|    Nov 22 Thu, 2018 1:25 am
FLASH NEWS

പൊതു വിദ്യാലയത്തില്‍ സിവില്‍ സര്‍വീസ് അക്കാദമി: ഇത് കൊയിലാണ്ടിയുടെ മാതൃക

Published : 31st August 2018 | Posted By: kasim kzm

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്താദ്യമായി ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ സിവില്‍ സര്‍വ്വീസ് അക്കാദമി. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്‍റി സ്‌കൂളും കൊയിലാണ്ടി നഗരസഭയും കൈകോര്‍ക്കുന്ന ‘സ്‌റ്റെപ് കൊയിലാണ്ടി സിവില്‍ സര്‍വ്വീസ് അക്കാദമി’ സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ്.
പൊതു വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് അടക്കമുള്ള അഖിലേന്ത്യാ മത്സര പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിക്കാനായി അഞ്ച് വര്‍ഷം മുമ്പ് കൊയിലാണ്ടി ഗേള്‍സില്‍ ആരംഭിച്ച ജില്ലാതല സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതി സ്‌റ്റെപ് (സിസ്റ്റമാറ്റിക് ട്രെയിനിംഗ് ഫോര്‍ എക്‌സലന്റ് പെര്‍ഫോമന്‍സ്) സിവില്‍ സര്‍വീസ് അക്കാദമിയായി വിപുലമാക്കുന്നത്. സ്‌കൂളിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ക്രിയേറ്റീവ് ഇക്കണോമിക്‌സിലൂടെയാണ് പദ്ധതി രൂപകല്‍പന ചെയ്തത്. തുടര്‍ന്ന് പിടിഎയില്‍ ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തനം പുരോഗമിച്ച് ഇന്നത്തെ സിവില്‍ സര്‍വീസ് അക്കാദമിയായി മാറ്റുകയുമായിരുന്നു. അക്കാദമിയുടെ വിശദമായ രൂപരേഖ സംഘാടകര്‍ കെ ദാസന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇതിനകം തന്നെ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു കഴിഞ്ഞു.
സംസ്ഥാനത്താദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പിടിഎ നഗരസഭയുമായി കൈകോര്‍ത്ത് ഒരു സിവില്‍ സര്‍വ്വീസ് അക്കാദമിക്ക് രൂപം കൊടുക്കുന്നത്. അക്കാദമിയുടെ ഉദ്ഘാടനം സെപ്തംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ അറിയിച്ചു. രണ്ടു ബാച്ചുകളിലായാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. കോഴിക്കോട് ജില്ലയ്ക്കകത്തും പുറത്തുമുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും. 8, 9, 10 ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ജൂനിയര്‍ ബാച്ചില്‍ ഉണ്ടാവുക. പ്ലസ് വണ്‍, പ്ലസ്ടു, ഡിഗ്രി ആദ്യവര്‍ഷം വിദ്യാര്‍ഥികള്‍ അടങ്ങുന്നതാണ് സീനിയര്‍ ബാച്ച്. ജില്ലയ്ക്കകത്തും പുറത്തും ഉള്ള വിദ്യാര്‍ഥികളും, രക്ഷിതാക്കളും, അധ്യാപകരും, അക്കാദമി വിദഗ്ധരുള്‍പ്പെടെയുള്ള പൊതുസമൂഹവും ആവേശപൂര്‍വ്വമാണ് സിവില്‍ സര്‍വ്വീസ് അക്കാദമിയെ സ്വീകരിച്ചത്. ഇരു ബാച്ചിലും തിരഞ്ഞെടുക്കപ്പെടുന്ന 60 വീതം കുട്ടികള്‍ക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയും അഭിമുഖത്തിനും ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്.
പ്രവേശന പരീക്ഷയെഴുതാന്‍ ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി 1300 പേര്‍ എത്തിയിരുന്നു. 15 കൗണ്ടറുകള്‍ ഒരേ സമയം തുറന്ന് പ്രൊഫഷണലായി തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് പ്രവേശന പരീക്ഷ നടത്തിയത്. പരിക്ഷക്ക് ശേഷം 250 പേരെ അഭിമുഖത്തിനായി തിരഞ്ഞെടുക്കകയും ആറ് വ്യത്യസ്ത സെറ്റ് വിദഗ്ധപാനല്‍ ഒരേ സമയം അഭിമുഖം നടത്തി. തിരുവനന്തപുരം ഐ ലേണ്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയുമായി സഹകരിച്ചാണ് കൊയിലാണ്ടി സിവില്‍ സര്‍വ്വീസ് അക്കാദമി പ്രവര്‍ത്തിക്കുക.
രണ്ട് വര്‍ഷത്തെ ഫൗണ്ടേഷന്‍ പ്രോഗ്രാമാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്യുന്നത്. വര്‍ഷത്തില്‍ 50 ദിവസങ്ങളിലായി 250 മണിക്കൂര്‍ ക്ലാസ്സാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സിവില്‍ സര്‍വ്വീസ് നേടിയവരും സിവില്‍ സര്‍വ്വീസ് പരിശീലന രംഗത്ത് പരിചയസമ്പന്നരായ വിദഗ്ധരുമാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുക. ജീവിത വിജയം നേടിയവരുമായുള്ള മുഖാമുഖം, മികവിന്റെ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക തുടങ്ങിയവ പരിശീലനത്തില്‍ ഉള്‍പെടുന്നു. പൊതു വിദ്യാലയത്തിലെ കുട്ടികള്‍ക്ക് മാത്രമായാണ് പ്രവേശനം എന്നത് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുഖ്യ സവിശേഷതയാണ്.
ഗ്രാമപ്രദേശത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യാ മത്സര പരീക്ഷകള്‍ ആത്മവിശ്വാസത്തോടെ നേരിടാനും സിവില്‍ സര്‍വ്വീസ് മോഹം പൂവണിയിക്കാനും കരുത്താവുകയാണ് സ്‌റ്റെപ് ലക്ഷ്യമിടുന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, പ്രിന്‍സിപ്പല്‍ എ പി പ്രബിത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും, പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത്, പിടിഎ പ്രസിഡന്റ് എ സജീവ് കുമാര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. പി കെ ഷാജി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍, അന്‍സാര്‍ കൊല്ലം എന്നിവരടങ്ങിയ നേതൃത്വനിരയാണ് സിവില്‍ സര്‍വീസ് അക്കാദമിയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss