിരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഴ്ചകള്‍ സൂചിപ്പിച്ച് ഒരു വിദ്യാര്‍ഥി സംഘടനയും പ്രിന്‍സിപ്പലിനോ റിട്ടേര്‍ണിങ് ഓഫിസര്‍ക്കോ ഒരു പരാതിയും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. എസ്എഫ്‌ഐ നല്‍കിയ നോമിനേഷന്‍ സൂക്ഷമപരിശോധനയില്‍ തള്ളിയതിനെതുടര്‍ന്നാണ് വ്യാഴാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് അടിച്ചുതകര്‍ത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക