|    Jan 18 Wed, 2017 12:44 am
FLASH NEWS

പൊന്നാനിയില്‍ പ്രചാരണത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

Published : 4th May 2016 | Posted By: SMR

ഫക്രുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഭിന്നമായി പൊന്നാനി മണ്ഡലത്തില്‍ ഇത്തവണ പ്രവചിക്കാന്‍ കഴിയാത്ത തീ പാറും പോരാട്ടം. ഇരുമുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ് . കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തെ അടിയൊഴുക്കുകളാകും ഇത്തവണ പൊന്നാനിയുടെ ജയപരാജയങ്ങളെ നിര്‍ണയിക്കുക .
1,90 703 വോട്ടര്‍മാരുള്ള പൊന്നാനിയില്‍ 11 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്ത്. യുഡിഎഫ്, എല്‍ഡിഎഫ്, വെല്‍ഫയര്‍ പാര്‍ട്ടി, ബിജെപി, പിഡിപി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ അഞ്ച് സ്വതന്ത്രന്മാരും മല്‍സര രംഗത്തുണ്ട്. പൊന്നാനി മണ്ഡലത്തില്‍ 99808 സ്ത്രീ വോട്ടര്‍മാരും 90898 പുരുഷ വോട്ടര്‍മാരുമാണുമുള്ളത്. ഇതില്‍ 24000 പേര്‍ പുതിയ വോട്ടര്‍മാരാണ് . പുതിയ വോട്ടര്‍മാരുടെ വോട്ടുകളാകും ഇത്തവണ പൊന്നാനിയുടെ ഗതി നിയന്ത്രിക്കുക .
ഇടത് മുന്നണി ഇത്തവണ ഹാട്രിക് വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. എണ്ണായിരത്തിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പറയുന്നുണ്ടെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ ആശങ്കയിലാണന്നതാണ് യാഥാര്‍ത്ഥ്യം . യുഡിഎഫിന്റെ പതിവിലും കവിഞ്ഞ പ്രചാരണ പരിപാടികളാണ് എല്‍ഡിഎഫില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടെ ഉണ്ടായിരുന്ന പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും തനിച്ച് മല്‍സരിക്കുന്നതും ഇടത് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു ണ്ട് . കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എണ്ണായിരം വോട്ടിന്റെ ലീഡ് പൊന്നാനി മണ്ഡലത്തി ല്‍ നേടാന്‍ കഴിഞ്ഞൊരു ആത്മവിശ്വാസം ഇടത് ക്യാംപിലു ണ്ട്. പ്രചാരണത്തിലെ ആള്‍ക്കൂട്ടങ്ങള്‍ വോട്ടായി മാറില്ല എന്ന തിരിച്ചറിവ് ഇരു മുന്നണികള്‍ക്കും സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല . ഇടത് ക്യാംപിലെ ഈ അസ്വസ്ഥത തന്നെയാണ് ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷങ്ങളും ഉണ്ടാക്കുന്നത്. അഴീക്കലിലും വെളിയങ്കോട് പത്തു മുറിയിലും സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ എല്‍ഡിഎഫിന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ പലയിടങ്ങളിലും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു .
യുഡിഎഫ് ഇത്തവണ പൊന്നാനി തിരിച്ച് പിടിക്കാനുള്ള വാശിയിലാണ്. താഴെതട്ടില്‍വരെ പ്രചാരണങ്ങള്‍ ശക്തമാക്കിയാണ് യുഡിഎഫിന്റെ പ്രചാരണ രീതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോരില്‍ മാറി നിന്നവര്‍ പോലും ഇത്തവണ പ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലാണ് പൊന്നാനിയിലെ വിജയ മാര്‍ജിന്‍. ഇത് മറികടക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍.
പതിവിന് വിപരീതമായി തീരപ്രദേശങ്ങളില്‍ കനത്ത പ്രചാരണമാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്. ബിജെപി എസ്എന്‍ഡിപി സഖ്യം ഇടത് വോട്ടുകളില്‍ വിള്ളലുകള്‍ ഉണ്ടാക്കും എന്നാണ് യുഡിഎഫ് വിലയിരുത്തല്‍.
കഴിഞ്ഞ തവണ 4000 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന്‍ വിജയിച്ചത്. രാഷ്ട്രിയത്തിനതീതമായി പി ശ്രീരാമകൃഷ്ണന്‍ പിടിക്കുന്ന വോട്ടുകളാണ് നിര്‍ണായമാവുക എന്ന് ഇടത് ക്യാംപ് അംഗങ്ങള്‍ തന്നെ പറയുന്നു .ബിജെപി എസ്എന്‍ഡിപി സഖ്യം ശക്തമായ പ്രചാരണങ്ങളില്‍. ഈ മുന്നണി പിടിക്കുന്ന വോട്ടില്‍ ഇരു മുന്നണികളും ആശങ്കയിലാണ് .
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് ശക്തമല്ലെങ്കിലും മണ്ഡലത്തില്‍ പൊന്നാനി നഗരസഭയിലൊഴിച്ച് യുഡിഎഫ് സംവിധാനം ശക്തമല്ല . ലീഗ് ഇനിയും താഴെത്തട്ടിലുള്ള പ്രചാരണങ്ങള്‍ക്ക് ഇറങ്ങിയിട്ടില്ല . ആലംകോട് , വെളിയംകോട് , പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ ശക്തമായ ലീഡ് നില നിര്‍ത്തിയാല്‍ മാത്രമെ യുഡിഎഫിന്ന് വിജയ സാധ്യത ലഭിക്കൂ. നന്നംമുക്ക് പഞ്ചായത്തില്‍ യുഡിഎഫ് ബന്ധം കനത്ത വിള്ളലിലാണ് . ഇതെല്ലാം വോട്ട് ചോര്‍ച്ച ഉണ്ടാക്കുമോ എന്ന് പ്രവചിക്കാനാവില്ല .
എല്‍ഡിഎഫിനും കാര്യങ്ങള്‍ എളുപ്പമല്ല. മാറഞ്ചേരി പഞ്ചായത്തില്‍ നേരത്തേ ഉണ്ടായ സിപിഎമ്മിലെ വിഭാഗിയതയും സിപിഐ ചിലയിടങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുന്നതും സിപിഎമ്മിന് തലവേദനയായിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം ലക്ഷ്യംവച്ചാണ് ബിജെപി സ്ഥാനാര്‍ഥി കെ കെ സുരേന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ . കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടാക്കായ മുന്നേറ്റം ബിജെപി ക്ക് കരുത്ത് പകരുന്നുണ്ട് . വോട്ടിങ് നില മുപ്പതിനായിരത്തിലെത്തിക്കാമെന്നാണ് പ്രതീക്ഷ . വെല്‍ഫയര്‍ പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥിയായി എം എം ശിക്കാറിനെയാണ് നിര്‍ത്തിയിട്ടുള്ളത്. വേറിട്ട പ്രചാരണ ശൈലിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി അവലംബിക്കുന്നത് .ഇടത് പക്ഷത്തിന്റെ വോട്ട് ചോര്‍ച്ച ഇതോടെ ശക്തമാകും.
1996 ന് ശേഷം ഇതാദ്യമായാണ് പിഡിപി നിയമസഭയിലേക്ക് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കഴിഞ്ഞ മാസങ്ങളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് നിരവധി പേര്‍ പിഡിപിയിലേക്കെത്തിയത് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിച്ചതായാണ് വിലയിരുത്തല്‍. ശക്തമായ സാന്നിധ്യമായി എസ്ഡിപിഐ യും പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. മണ്ഡലത്തില്‍ തന്നെയുള്ള ഫത്താഹ് മാസ്റ്ററ്റാണ് എസ്ഡിപി ഐ എസ്പി സഖ്യം സ്ഥാനാര്‍ഥി .കഴിഞ്ഞ തവണ മുവായിരത്തോളം വോട്ട് നേടിയ എസ്ഡിപിഐ പിടിക്കുന്ന ഓരോ വോട്ടും ഇരു മുന്നണികളുടെയും തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കും. ആര്‍ക്കും പിടികൊടുക്കാത്ത പൊന്നാനി കഴിഞ്ഞ രണ്ട് തവണ ജയിപ്പിച്ചത് ഇടതിനെയാണ്. ആദ്യം പാലൊളി, പിന്നീട് ശ്രീരാമകൃഷ്ണന്‍. ഇനിയിതാ രണ്ടാമൂഴത്തില്‍ വീണ്ടും ശ്രീരാമകൃഷ്ണന്‍ തന്നെ . ഇപ്പോള്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെങ്കില്‍ അടുത്ത കാലത്തൊന്നും അതിനായി കാത്തിരിക്കേണ്ടിവരില്ല .
2011 ലെ തിരഞ്ഞെടുപ്പില്‍ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്‍ വിജയിച്ചതെങ്കിലും തുടര്‍ന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ,തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും പൊന്നാനിയിലെ ഇടത് ഭൂരിപക്ഷം എണ്ണായിരത്തിന് മേലേയാണ്. ഈയൊരു മാര്‍ജിനാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ കടമ്പയായി മുന്നില്‍ വയ്ക്കുന്നത് .
2011 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി നിരവധി അനുകൂല സാഹചര്യങ്ങള്‍ ഇരു മുന്നണികളും ഇത്തവണ കണക്ക് കൂട്ടുന്നുണ്ട് . കഴിഞ്ഞ 5 വര്‍ഷത്തിനിടെ പി ശ്രീരാമകൃഷ്ണന്‍ സാധ്യമാക്കിയ ജനകീയതയാണ് എല്‍ഡിഎഫ് അനുകൂല ഘടകമായി കാണുന്ന പ്രധാന കാര്യം. ഗ്രൂപ്പ് രാഷ്ട്രീയത്തിലെ അതിപ്രസരം പരിധി വിട്ടില്ലെന്ന പ്രത്യാശയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന പ്രതീക്ഷ . കഴിഞ്ഞ തവണ ഇടതിന് പിന്തുണ നല്‍കിയവര്‍ സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിക്കുന്നതും യുഡിഎഫിന്റെ കണക്കുകൂട്ടലുകളെ ബലപ്പെടുത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക