|    Jul 25 Tue, 2017 10:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പൊന്നാണ് ഈ വെള്ളി: ഫൈനലില്‍ പി വി സിന്ധു പൊരുതിത്തോറ്റു; ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം

Published : 20th August 2016 | Posted By: SMR

റിയോ ഡി ജനെയ്‌റോ: രാജ്യമൊന്നടങ്കം ഒരേ മനസ്സോടെ ഉറ്റുനോക്കിയ റിയോ ഒളിംപിക്‌സിലെ വനിതകളുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വെള്ളി. സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനോടാണ് പത്താം നമ്പര്‍ താരമായ ഹൈദരാബാദുകാരി പൊരുതിത്തോറ്റത്. സ്‌കോര്‍: 21-19, 12-21, 15-21.
ആദ്യ ഗെയിം 21-19ന് സ്വന്തമാക്കിയ സിന്ധു രണ്ടും മൂന്നും ഗെയിമുകളില്‍ തോല്‍വി വഴങ്ങുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും വെള്ളി മെഡല്‍ നേട്ടത്തോടെ ചരിത്രം കുറിച്ച് ബാഡ്മിന്റണില്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച നേട്ടത്തോടെയാണ് മടക്കം. തുടര്‍ച്ചയായി രണ്ടു ലോക ചാംപ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയ ഏക ഇന്ത്യന്‍ താരമായ സിന്ധു ചരിത്രം രചിച്ചാണ് ഫൈനലില്‍ പോരിനിറങ്ങിയത്. ലോക ഒന്നാം നമ്പര്‍ താരത്തോടാണ് ഏറ്റുമുട്ടുന്നതെന്ന സമ്മര്‍ദമൊന്നും മുഖത്തുണ്ടായിരുന്നില്ല. മറുവശത്ത് വേഗമേറിയ സ്മാഷുകളിലൂടെ ഇന്ത്യന്‍ താരത്തെ പ്രതിരോധത്തിലാക്കാന്‍ കരോലിനയ്ക്കു കഴിഞ്ഞു. എന്നാല്‍, പൊരുതിക്കളിച്ച സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 19 പോയിന്റ് വരെ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
പക്ഷേ, അതികഠിനമായിരുന്നു രണ്ടാം ഗെയിം. ശക്തമായ സ്മാഷുകള്‍ക്ക് മുതിര്‍ന്ന കരോലിനയ്ക്കു മുന്നില്‍ സിന്ധുവിന് കാലിടറി. നിരന്തരം ആക്രമിച്ചു കളിക്കാനും സ്പാനിഷ് താരത്തിനു സാധിച്ചു. 21-12ന് കരോലിന രണ്ടാം ഗെയിം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തോടെയാണ് നിര്‍ണായകമായ മൂന്നാം ഗെയിമിനു തുടക്കമായത്. സിന്ധു പിന്നാക്കംപോയെങ്കിലും സ്മാഷുകളിലൂടെ ഒപ്പമെത്തി. എന്നാല്‍, വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച കരോലിന 21-15ന് ഗെയിമിനൊപ്പം ജയവും സ്വന്തമാക്കുകയായിരുന്നു. ലോക ചാംപ്യനും യൂറോപ്യന്‍ ചാംപ്യനുമായ കരോലിനയുടെ കന്നി ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ കൂടിയാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക