|    Aug 15 Wed, 2018 8:19 am
FLASH NEWS

പൊന്നാനിയിലെ ബലക്ഷയമുള്ള കെട്ടിടങ്ങള്‍: മുന്നറിയിപ്പ് അവഗണിക്കപ്പെടുന്നു

Published : 22nd June 2018 | Posted By: kasim kzm

പൊന്നാനി: പൊന്നാനി അങ്ങാടിയിലെ ബലക്ഷയമുള്ള കെട്ടിടങ്ങളെക്കുറിച്ച് ഫയര്‍ഫോഴ്‌സ് നല്‍കിയ മുന്നറിയിപ്പിനും പുല്ലുവില. ഫയര്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ മൂന്നു മാസം പിന്നിട്ടിട്ടും നടപടിയില്ല. ഏത് നിമിഷവും നിലംപൊത്തുമെന്ന നിലയില്‍ നിലകൊള്ളുന്ന ഒട്ടനവധി കാലപ്പഴക്കമേറിയ കെട്ടിടങ്ങളുള്ള പൊന്നാനി ടൗണില്‍ രണ്ടു തവണ അഗ്‌നിബാധയുണ്ടായിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ നല്‍കിയ റിപോര്‍ട്ടില്‍ തുടര്‍നടപടികളുണ്ടാകാത്തതെന്ന ആക്ഷേപം ശക്തമാവുകയാണ്.
ഏപ്രില്‍ 20ന് വെള്ളിയാഴ്ച അങ്ങാടി പാലത്തിനോട് ചേര്‍ന്ന കടകള്‍ കത്തിനശിച്ചതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് പൊന്നാനി നഗരസഭ സെക്രട്ടറിക്കും, തഹസില്‍ദാര്‍ക്കും റിപോര്‍ട്ട് സമര്‍പ്പിച്ചത്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും, അശാസ്ത്രീയതയും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് ഫയര്‍ഫോഴ്‌സ് നല്‍കിയത്. പഴയ നിര്‍മ്മാണ രീതിയായതിനാല്‍ അപകടങ്ങള്‍ സംഭവിക്കുമ്പോ ള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രയാസങ്ങളും റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ചെറിയൊരു തീ നാളമുണ്ടായാല്‍ പോലും തീ പടരുന്ന തരത്തിലാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണം.ആവശ്യത്തിന്  വാതിലുകളില്ലാത്തതിനാല്‍ കെട്ടിടത്തിനകത്ത് അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. ഈ കെട്ടിടങ്ങളുടെ കോണിപ്പടികളെല്ലാം കടകള്‍ക്കകത്ത് മാത്രമായതിനാ ല്‍ കെട്ടിടങ്ങളുടെ മുകള്‍നിലയില്‍ തീപിടുത്തമുണ്ടായാല്‍ തീ പടരാന്‍ സാധ്യതയേറെയാണെന്നും, വണ്ടിപ്പേട്ടയില്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് തന്നെ പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇനിയൊരു തീപിടുത്തമുണ്ടായാല്‍ വന്‍ ദുരന്തത്തിനിടയാക്കുമെന്നും ഫയര്‍ഫോഴ്‌സ് നല്‍കിയ റിപ്പോര്‍ട്ടി ല്‍ ചൂണ്ടിക്കാട്ടുന്നു.
അങ്ങാടിയിലെ കെട്ടിടങ്ങളുടെ അവസ്ഥ സംബന്ധിച്ചുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് റിപോര്‍ട്ട് നല്‍കിയത്. ചില കെട്ടിട ഉടമകള്‍ സ്വന്തം ഇഷ്ടപ്രകാരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന തൊഴിച്ച് അധികൃതര്‍ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം കൈക്കൊള്ളുന്നതായാണ് ആക്ഷേപം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss