|    Jan 25 Wed, 2017 6:55 am
FLASH NEWS

പൊന്നാനിയിലെ പൊന്നോണം

Published : 31st August 2015 | Posted By: admin

ടി.വി. അബ്ദുറഹിമാന്‍കുട്ടി

കേരളത്തില്‍ നെല്ല് കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി അഞ്ചു പതിറ്റാണ്ട് മുമ്പ് കാര്‍ഷികസംസ്‌കാരത്താല്‍ സമ്പന്നമായ പ്രദേശമായിരുന്നു. അതു കൊണ്ടു തന്നെ പുഴയോരങ്ങളില്‍ കേരവും നെല്ലും നാണ്യവിളകളും സമൃദ്ധമായി കൃഷി ചെയ്തു. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ സീസണുകളില്‍ നെല്ല് നന്നായി വിളഞ്ഞു. അവിടെ കാര്‍ഷികോല്‍സവമായ ഓണം സമുചിതമായിക്കൊണ്ടാടി.പ്രാചീന നഗരമായ പൊന്നാനി അങ്ങാടിയില്‍നിന്ന് കനോലി കനാലിന് കുറുകെ രണ്ടാം നമ്പര്‍ പാലം കടന്നാല്‍ മരക്കാന്‍ വളപ്പ് പള്ളപ്രം പ്രദേശം.

പടിഞ്ഞാറ് അങ്ങാടി പരിസരത്ത് പൗരാണിക മുസ്‌ലിം സംസ്‌കാരവും നാഗരികതയും വെന്നിക്കൊടി പാറിപ്പിച്ചിരുന്നുവെങ്കില്‍ കിഴക്ക് തൃക്കാവ് പരിസരം ഗ്രാമീണ സൗന്ദര്യവും ഹൈന്ദവ സംസ്‌കാരവും സമുന്വയിച്ച ഇടമായിരുന്നു. രാമനാമ ജപവും, കര്‍ക്കിടകത്തില്‍ രാമായണ പാരായണവും പതിവായിരുന്നു. ചിങ്ങവെയില്‍പ്പോലെ ചിങ്ങത്തിലെ മഴയും ഹൃദ്യമാണ്. കൊടിയ വര്‍ഷം അവസാനിച്ചാല്‍ ആശ്വാസത്തിന്റെ നാളുകളായി. കൊയ്ത്തുകാലത്തോടെ ജന്മിമാരുടെ വീട്ടിലേക്ക് നെല്ലു വരവായി. അധിക നെല്ലും പാട്ടമായിട്ടാണ് എത്തുന്നത്. അറയിലെ                    പത്തായത്തില്‍ നെല്ല് നിറഞ്ഞാല്‍                 തറവാട്ടുമഹിമ പ്രകടിപ്പിക്കാന്‍ ഓരോ വീട്ടുകാരും മല്‍സരിച്ച് പുത്തരിക്കല്യാണം നടത്തും.

പുതിയ അരി ആദ്യമായി പാകംചെയ്ത് ഭക്ഷിക്കുന്നതാണ് പുത്തരിയെന്ന് പറയുന്നത്. നെല്ലു കുത്തിയ പുതിയ അരികൊണ്ട് ചോറും, നല്ല മല്‍സ്യക്കറിയും പലതരം ഇടക്കറികളും ഉണ്ടാകും. പുത്തന്‍ നെല്ലുകൊണ്ട് ഇടിച്ചുണ്ടാക്കിയ അവിലും, പഴവും പഞ്ചസാരയും നാളികേരപാലും പിഴിഞ്ഞ് ചേര്‍ത്തുണ്ടാക്കിയ പായസം കഴിച്ചതിനു ശേഷം മാത്രമെ ചോറ് വിളമ്പുകയുള്ളൂ. ഹൈന്ദവ ഭവനങ്ങളില്‍ പുത്തരിക്ക് നാലുകറി സദ്യ ഉണ്ടാവും. കൂട്ടത്തില്‍ പുത്തരിചുണ്ട, ചേന, നേന്ത്രക്കായ, പയര്‍ എന്നിവ കൊണ്ടുണ്ടാക്കിയ മെഴുക്കുപുരട്ടി പുറമെയും. പുത്തരിപായസമാണ് പ്രധാനം. മുസ്‌ലിംവീടുകളില്‍ കൊയ്ത്തുകഴിഞ്ഞ് നെല്ലെത്തിയാല്‍ പുത്തരി മൗലൂദും ദുആ ഇരപ്പിക്കലും സര്‍വസാധാരണമായിരുന്നു.

വിളഞ്ഞുനില്‍ക്കുന്ന കതിര്‍ക്കുലകള്‍ കൊണ്ടുവന്ന് ശ്രീഭഗവതിക്ക് പൂജയ്ക്കു വച്ച ശേഷം മാത്രമെ ഹൈന്ദവവീടുകളില്‍ അറയില്‍ നിറക്കുകയുള്ളൂ. മുറികളിലും പത്തായത്തിലും അറയിലും കതിര്‍ക്കുലകളില്‍ ആലിലകള്‍ ചാണകത്തില്‍ ചേര്‍ത്ത് ഒട്ടിച്ച് പതിച്ചുവയ്ക്കും. പടിക്കല്‍നിന്ന് നെല്‍മണിയും വിളക്കും കിണ്ടിയില്‍ വെള്ളവുമായി എതിരേറ്റ് കതിര്‍ക്കുലകള്‍ സ്വീകരിച്ച് കൊണ്ടുവരണമെന്ന ആചാരം മുറയ്ക്ക് പാലിച്ചു ഗൃഹനാഥന്‍ പൂജ നടത്തുകയും ഗൃഹനാഥ വിളക്കെടുത്ത് സ്വീകരിക്കുകയും ചെയ്യും. നിവേദ്യമായി മധുരം ചേര്‍ക്കാത്ത അടയാണ് പതിവ്.വീട്ടമ്മയുടെ ഐശ്വര്യത്തെയും കൂട്ടായ്മയെയും സൂചിപ്പിച്ച് കതിര്‍ക്കുലകള്‍ ഇല്ലത്തേക്ക് (വീട്ടിലേക്ക്) കൊണ്ടുവരുമ്പോള്‍ വീട്ടിലുള്ള എല്ലാവരും ചേര്‍ന്ന് ‘ഇല്ലംനിറ വല്ലംനിറ ഇല്ലത്തമ്മേടെ വയറുനിറ’ എന്നാവര്‍ത്തിച്ച് ഉറക്കെ പറയും.

വീട്ടിനകത്തെത്തിയാല്‍ പൂവും കതിരും ഒരു നാക്കിലയില്‍ വച്ച് നിവേദിക്കും. പ്രാദേശികമായി ചടങ്ങുകള്‍ക്ക് വ്യത്യാസങ്ങള്‍ കാണുമെങ്കിലും അടിസ്ഥാന കീഴ്‌വഴക്കങ്ങള്‍ തെറ്റിക്കാറില്ല. അത്തം തൊട്ട് ഓണംവരെ പത്തു ദിവസങ്ങള്‍ വീടുകള്‍ക്ക് മുമ്പില്‍ പൂക്കളവും ഓണത്തിനോടനുബന്ധിച്ച ദിവസങ്ങളില്‍ തൃക്കാക്കരയപ്പനും സ്ഥിരം കാഴ്ചയായിരുന്നു. ഊഞ്ഞാലാട്ടവും ഓണപ്പാട്ടുകളും പുലിക്കളിയും തുമ്പിതുള്ളലും കുമ്മിപ്പാട്ടും കോല്‍ക്കളിയും കൈകൊട്ടിക്കളിയും ഓണത്തല്ലും തായംകളിയും മറ്റു കലാപരിപാടികളും പലയിടങ്ങളില്‍ അരങ്ങേറിയിരുന്നു. ഇന്ന് വിനോദമായി ആഘോഷിക്കുന്ന ഓണത്തല്ല് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആചാരവും അനുഷ്ഠാനവുമായാണ് കൊണ്ടാടിയിരുന്നത്. ഓണത്തിന്റെ പ്രധാന ചടങ്ങായ കാരണവര്‍ നല്‍കുന്ന ഓണക്കോടിയും പായസമടക്കമുള്ള സമൃദ്ധമായ സസ്യാഹാരവും പതിവായിരുന്നു.

പല വീട്ടുവളപ്പുകളിലും സൂര്യകാന്തി പൂക്കള്‍ സൗരഭ്യം വിതറി.കാവുകളും കുടുംബക്ഷേത്രങ്ങളും അധികവും ഗ്രാമപ്രദേശങ്ങളിലായിരുന്നു. ചിങ്ങം പിറക്കുംമുമ്പ് കാവുകള്‍ പൂക്കും. മകരമാസത്തിലെ കൊയ്ത്തുകഴിഞ്ഞാല്‍ ഉല്‍സവങ്ങളുടെ ആരംഭമായി. പുഞ്ചക്കൊയ്ത്തു കഴിഞ്ഞാല്‍ പാടങ്ങള്‍ മിക്കതും വിജനമായി. കുറ്റിയുംകോല്, കുഴിപന്ത്, കോട്ടി ഉരുട്ടല്‍, ഉരുളുരുട്ടല്‍, കക്കിട്ടകളം, തങ്ക്യംകൊടുക്കല്‍, ചട്ടിക്കളി തുടങ്ങിയ വിനോദങ്ങളില്‍ കുട്ടികള്‍ വ്യാപൃതരാകും. സൈക്കിള്‍ ചവിട്ട് പരിശീലിക്കല്‍ അധികവും ഈ അവസരത്തിലാണ്. ഇന്നത്തെപോലെ ക്രിക്കറ്റ് കളി വ്യാപകമല്ല. സ്ത്രീകളുടെ ഐശ്വര്യത്തിനുവേണ്ടി സ്ത്രീകളുടെ മാത്രം ചടങ്ങായ ധനുമാസത്തിലെ തിരുവാതിര ആഘോഷവും പൂജയും വ്രതവും കുളിയും ചില പ്രത്യേക അനുഷ്ഠാനങ്ങളോടെ ആചരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 117 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക